മുതിര്‍ന്ന ഇമാറാത്തി മാധ്യമ പ്രവര്‍ത്തകന്‍ ഇബ്രാഹിം അല്‍ആബിദ് അന്തരിച്ചു

    16

     

    യുഎഇ മാധ്യമ മേഖലയുടെ വഴികാട്ടി

    ദുബൈ: യുഎഇ മാധ്യമ രംഗത്തെ വഴികാട്ടിയും ഇമാറാത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായിരുന്ന ഇബ്രാഹിം അല്‍ആബിദ് അന്തരിച്ചു. 78 വയസ്സായിരുന്നു. യുഎഇ ദേശീയ മാധ്യമ കൗണ്‍സിലിന്റെ (എന്‍എംസി) ചെയര്‍മാന്റെ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിരുന്ന അല്‍ആബിദ് 42 വര്‍ഷത്തെ അര്‍പണ സേവനത്തിന് ശേഷമാണ് വിടവാങ്ങുന്നത്. ഫലസ്തീനില്‍ ജനിച്ച അല്‍ ആബിദ് 1970 കളില്‍ യുഎഇയില്‍ എത്തി. രാജ്യത്തിന്റെ ഏകീകരണത്തിന് അഞ്ച് വര്‍ഷത്തിന് ശേഷം 1976 ല്‍ എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി (വാം) സ്ഥാപിച്ചത് അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങളിലൊന്നാണ്. 1977 ല്‍ ഇത് പ്രവര്‍ത്തനം ആരംഭിച്ചു. മാധ്യമരംഗത്തെ സമര്‍പ്പിത ജീവിതത്തില്‍ ഇമാറാത്തില്‍ ഈ മേഖലയുടെ വികാസത്തിനും പരിഷ്‌കരണത്തിനും വമ്പിച്ച സംഭാവനകളാണ് അര്‍പ്പിച്ചിരുന്നത്. ലോകമാധ്യമങ്ങളുടെ സജീവ സാന്നിധ്യം മിഡില്‍ ഈസ്റ്റിലും വിശിഷ്യാ യുഎഇയിലും സാധ്യമാക്കിയത് ഇബ്രാഹിമിന്റെ പ്രവര്‍ത്തനഫലമായാണ്. യുഎഇയിലെ മാധ്യമരംഗത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തി. വിദേശ പത്രങ്ങള്‍ക്കും ലോകത്തിലെ വിവിധ ഭാഷാപത്രങ്ങള്‍ക്കും യുഎഇയില്‍ മികച്ച സ്ഥാനം നല്‍കി ഇമാറാത്തി മാധ്യമ മേഖലയെ വിപ്ലാവാത്മകമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയതില്‍ ഇബ്രാഹിം അല്‍ആബിദ് എന്ന മാധ്യമപ്രവര്‍ത്തകന്റെ ശ്രമങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ഗള്‍ഫ് ഐഡന്റിറ്റി നിലനിര്‍ത്തിയാണ് ഇവിടെ വിദേശമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. യുഎഇയില്‍ മാധ്യമ സ്വാതന്ത്ര്യത്തിന് പുതിയ രൂപവും ഭാവവും നല്‍കി അന്താരാഷ്ട്ര തലത്തില്‍ ഇമാറാത്തിന്റെ പ്രശസ്തി ഉയര്‍ത്തുന്നതിലും അദ്ദേഹം മികച്ച പങ്ക് വഹിച്ചു. അഞ്ച് പതിറ്റാണ്ടോളം സമര്‍പ്പിത മാധ്യമ പ്രവര്‍ത്തനം നടത്തിയ അല്‍ആബിദ് മരിക്കുന്നതുവരെ ദേശീയ മാധ്യമ കൗണ്‍സിലിന്റെ ചെയര്‍മാന്റെ ഉപദേശകനായി സേവനമനുഷ്ഠിച്ചു. അല്‍ ആബിദ് 1975 ല്‍ വിവര മന്ത്രാലയത്തില്‍ ചേര്‍ന്നു. 1977 ല്‍ യുഎഇ ന്യൂസ് ഏജന്‍സി (വാം) സ്ഥാപിക്കുന്നതില്‍ സംഭാവന നല്‍കി. എന്‍എംസി ഡയറക്ടര്‍ ജനറലും പിന്നീട് എന്‍എംസി ചെയര്‍മാന്റെ ഉപദേശകനുമടക്കം നിരവധി ഔദ്യോഗിക പദവികള്‍ വഹിച്ചു. പ്രൊഫഷണലിസത്തിനും വിശ്വസ്തതയ്ക്കും പേരുകേട്ട വ്യക്തിത്വം, ഈ വ്യവസായവുമായുള്ള ദീര്‍ഘകാലവും അടുത്ത ബന്ധവും, യുഎഇ നേതാക്കളുമായുള്ള അടുത്ത ബന്ധം തുടങ്ങിയവ അദ്ദേഹത്തെ വ്യത്യസ്ഥനാക്കി. യുഎഇ മാധ്യമങ്ങളുടെ തുടക്കക്കാരില്‍ ഒരാളായിരുന്നു അദ്ദേഹം. യുഎഇ മാധ്യമങ്ങള്‍ വികസിപ്പിക്കുന്നതിനായി അല്‍ ആബിദ് രാവും പകലും പ്രവര്‍ത്തിച്ചു. പ്രത്യേകിച്ചും യുഎഇ സ്ഥാപിച്ചതിന്റെ ആദ്യ ദിവസങ്ങളില്‍. തന്റെ 42 വര്‍ഷത്തെ കരിയറിലുടനീളം അല്‍ ആബിദ് ഈ മേഖലയോടുള്ള തന്റെ അഭിനിവേശവും മാറിക്കൊണ്ടിരിക്കുന്ന കാലത്തിനൊപ്പം തുടരാനുള്ള താല്‍പ്പര്യവും പ്രകടമാക്കി. പത്രപ്രവര്‍ത്തനത്തോടും അതിന്റെ ധാര്‍മ്മികതയോടും അദ്ദേഹം വിശ്വസ്തനായി തുടര്‍ന്നു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ മുന്നോട്ടുവച്ച തത്ത്വത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യത്തിന്റെയും അതിന്റെ ഭാവിയുടെയും ലക്ഷ്യങ്ങള്‍ നിറവേറ്റുന്ന ഒരു അനുരഞ്ജനവും സംവേദനാത്മകവുമായ മാധ്യമ ലോകം സ്ഥാപിക്കുന്നതില്‍ വ്യാപൃതനായി.