ശൈഖ് മിഷാല്‍ പുതിയ കുവൈത്ത് കിരീടാവകാശി

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി ശെശഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് പ്രഖ്യാപിച്ചു. അമീരി ദിവാന്‍ അഫയേഴ്‌സ് മന്ത്രി ശൈഖ് അലി ജറാഹ് അല്‍ സബാഹാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
1940ല്‍ ജനിച്ച ശൈഖ് മിഷാല്‍ കുവൈത്ത് നേഷണല്‍ ഗാര്‍ഡ് ഉപമേധാവിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പുതുതായി തെരഞ്ഞെടുത്ത അമീറിന്റെ അര്‍ധ സഹോദരനും പത്താമത്തെ അമീറായിരുന്ന ശൈഖ് അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ഏഴാമത്തെ മകനുമാണ്. 1960ല്‍ ലണ്ടനിലെ ഹെന്‍ഡേന്‍ പൊലീസ് കോളേജില്‍ നിന്നും ബിരുദം നേടി. നേഷണല്‍ ഗാര്‍ഡ് ഉപ മേധാവിയാകുന്നതിനു മുന്‍പ് ആഭ്യന്തര വകുപ്പിലും പ്രതിരോധ വകുപ്പിലും വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്.
മുന്‍ അമീര്‍ ശൈഖ് സബാഹ് ചികിത്സക്കായി അമേരിക്കയിലേക്ക് പോയപ്പോള്‍ ശൈഖ് മിഷാല്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. കുവൈത്ത് ഭരണഘടന പ്രകാരം കിരീടാവകാശിയെ പ്രഖ്യാപിക്കുന്നത് പുതിയ അമീര്‍ പദവി ഏറ്റെടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ മതിയെങ്കിലും ഒരാഴ്ചക്കകം തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.