ഗള്‍ഫിലേക്കെത്തുന്നവര്‍ വര്‍ധിച്ചു, പോകുന്നവര്‍ കുറഞ്ഞു

വന്ദേ ഭാരത് മിഷന്‍: 17.3 ലക്ഷം പേര്‍ ഇന്ത്യയില്‍ തിരിച്ചെത്തി; 39 ദിവസത്തിനിടെ വിദേശത്തേക്ക് മടങ്ങിയത് 1.17 ലക്ഷം

റസാഖ് ഒരുമനയൂര്‍
അബുദാബി: ലോക രാജ്യങ്ങളില്‍ കോവിഡ് 19 വ്യാപകമായതിനെ തുടര്‍ന്ന് സര്‍വീസ് ആരംഭിച്ച വന്ദേ ഭാരത് മിഷന്‍ വിമാന സര്‍വീസ് പ്രയോജനപ്പെടുത്തി വിവിധ രാജ്യങ്ങളില്‍ നിന്നായി 17,36,386 പേര്‍ ഇന്ത്യയില്‍ തിരികെയെത്തി. ഈ മാസം 7വരെയുള്ള കണക്കനുസരിച്ച് 538,568 പേര്‍ എയര്‍ ഇന്ത്യ-എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളിലും 10,24,660 പേര്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉള്‍പ്പെടെ ഇതര എയര്‍ലൈനുകളിലുമാണ് തിരിച്ചെത്തിയത്.
155,309 പേര്‍ അയല്‍ രാജ്യങ്ങളില്‍ നിന്നും കര മാര്‍ഗവും 3,987പേര്‍ കപ്പല്‍ മാര്‍ഗവുമാണ് നാട്ടില്‍ മടങ്ങിയെത്തിയത്. വിവിധ രാജ്യങ്ങളിലേക്കും തിരിച്ചുമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുമായി 6,551 വിമാനങ്ങളാണ് ഇക്കാലയളവില്‍ സര്‍വീസ് നടത്തിയത്. വന്ദേ ഭാരത് മിഷന്‍ ഇതു വരെ ആറു ഘട്ടങ്ങളായാണ് സര്‍വീസ് നടത്തിയിട്ടുള്ളത്. ആറാം ഘട്ടം കഴിഞ്ഞ മാസം 21നാണ് ആരംഭിച്ചത്. 2021 മാര്‍ച്ച് 28നാണ് സമാപിക്കുക. അതേസമയം, ആറാം ഘട്ടത്തിലെ ആദ്യ 39 ദിവസത്തിനിടയില്‍ മാത്രം 117,594 പേരാണ് വിദേശങ്ങളിലേക്ക് യാത്ര ചെയ്തത്. ഇക്കാലയളവില്‍ 30,815 പേര്‍ മാത്രമാണ് ഇന്ത്യയിലേക്ക് തിരികെ എത്തിയതെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയിലേക്ക് മടങ്ങാന്‍ പതിനായിരങ്ങള്‍ അവസരം കാത്തിരുന്ന സമയത്താണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വന്ദേ ഭാരത് സര്‍വീസ് ആരംഭിച്ചത്. പത്തു ദിവസം മാത്രം നീണ്ട ആദ്യ ഘട്ടത്തില്‍ 64 വിമാനങ്ങളിലായി 12,708 പേരാണ് യാത്ര ചെയ്തത്. ഇതില്‍ 3,562 പേര്‍ ഇന്ത്യയില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് പോയവരും അവശേഷിക്കുന്ന 9,146 പേര്‍ തിരികെ ഇന്ത്യയില്‍ എത്തിയവരുമാണ്. 29 ദിവസം നീണ്ട രണ്ടാംഘട്ടത്തില്‍ 325 സര്‍വീസുകളിലായി 59,576 പേരാണ് യാത്ര ചെയ്തത്. 15,721 പേര്‍ ഇന്ത്യയില്‍ നിന്ന് വിദേശങ്ങളിലേക്ക് പറന്നവരാണ്. 25 ദിവസം നീണ്ട മൂന്നാം ഘട്ടം എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും 455 സര്‍വീസുകളാണ് നടത്തിയത്. 89,243 പേര്‍ ഈ വിമാനങ്ങളില്‍ യാത്ര ചെയ്യുകയുണ്ടായി. ഇതില്‍ 43,577പേര്‍ ഒഴികെയുള്ളവര്‍ നാട്ടിലേക്ക് മടങ്ങി എത്തിയവരാണ്.
നാലാം ഘട്ടത്തില്‍ 640 സര്‍വീസുകള്‍ നടത്തുകയുണ്ടായി. ഇതില്‍ 114,602 പേരാണ് യാത്ര ചെയ്തത്. കോവിഡ് കാലത്തെ യാത്രാ വിലക്കുകള്‍ക്ക് ഇളവ് ലഭിച്ച അവസരമെന്ന നിലക്ക് 52,574 പേര്‍ ഈ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തി വിദേശങ്ങളിലേക്ക് യാത്ര ചെയ്തു. ആദ്യ നാലു ഘട്ടങ്ങളിലും കൂടുതല്‍ പേരും ഇന്ത്യയിലേക്ക് മടങ്ങുന്നവരായിരുന്നു. എന്നാല്‍, 5-ാം ഘട്ടമായപ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങുന്നവരുടെ എണ്ണം കുറയുകയും വിദേശങ്ങളിലേക്ക്, വിശിഷ്യാ ഗള്‍ഫ് നാടുകളിലേക്ക് തിരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാവുകയും ചെയ്തു.
അഞ്ചാം ഘട്ടത്തില്‍ നടത്തിയ 738 സര്‍വീസുകളില്‍ 123,773 പേരാണ് യാത്ര ചെയ്തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി നിലനിന്നിരുന്ന കര്‍ശന യാത്രാ വിലക്കുകള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത് ഈ വിമാനങ്ങളിലാണ്. എന്നാല്‍, ഇവരിലധികവും ഗള്‍ഫ് നാടുകളിലേക്ക് മടങ്ങുന്നവരായിരുന്നു. 31 ദിവസത്തിനിടയില്‍ 75,240 പേരാണ് വിവിധ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്.
കഴിഞ്ഞ രണ്ടു മാസമായി നാട്ടിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം, നാട്ടില്‍ നിന്നും പോരുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയാണുണ്ടായിട്ടുള്ളത്. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് നാട്ടിലേക്ക് പോകുന്നതില്‍ പ്രവാസികള്‍ മടി കാട്ടിത്തുടങ്ങിയത്. നേരത്തെ, എങ്ങനെയെങ്കിലും നാട്ടില്‍ എത്തിക്കിട്ടാന്‍ പ്രാര്‍ത്ഥനയുമായി കഴിഞ്ഞിരുന്നവര്‍ ഇപ്പോള്‍ യുഎഇയില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്.
വിവിധ ഗള്‍ഫ് നാടുകളില്‍ നിന്ന് കഴിഞ്ഞ ദിവസം കേരളത്തിലേക്ക് പോയ എട്ടു വിമാനങ്ങളില്‍ ഏഴിലും യാത്രക്കാര്‍ കുറവായിരുന്നു. ദുബൈ-കണ്ണൂര്‍ വിമാനത്തില്‍ മാത്രമാണ് 145 യാത്രക്കാരുണ്ടായിരുന്നത്. ദുബൈ-കോഴിക്കോട് വിമാനത്തില്‍ വെറും 72 യാത്രക്കാര്‍ മാത്രമായിരുന്നു. അബുദാബി-കൊച്ചി വിമാനത്തില്‍ 92, മസ്‌കത്ത്-കൊച്ചി 99, ഷാര്‍ജ-കണ്ണൂര്‍ 103 എന്നിങ്ങനെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ പോയത്. 107 യാത്രക്കാരുമായി ലണ്ടനില്‍ നിന്ന് വിമാനം കൊച്ചിയിലെത്തിയപ്പോള്‍ കൊല്‍ക്കത്തയിലേക്ക് വെറും 73 പേരാണ് വന്നത്. വാരാന്ത്യങ്ങളിലെ രണ്ടു ദിവസത്തിനു പോലും നാട്ടില്‍ പോയിരുന്നവര്‍ ഉടനെയൊന്നും നാട്ടില്‍ പോകാന്‍ തീരുമാനിച്ചിട്ടില്ല.

അന്ന് കൊറോണ കൊണ്ടുവരുമെന്ന് ഭയം; ഇന്ന് തിരിച്ചും!
അബുദാബി: രണ്ടു മാസം മുന്‍പ് വരെ പ്രവാസികള്‍ നാട്ടിലെത്തുന്നത് അടുത്ത ബന്ധുക്കള്‍ പോലും ഇഷ്ടപ്പെട്ടിരുന്നില്ല. പ്രവാസികള്‍ നാട്ടില്‍ കൊറോണ പരത്തുന്നുവെന്ന അനാവശ്യ ഭീതിയാണ് എങ്ങും നിലനിന്നിരുന്നത്.
എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. നാട്ടിലാകെ കൊറോണയാണ്. പ്രിയപ്പെട്ടവര്‍ നാട്ടിലെത്തിയാല്‍ അവരെ രോഗം പിടികൂടുമോയെന്ന ആശങ്കയാണ് ബന്ധുക്കള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ, പ്രവാസികള്‍ തല്‍ക്കാലം നാട്ടിലേക്കില്ലെന്ന തീരുമാനത്തിലാണ്.

കുടുംബങ്ങളെ സന്ദര്‍ശക
വിസയിലെത്തിക്കാന്‍ തയാറെടുപ്പ്
അബുദാബി: കേരളത്തിലെ കോവിഡ് 19 പശ്ചാത്തലത്തില്‍ കുടുംബങ്ങളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരാന്‍ പ്രവാസികള്‍ തയാറെടുക്കുന്നു. ഇതിനകം പലരും കുടുംബങ്ങളെ കൊണ്ടുവന്നിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ വരുംദിവസങ്ങളില്‍ എത്തുകയും ചെയ്യും.
നിലവിലെ സാഹചര്യത്തില്‍ നാട്ടില്‍ പോകുന്നത് ബുദ്ധിയല്ല എന്നാണ് പലരും കരുതുന്നത്. നാട്ടില്‍ പോയാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യവും രോഗം പിടികൂടിയേക്കുമെന്ന ആശങ്കയും പ്രവാസികള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ, നിരവധി പ്രവാസികള്‍ കുടുംബത്തെ സന്ദര്‍ശക വിസയില്‍ കൊണ്ടുവന്ന് മൂന്നു മാസം കൂടെ നിര്‍ത്താനുള്ള തീരുമാനത്തിലാണ്.