മലിനജല ശുദ്ധീകരണ പ്ലാന്റില്‍ റിമോട്ട് കണ്‍ട്രോള്‍ സംവിധാനം

    ദുബൈ: ജബല്‍ അലിയിലുള്ള കൂറ്റന്‍ മലിനജല ശുദ്ധീകരണ പ്ലാന്റില്‍ ഏര്‍പ്പെടുത്തിയ റിമോട്ട് കണ്‍ടോള്‍ സംവിധാനം ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്രി ഉദ്ഘാടനം ചെയ്തു. മലിനജല സംവിധാനത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ റൂം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും മലിനജല ലൈനുകള്‍, വാല്‍വുകള്‍, പമ്പുകള്‍, ഇലക്ട്രിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ പാനലുകള്‍ എന്നിവ ഉള്‍പ്പെടുന്ന വിവിധ ഘടകങ്ങളുടെ പ്രവര്‍ത്തനവും നിയന്ത്രണവും അദ്ദേഹം നിരീക്ഷിച്ചു. സംവിധാനത്തിന്റെ നിയന്ത്രണത്തെക്കുറിച്ച് വിശദീകരണം അല്‍ ഹജ്രി കേട്ടു. നെറ്റ്‌വര്‍ക് ലൈനുകളില്‍ എന്തെങ്കിലും പൊട്ടലുകള്‍ കണ്ടെത്തുകയോ അതിന്റെ വാല്‍വുകള്‍, പമ്പുകള്‍, മറ്റ് ഘടകങ്ങള്‍ എന്നിവയില്‍ എന്തെങ്കിലും തകരാറുകള്‍ കണ്ടെത്തുകയോ ചെയ്താല്‍ ആവശ്യമായ സാങ്കേതിക തീരുമാനങ്ങള്‍ എളുപ്പത്തില്‍ സ്വീകരിക്കാനാവും. സര്‍ക്കാര്‍ സഹായത്തോടെ പൂര്‍ത്തിയാക്കിയ സംവിധാനത്തിന് ഏറെ പ്രസക്തിയുണ്ട്. കൂറ്റന്‍ മലിനജല ശുദ്ധീകരണ പ്ലാന്റ് നിയന്ത്രിക്കാനും മറ്റു ജോലികള്‍ എളുപ്പത്തില്‍ നിര്‍വഹിക്കാനും ആധുനിക ക്രമീകരണങ്ങള്‍ അനിവാര്യമാണ്. ഇതിനുള്ള മികച്ച ആപ്ലികേഷനുകള്‍ നടപ്പാക്കിയിട്ടുണ്ട്. ദുബൈയിലെ മലിനജല സംവിധാനത്തിന് മൂന്ന് മില്ല്യണ്‍ ലീനിയര്‍ മീറ്റര്‍ വരെ വ്യാസമുള്ള നീളമുള്ള മലിനജല ശൃംഖലയുണ്ട്. 56 സബ് പമ്പിംഗ് സ്റ്റേഷനുകളും 10 പ്രധാന പമ്പിംഗ് സ്റ്റേഷനുകളുമുണ്ട്. ജബല്‍ അലിയിലും വാര്‍സനിലുമാണ് രണ്ട് മലിനജല ശുദ്ധീകരണ പ്ലാന്റുകളുമുള്ളത്. ഡാറ്റ വിശകലനത്തിനും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിനും റിമോട്ട് മോണിറ്ററിംഗ് എളുപ്പത്തിലാക്കുന്നു. മാത്രമല്ല അറ്റകുറ്റപണികള്‍ എളുപ്പത്തിലാക്കാനും ആസുത്രണം ചെയ്യുന്നതിനും കൂടാതെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും പുതിയ സംവിധാനം ഗുണകരമായതായി അല്‍ഹജ്രി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വകുപ്പുകള്‍ എന്നിവയില്‍ സ്മാര്‍ട്ട് ആപ്ലികേഷനുകള്‍ വ്യാപിക്കുന്നതിന്റെ ഭാഗമായി ദുബൈ മുനിസിപ്പാലിറ്റി കൂടുതല്‍ മേഖലയിലെക്ക് ഇത് വ്യാപിപ്പിക്കുകയാണ്.