കെഎംസിസി പ്രവര്‍ത്തകര്‍ സ്വന്തത്തെ മറന്ന് മറ്റുള്ളവര്‍ക്കായ് സമര്‍പ്പിക്കപ്പെട്ട ത്യാഗികള്‍: ഇ.ടി

28
യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ജന.സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നിസാര്‍ തളങ്കരക്ക് ഷാര്‍ജ കെഎംസിസി ചീഫ് പാട്രണ്‍ ശൈഖ് അബ്ദുല്‍ അസീസ് ഹുമൈദ് സഖര്‍ അല്‍ ഖാസിമി ഉപഹാരം സമ്മാനിക്കുന്നു. ടി.കെ അബ്ദുല്‍ ഹമീദ്, അബ്ദുല്ല മല്ലച്ചേരി, കെ.ടി.കെ മൂസ, സൈദ് മുഹമ്മദ് തഖ്‌വ സമീപം.

ഷാര്‍ജ: സ്വന്തത്തെ മറന്ന് മറ്റുള്ളവര്‍ക്കായ് സമര്‍പ്പിക്കപ്പെട്ട ത്യാഗികളാണ് ഗള്‍ഫ് നാടുകളില്‍ കോവിഡ് 19 മൂര്‍ധന്യ കാലയളവില്‍ വിശ്രമമമില്ലാതെ പ്രവര്‍ത്തിച്ച കെഎംസിസി പ്രവര്‍ത്തകരെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗ.സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ഷാര്‍ജ കെഎംസിസി സംഘടിപ്പിച്ച ‘സല്യൂട്ട് ദി സ്റ്റാര്‍സ്’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം പകച്ചു പോയ ദിന-രാത്രങ്ങളായിരുന്നു കോവിഡ് 19 തുടക്ക കാലം. സകലരും അകത്തളങ്ങളിലേക്ക് ഒതുങ്ങിയ ദിനങ്ങള്‍. മഹാമാരി പടര്‍ന്നു പിടിക്കുമ്പോഴും ഒരു പ്രതിഫലവും കാംക്ഷിക്കാതെ മറ്റുള്ളവര്‍ക്കായി സേവന സന്നദ്ധരാവുകയെന്നത് വലിയ ത്യാഗമാണ്. അതും, ജീവിതം കരുപിടിപ്പിക്കാനായി ചേക്കേറിയ മറ്റൊരു രാജ്യത്ത്. ആ രാജ്യത്തിന്റെ നിയമങ്ങളനുസരിച്ച്, ഉദ്യോഗസ്ഥരോടൊപ്പം ചേര്‍ന്നു നിന്ന്, ഭരണകൂടങ്ങളുടെ പോലും പ്രശംസക്ക് പാത്രമാകുന്ന രീതിയില്‍ സേവനം ചെയ്ത കെഎംസിസി പ്രവര്‍ത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അവര്‍ക്കായി പ്രാര്‍ത്ഥനയല്ലാതെ മറ്റൊന്നും തനിക്ക് പകരമായി നല്‍കാനില്ലെന്നും ഇ.ടി പറഞ്ഞു.
വെര്‍ച്വല്‍ മീറ്റായി നടന്ന ചടങ്ങില്‍ ഷാര്‍ജ കെഎംസിസി പ്രസിഡന്റ് ടി.കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ജന.സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നിസാര്‍ തളങ്കരക്ക് പരിപാടിയില്‍ സ്വീകരണം നല്‍കി. ഷാര്‍ജ കെഎംസിസി ചീഫ് പാട്രണ്‍ ശൈഖ് അബ്ദുല്‍ അസീസ് ഹുമൈദ് സഖര്‍ അല്‍ ഖാസിമി മുഖ്യാതിഥിയായിരുന്നു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. കെഎംസിസിയുടെയും മാതൃ പ്രസ്ഥാനത്തിന്റെയും പ്രശസ്തി വാനോളമായുയര്‍ത്താന്‍ കോവിഡിന്റെ ആദ്യ കാലയളവില്‍ കെഎംസിസി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധ്യമായെന്ന് മുനവ്വര്‍ അലി തങ്ങള്‍ പറഞ്ഞു.
ഷാര്‍ജ കെഎംസിസി കോവിഡ് ഹെല്‍പ് ഡെസ്‌ക്, വളണ്ടിയര്‍ വിംഗ്, മെഡിക്കല്‍, അതിജീവനം, വനിതാ വളണ്ടിയര്‍ വിംഗ് അംഗങ്ങളെ ഉപഹാരം നല്‍കി ആദരിച്ചു. യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍ അനുമോദന പ്രഭാഷണം നടത്തി. യുഎഇ കെഎംസിസി ട്രഷറര്‍ യു.അബ്ദുല്ല ഫാറൂഖി, സീനിയര്‍ വൈസ് പ്രസിഡന്റ് അഷ്‌റഫ് പള്ളിക്കണ്ടം, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ജന.സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, കെഎംസിസി കേന്ദ്ര സെക്രട്ടറി മുസ്തഫ മുട്ടുങ്ങല്‍ പ്രസംഗിച്ചു. ഷാര്‍ജ കെഎംസിസി ഭാരവാഹികളായ കബീര്‍ ചാന്നാങ്കര, അബ്ദുല്ല ചേലേരി, കെ.അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ബഷീര്‍ ഇരിക്കൂര്‍, സക്കീര്‍ കുമ്പള, മുജീബ് തൃക്കണാപുരം പരിപാടിക്ക് നേതൃത്വം നല്‍കി. അബ്ദുല്ല കമാംപാലം, യാസര്‍, സമീര്‍ ഇരുമ്പന്‍ സാങ്കേതിക നിയന്ത്രണം നിര്‍വഹിച്ചു. ഷാര്‍ജ കെഎംസിസി ജന.സെക്രട്ടറി കെ.ടി.കെ മൂസ സ്വാഗതവും ട്രഷറര്‍ സൈദ് മുഹമ്മദ് നന്ദിയും പറഞ്ഞു.

 

നിസാര്‍ തളങ്കരക്ക് ഉജ്വല സ്വീകരണം നല്‍കി

ഷാര്‍ജ: യുഎഇ കെഎംസിസി കേന്ദ്ര ജന.സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നിസാര്‍ തളങ്കരക്ക് ഷാര്‍ജ കെഎംസിസിയുടെ ഉജ്വല സ്വീകരണം. ഷാര്‍ജ കെഎംസി സംഘടിപ്പിച്ച ‘സല്യൂട്ട് ദി സ്റ്റാര്‍സ്’ വെര്‍ച്വല്‍ മീറ്റില്‍ ചീഫ് പാട്രണും സ്വദേശി പ്രമുഖനുമായ ശൈഖ് അബ്ദുല്‍ അസീസ് ഹുമൈദ് സഖര്‍ അല്‍ ഖാസിമി ഷാര്‍ജ കെഎംസിസിയുടെ ഉപഹാരം നിസാര്‍ തളങ്കരക്ക് സമ്മാനിച്ചു.
പരിപാടി ഉദ്ഘാടനം ചെയ്ത മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗ.സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നിസാര്‍ തളങ്കരയുടെ പിതാവും എസ്.ടി.യു നേതാവുമായിരുന്ന അന്തരിച്ച മജീദ് തളങ്കരയുമായുള്ള അടുപ്പം പങ്കു വെച്ചാണ് സംസാരിച്ചത്. നിസാര്‍ തളങ്കരയുടെ ഓരോ ഉയര്‍ച്ചയും ഒരു മകന്റെ വളര്‍ച്ച കാണുന്ന പിതാവിന്റെ സ്‌നേഹ വായ്‌പോടെയാണ് താന്‍ വീക്ഷിക്കുന്നതെന്ന് ഇ.ടി പറഞ്ഞു. ”മജീദ് തളങ്കര എനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനും മാര്‍ഗദര്‍ശിയുമായിരുന്നു. നിഷ്‌കളങ്കമായും ലളിതമായും എല്ലാവരോടും ഇടപഴകിയ മജീദ് തളങ്കരയുടെ നേതൃഗുണങ്ങളെല്ലാം പുത്രനായ നിസാര്‍ തളങ്കരയില്‍ കാണുന്നു. യുഎഇ കെഎംസിസിയെ ശാസ്ത്രീയമായി കൂടുതല്‍ സുസംഘടിതമാക്കാന്‍ നിസാര്‍ തളങ്കര ഉള്‍ക്കൊള്ളുന്ന ടീമിന് സാധിക്കുമെന്നും ഇ.ടി പ്രത്യാശിച്ചു.