ലുലുവിന്റെ ഓഹരി വാങ്ങാന്‍ തയാറെടുത്ത് സൗദി

ദുബൈ: 55,800 കോടി രൂപ (7.4 ബില്യന്‍ യുഎസ് ഡോളര്‍) ടേണോവറുള്ള മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ റീടെയില്‍ ബിസിനസ് ഗ്രൂപ്പായ ലുലുവിന്റെ ഓഹരിയില്‍ ചെറിയൊരു ഭാഗം വാങ്ങാനുള്ള ചര്‍ച്ചകള്‍ സഊദി അറേബ്യന്‍ പരമാധികാര നിധിയായ പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) നടത്തി വരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ഇതിന്റെ തുകയോ, അന്തിമ ഇടപാടു തീയതിയോ ഇതു വരെ വ്യക്തമാക്കപ്പെട്ടിട്ടില്ല.
സഊദി അറേബ്യന്‍ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് പിഐഎഫ് ചെയര്‍മാന്‍. പിഐഎഫിന് 26,00,000 കോടിയി(360 ബില്യന്‍ യുഎസ് ഡോളര്‍)ലധികം ആസ്തിയുണ്ട്. നൂണ്‍ ഡോട്ട് കോം അടക്കം നിരവധി വന്‍ കമ്പനികളില്‍ പിഐഎഫ് നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ റീടെയില്‍ വിഭാഗത്തില്‍ ഒരു ഓഹരി വാങ്ങാന്‍ അടുത്തിടെ പിഐഎഫിനെ റിലയന്‍സ് സമീപിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ ലുലു ഗ്രൂപ് മാര്‍ക്കറ്റിംഗ് ആന്റ് കമ്യൂണികേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ”ഒരു പോളിസിയെന്ന നിലയില്‍ വിപണി ഊഹങ്ങളെയും മാധ്യമ കിംവദന്തികളെയും കുറിച്ച് ഞങ്ങള്‍ ഒരിക്കലും അഭിപ്രായം പറയില്ല. കോര്‍പറേറ്റ് അപ്‌ഡേറ്റുകള്‍ ഔദ്യോഗിക ആശയ വിനിമയ ഉപാധികളിലൂടെ മാധ്യമങ്ങളെ അറിയിക്കും” -അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ, അബുദാബി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിക്ഷേപ കമ്പനിയായ എഡിക്യു ഇന്ത്യന്‍, ഖത്തര്‍ ഓപറേഷന്‍സ് ഒഴികെയുള്ള ലുലു ഗ്രൂപ് ബിസിനസുകളില്‍ 1.1 ബില്യന്‍ യുഎസ് ഡോളര്‍ (8,000 കോടി രൂപ) നിക്ഷേപിച്ചിരുന്നു. ജോര്‍ദാന്‍, ഇറാഖ്, മൊറോക്കോ എന്നിവിടങ്ങളിലെ പുതിയ വിപണികളില്‍ ലുലു ബിസിനസുകള്‍ വ്യാപിപ്പിക്കാന്‍ ഈ പണം വിനിയോഗിക്കുന്നു.
ഈ മേഖലയിലെ ഏറ്റവും വലിയ നിക്ഷേപ കമ്പനികളിലൊന്നാണ് ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍നഹ്‌യാന്‍ (അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ സഹോദരനും രാജകുടുംബാംഗവും) അധ്യക്ഷനായ എഡിക്യു.
ലുലു ഗ്രൂപ്പിന്റെ ശക്തിയില്‍ റൂളിംഗ് ഫാമിലികളും വന്‍ നിക്ഷേപങ്ങളും പ്രകടിപ്പിക്കുന്ന ആത്മവിശ്വാസമാണ് ഈ നിക്ഷേപങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ യൂസുഫലി എംഎ പറഞ്ഞു. ലോകമെമ്പാടുമുള്ള ഷോപ്പിംഗ് സെന്ററുകള്‍, ഹൈപര്‍ മാര്‍ക്കറ്റുകള്‍, ഹോസ്പിറ്റാലിറ്റി ബിസിനസുകള്‍ എന്നിവ ലുലു നടത്തുന്നു.
ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ കണക്കുകള്‍: 7.4 ബില്യന്‍ യുഎസ് ഡോളര്‍ (55,800 കോടി രൂപ) വാര്‍ഷിക വിറ്റുവരവുള്ള ലുലു ഗ്രൂപ് ലോകമെമ്പാടുമുള്ള ഷോപ്പിംഗ് സെന്ററുകള്‍, ഹൈപര്‍ മാര്‍ക്കറ്റുകള്‍, ഹോസ്പിറ്റാലിറ്റി ബിസിനസുകള്‍ എന്നിവ നടത്തുന്നു. 194 ഹൈപര്‍ മാര്‍ക്കറ്റുകള്‍, 55000ത്തിലധികം ജീവനക്കാര്‍, 22 രാജ്യങ്ങളില്‍ പ്രതിദിനം 1.6 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ ലുലുവിനുണ്ട്. ചില്ലറ വ്യാപാരത്തിന് പുറമെ, ഭക്ഷ്യ സംസ്‌കരണം, ഹോസ്പിറ്റാലിറ്റി (ഗ്രാന്‍ഡ് ഹയാത്ത്, ഇന്ത്യയിലെ മാരിയറ്റ്, ഒമാനിലെ ഷെറാട്ടണ്‍, ലണ്ടന്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് തുടങ്ങിയവ), ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്നിവയില്‍ ലുലുവിന് ബിസിനസ് താല്‍പര്യമുണ്ട്.