ഇത്തിഹാദ് റോഡില്‍ ബൈക്കില്‍ അഭ്യാസം നടത്തിയ യുവാക്കളെ പൊലീസ് തിരയുന്നു

    ദുബൈ: ഉമ്മുല്‍ഖുവൈനില്‍ ഇത്തിഹാദ് റോഡില്‍ സ്റ്റണ്ട് പോലുള്ള അഭ്യാസം നടത്തിയ ഒരു കൂട്ടം മോട്ടോര്‍ ബൈക്ക് യാത്രക്കാരെ പൊലീസ് അന്വേഷിക്കുന്നു. മോട്ടോര്‍ ബൈക്കില്‍ അപകടകരമായ രീതിയില്‍ പ്രകടനം നടത്തുന്ന യുവാക്കളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസ് നടപടിക്കൊരുങ്ങുകയായിരുന്നു. ഉമ്മുല്‍ഖുവൈന്‍ ട്രാഫിക് പൊലീസാണ് നടപടി സ്വീകരിക്കുന്നത്. വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍രെ സ്ഥലവും സമയവും കണ്ടെത്തിയതായി ഉമ്മുല്‍ഖുവൈന്‍ പൊലീസ് ട്രാഫിക്-പട്രോളിംഗ് വിഭാഗം ഡയറക്ടര്‍ കേണല്‍ സയീദ് ഉബൈദ് ബിന്‍ അരാന്‍ പറഞ്ഞു. റോഡില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിലൂടെ വീഡിയോകള്‍ പരിശോധിക്കും കൂടാതെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും റോഡ് ഉപയോക്താക്കളുടെ സുരക്ഷ അപകടത്തിലാക്കിയതിനും മോട്ടോര്‍ ബൈക്ക് യാത്രക്കാരെ വിളിച്ച് പിഴ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.15 ന് ഒരു കുടുംബം ഷാര്‍ജയിലെ ഹമ്രിയയില്‍ നിന്ന് ഉമ്മുല്‍ഖുവൈനിലെ സലാമയിലേക്ക് യാത്ര ചെയ്യുന്നതിനിടെ കാറില്‍ നിന്നും പകര്‍ത്തിയ വീഡിയോയാണ് പൊലീസ് തുണയായത്. ഒരു ടയറില്‍ മോട്ടോര്‍ ബൈക്ക് ഓടിച്ച് റോഡിന് നടുവില്‍ അപകടകരമായ സ്റ്റണ്ടുകള്‍ ചെയ്യുന്നത് അവരെ അത്ഭുതപ്പെടുത്തിയിരുന്നു. പിന്നിലെ വാഹനങ്ങള്‍ക്ക് മുന്നില്‍ കയറാനാവാത്ത വിധം യുവാക്കള്‍ ഗതാഗത തടസ്സവും സൃഷ്ടിച്ചിരുന്നു. ഇതിനിടെ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരില്‍ ഒരാളുടെ ബൈക്ക് തെറിച്ചുവീഴുകയും അയാള്‍ റോഡിന് നടുവില്‍ വീഴാന്‍ പോകുകയും ചെയ്തതിനാല്‍ ബാലന്‍സ് നഷ്ടപ്പെട്ടു. ഇത്തരം സാഹസങ്ങള്‍ നടുറോഡില്‍ കാണിക്കുന്ന ഡ്രൈവര്‍മാരോട് ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും കേണല്‍ അരാന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.