ടൂറിസം പ്രോത്സാഹനം: അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് സൗജന്യ കോവിഡ് ടെസ്റ്റുമായി റാസല്‍ഖൈമ

റാസല്‍ഖൈമ: കോവിഡ് 19 മഹാമാരിക്കിടയിലും വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് പുതിയ നീക്കങ്ങളുമായി റാസല്‍ഖൈമ. അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് സൗജന്യ കോവിഡ് ടെസ്റ്റ് നടത്താന്‍ തയാറെടുക്കുകയാണ് എമിറേറ്റ്. റാസല്‍ഖൈമ ടൂറിസം ഡെവലപ്‌മെന്റ് അഥോറിറ്റിയും റാക് ഹോസ്പിറ്റലും സഹകരിച്ചാണ് സൗജന്യ കോവിഡ് ടെസ്റ്റ് നടത്തുന്നത്. അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് റാക് ഹോസ്പിറ്റലിലോ, റാക് അല്‍ ഹംറ മാളിലെ റാക് മെഡിക്കല്‍ സെന്ററിലോ സൗജന്യ പിസിആര്‍ പരിശോധന ലഭ്യമാക്കിയിരിക്കുന്നു. റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്ന യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിനു മുന്‍പ് 96 മണിക്കൂറിനുള്ളില്‍ എടുത്ത സ്വാബ് പരിശോധനയുടെ നെഗറ്റീവ് കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എല്ലാ യാത്രക്കാരും എത്തുമ്പോള്‍ പിസിആര്‍ പരിശോധനക്ക് വിധേയമാവുകയും വേണം. എമിറേറ്റിന്റെ ടൂറിസം വികസിപ്പിക്കാനും കോവിഡ് പടരാതിരിക്കാനായുള്ള ശ്രമങ്ങളുടെയും ഭാഗമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും സൗജന്യമായി കോവിഡ് പരിശോധനകളും നല്‍കിയിരുന്നു. ഈ മാസം 15 മുതല്‍ ഐസിഎയുടെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ വിമാനത്താവളത്തില്‍ ഇറങ്ങാനും സാധിക്കുമെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
കൊറോണ വൈറസിന്റെ വ്യാപനത്തിനിടയിലും റാസല്‍ ഖൈമയിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനുതകുന്ന ഈ സൗജന്യ കോവിഡ് ടെസ്റ്റ് ഈ വര്‍ഷം ഡിസംബര്‍ 31വരെ ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വിനോദ സഞ്ചാരികള്‍ക്കും മറ്റുള്ളവര്‍ക്കും ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പരിശോധന അനിവാര്യമാണെന്ന് റാസല്‍ഖൈമ ടൂറിസം ഡവലപ്‌മെന്റ് അഥോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് റാകി ഫിലിപ് വെളിപ്പെടുത്തി. സഞ്ചാരികള്‍ക്ക് ഏറെ അനുയോജ്യമായ കാലാവസ്ഥയാണ് വരുംമാസങ്ങളില്‍ വരാനിരിക്കുന്നത്. അതുകൊണ്ടുതന്നെ, വിനോദസഞ്ചാര മേഖല അന്താരാഷ്ട്ര രംഗത്ത് സജീവമാക്കുകയെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.