പാം ജുമൈറയില്‍ ഇനി വര്‍ണപ്പെരുമഴ– ഏറ്റവും വലിയ വാട്ടര്‍ ഫൗണ്ടെയിന്‍ പാമില്‍ ഒരുങ്ങുന്നു

    ദുബൈ: ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ വാട്ടര്‍ ഫ്രണ്ട് ഏരിയയില്‍, പാം ജുമൈറയില്‍ പുതുപുത്തന്‍ വര്‍ണപ്രപഞ്ചം തീര്‍ത്ത് ദി പാം ഫൗണ്ടെയിന്‍ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ ഫൗണ്ടെയിന്‍ ഒക്ടോബര്‍ 22ന് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുകയാണ്. ദി പാം ഫൗണ്ടെയിന്റെ വര്‍ണവിസ്മയങ്ങള്‍ ജലകണങ്ങളായി ആകാശത്തേക്ക് ഉയരുമ്പോള്‍ മറ്റൊരു അത്ഭുതമായി അത് ഗിന്നസില്‍ ഇടം പിടിക്കും.
    14,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ ഫൗണ്ടെയിനില്‍ സൂപ്പര്‍ ഷൂട്ടര്‍ 105 മീറ്ററില്‍ ഉയരത്തിലേക്ക് കുതിക്കും. മൂവായിരത്തിലധികം എല്‍ഇഡി ലൈറ്റുകള്‍ പുതിയ വര്‍ണപ്രപഞ്ചം ഒരുക്കും. ഇത്തരത്തിലുള്ള ദുബൈയിലെ ആദ്യത്തെ വര്‍ണ്ണ ജലധാരയാണിത്. മാത്രമല്ല ആകാശത്തെ ലക്ഷ്യമാക്കിയുള്ള ദുബൈ നഗരത്തിന്റെ കുതിപ്പിന്റെയും അഭിലാഷത്തിന്റെയും ആഘോഷമാണിത്. ഉദ്ഘാടന ദിവസം ദി പോയിന്റിലെ സന്ദര്‍ശകരെ ഒരു ദിവസം മുഴുവന്‍ ഉത്സവങ്ങള്‍ ആസ്വദിക്കാന്‍ സംഘാടകര്‍ ക്ഷണിക്കുന്നു. ദി പോയിന്റിലെ റെസ്റ്റോറന്റുകളില്‍ എല്ലാ ദിവസവും ഇവന്റുകളും മത്സരങ്ങളും നടക്കും. ഡിജെ സെറ്റുകളുടെ അകമ്പടിയോടെ വ്യത്യസ്ത കലാപ്രകടനങ്ങള്‍ നടക്കും. വിനോദസഞ്ചാരികള്‍ക്കും പാമിലെ താമസക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാനും ഉല്ലസിക്കാനും ഉതകുന്ന രീതിയിലാണ് പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. ദുബൈയുടെ ലോകപ്രശസ്ത ലാന്‍ഡ്മാര്‍ക്കുകളുടെ പട്ടികയില്‍ അവിശ്വസനീയമായ മറ്റൊരു കൂട്ടിച്ചേര്‍ക്കലാണ് പാം ഫൗണ്ടെയിന്‍. ഇത് താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ആകര്‍ഷകമാകുമെന്ന് ഉറപ്പാണെന്ന് പാം ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് സിഇഒ അഹമ്മദ് അല്‍ ഖാജ പറഞ്ഞു. പാം ഫൗണ്ടെയ്നില്‍ 20 ഷോകള്‍ ഉണ്ടായിരിക്കും. അഞ്ച് വ്യത്യസ്ത ഷോകള്‍ ദിവസവും വൈകുന്നേരം 7നും അര്‍ദ്ധരാത്രിക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ ഖലീജി, പോപ്പ്, ക്ലാസിക്, ഇന്റര്‍നാഷണല്‍ എന്നിവയും അതിലേറെയും ജനപ്രിയ ഗാനങ്ങളുടെ ഒരു നിരയുമുണ്ടായിരിക്കും. ഓരോ ഷോയും മൂന്ന് മിനിറ്റ് നീണ്ടുനില്‍ക്കും. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ മെന സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഷാഡി ഗാഡ് പറഞ്ഞു-ദുബൈയിലെ ഈ നഗരത്തെ ആകര്‍ഷകമാക്കുന്ന ആകര്‍ഷണങ്ങളുടെ നീണ്ട പട്ടികയില്‍ ഇത് ഒരു മികച്ച കൂട്ടിച്ചേര്‍ക്കലാണിത്. ഏറ്റവും വലിയ ജലധാര പരിശോധിക്കുന്ന പ്രക്രിയയിലാണ് ഞങ്ങള്‍. ഒക്ടോബര്‍ 22 ന് രാത്രി 8 മുതല്‍ ദി പോയിന്റിലെ 30 വ്യത്യസ്ത റെസ്റ്റോറന്റുകളില്‍ നിന്ന് കാഴ്ചക്കാര്‍ക്ക് ദി പാം ഫൗണ്ടെയിന്‍ ഷോയുടെ കാഴ്ചകള്‍ ആസ്വദിക്കാനാകും. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടിയിലേക്കുള്ള രജിസ്‌ട്രേഷന്‍ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുന്നു.