വിദേശങ്ങളില്‍ നിന്നും വരുന്ന സ്വദേശികള്‍ക്ക് കോവിഡ് പരിശോധന വേണ്ട—- ദുബൈയിലേക്കും തിരിച്ചുമുള്ള യാത്രാ പ്രോട്ടോകോളുകളില്‍ മാറ്റം

    ദുബൈ: വിദേശ നാടുകളില്‍ നിന്നും ദുബൈയിലേക്കും ഇവിടെ നിന്നും തിരിച്ചുമുള്ള യാത്രകള്‍ക്കുള്ള പ്രോട്ടോകോളുകളില്‍ മാറ്റം വരുത്തി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ നിര്‍ദേശ പ്രകാരമാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുന്‍കരുതല്‍ നടപടികളില്‍ വിട്ടുവീഴ്ച ചെയ്യാതെ യാത്രക്കാര്‍ക്ക് തടസ്സങ്ങള്‍ ലഘൂകരിക്കാനും അധിക നടപടിക്രമങ്ങളില്‍ നിന്ന് പൗരന്മാരെ ഒഴിവാക്കാനുമാണ് പ്രോട്ടോക്കോളുകളിലെ പരിഷ്‌കാരങ്ങള്‍ ലക്ഷ്യമിടുന്നത്. ഈ നിര്‍ദേശപ്രകാരം ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലുള്ള ക്രൈസിസ് മാനേജ്‌മെന്റ് സമിതി ഇമാറാത്തികള്‍ക്കും താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ദുബൈയിലേക്കും പുറത്തേക്കുമുള്ള പുതിയ യാത്രാ പ്രോട്ടോക്കോളുകള്‍ പ്രഖ്യാപിച്ചു. പുതുക്കിയ പ്രോട്ടോക്കോള്‍ പ്രകാരം വിദേശത്ത് നിന്ന് ദുബൈയിലേക്ക് മടങ്ങുന്ന ഇമാറാത്തികള്‍ക്ക് പുറപ്പെടുന്നതിന് മുമ്പ് പിസിആര്‍ പരിശോധന നടത്തേണ്ടതില്ല. എന്നാല്‍ അവര്‍ വരുന്ന രാജ്യം അവിടെ ചെലവഴിച്ച സമയം എന്നിവ കണക്കിലെടുക്കാതെ ദുബായിലെത്തുമ്പോള്‍ അവര്‍ക്ക് പിസിആര്‍ പരിശോധന നടത്തണം. എല്ലാ താമസക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ദുബൈയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പിസിആര്‍ പരിശോധന നടത്തേണ്ടതുണ്ട്. കൂടാതെ ചില രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ ദുബൈയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പിസിആര്‍ പരിശോധന നടത്തേണ്ടതുണ്ട്. എത്തിച്ചേരുന്ന രാജ്യം ആവശ്യപ്പെടുന്നെങ്കില്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് പ്രീ-ട്രാവല്‍ ടെസ്റ്റും നിര്‍ബന്ധമാണ്. ലക്ഷ്യസ്ഥാന രാജ്യത്തിന് പ്രീ-ട്രാവല്‍ നെഗറ്റീവ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടെങ്കില്‍ പുറപ്പെടുന്നതിന് മുമ്പ് ഇമാറാത്തികള്‍ക്കും താമസക്കാര്‍ക്കും ദുബൈയില്‍ നിന്ന് വിദേശത്തേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ക്കും പിസിആര്‍ പരിശോധനക്ക് വിധേയരാകേണ്ടതുണ്ട്. ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി മുന്‍കരുതല്‍ നടപടികള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രോട്ടോകള്‍ എന്ന്് ദുരന്തനിവാരണ സുപ്രീം സമിതി പറഞ്ഞു.
    യാത്രക്കാരുടെയും വിമാന ക്രൂവിന്റെയും എയര്‍പോര്‍ട്ട് ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ ദുബൈ വിമാനത്താവളങ്ങളിലും നടപ്പാക്കുന്നുണ്ട്.