വളര്‍ത്തു മൃഗങ്ങളുടെ സ്‌നേഹം ജീവിത വിജയത്തെ സ്വാധീനിക്കും

106
ഡോ. മാര്‍ഗരറ്റ് മുള്ളര്‍

ഡോ. മാര്‍ഗരറ്റ് മുള്ളറുടെ പുസ്തകം ശ്രദ്ധയാകര്‍ഷിക്കുന്നു

അബുദാബി: ‘നിങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ നിങ്ങള്‍ക്കുള്ള ആശ്വാസമാണ്’ എന്ന ശീര്‍ഷകത്തില്‍ അബുദാബി ഫാല്‍കണ്‍ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മാര്‍ഗരറ്റ് മുള്ളര്‍ രചിച്ച ഇംഗ്‌ളീഷ് പുസ്തകം ശ്രദ്ധയാകര്‍ഷിക്കുന്നു. പോറ്റു മൃഗങ്ങളെ പരിപാലിക്കുന്നതിലൂടെ ആനന്ദകരവും ആരോഗ്യകരവുമായ ജീവിതം എങ്ങനെ സൃഷ്ടിച്ചെടുക്കാമെന്ന അവബോധം ഗ്രന്ഥകര്‍ത്രി അനുവാചക ഹൃദയങ്ങളില്‍ കോറിയിടുന്നു. നായ, പൂച്ച, മുയല്‍, മത്സ്യങ്ങള്‍ തുടങ്ങി വിവിധയിനം ജീവികളെ പരിപാലിക്കുന്നതിലൂടെ സന്തോഷവും വിജയവും ആരോഗ്യവും ലഭിക്കുന്നുവെന്ന് മാത്രമല്ല, ശാരീരികവും മാനസികവുമായ വെല്ലുവിളികളെ എങ്ങനെ തരണം ചെയ്യാമെന്നും ഈ പുസ്തകത്തില്‍ ഡോ. മാര്‍ഗരറ്റ് നിര്‍ദേശിക്കുന്നു. മൂന്നു ഭാഗങ്ങളായാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം ഭാഗത്തില്‍ വളര്‍ത്തു മൃഗങ്ങളും സന്തോഷവും, വളര്‍ത്തു മൃഗങ്ങളും ആരോഗ്യവും, വളര്‍ത്തു മൃഗങ്ങളും വിജയവും എന്നിങ്ങനെയാണ് വിഷയങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. വളര്‍ത്തു മൃഗങ്ങള്‍ നമുക്ക് നല്‍കുന്ന നിരുപാധികമായ സ്‌നേഹവും കൂറും നമ്മുടെ ജീവിത വിജയത്തെ വലിയ രൂപത്തില്‍ സ്വാധീനിക്കുന്നുവെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.


വളര്‍ത്തു മൃഗങ്ങളുടെ പരിപാലനത്തിലൂടെ കോവിഡ് 19 സൃഷ്ടിച്ച ഒറ്റപ്പെടലില്‍ നിന്നും ഏകാന്തതയില്‍ നിന്നും മനുഷ്യന് രക്ഷ നേടാന്‍ കഴിയുമെന്നും സാമൂഹിക അരക്ഷിതാവസ്ഥയുണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും സ്വതന്ത്രരാവാനും സാധിക്കുമെന്നും ഈ പുസ്തകത്തില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗ്രന്ഥകര്‍ത്താവ് സമര്‍ത്ഥിക്കുന്നു.
വെറ്ററിനറി മെഡിസിനില്‍ 25ലധികം വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഡോ. മുള്ളര്‍ നിലവില്‍ ഫാല്‍കണ്‍ മെഡിസിനില്‍ ആഗോള ശ്രദ്ധയാകര്‍ഷിച്ച അബുദാബി ഫാല്‍കണ്‍ ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യന്‍ കൂടിയാണ്. പ്രസ്തുത മേഖലയിലെ അറിയപ്പെടുന്ന പ്രഭാഷകയും ലൈഫ് കോച്ചുമാണ്. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെ രജിസ്റ്റര്‍ ചെയ്ത ആഗോള വെറ്ററിനറി ഡോക്ടര്‍മാരുടെ സഘടനയില്‍ അംഗവും വെറ്ററിനറി മെഡിസിനില്‍ ഒന്നിലധികം ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.