പണമടങ്ങിയ ബാഗ് തിരികെ നല്‍കിയ ആര്‍ടിഎ ഡ്രൈവര്‍ക്ക് ആദരം

    ആര്‍ടിഎ ചീഫ് മത്തര്‍ അല്‍തായറില്‍ നിന്നും നൂര്‍ഖാന്‍ പ്രശംസാപത്രം സ്വീകരിക്കുന്നു

    ദുബൈ: പണമടങ്ങിയ ബാഗ് അധികാരികളെ ഏല്‍പിച്ച് സത്യസന്ധത പ്രകടിപ്പിച്ച ആര്‍ടിഎ ഡ്രൈവര്‍ക്ക് ആദരം. ആര്‍ടിഎയുടെ നൂര്‍ഖാന്‍ എന്ന ഡ്രൈവറാണ് 2,50,000 ദിര്‍ഹം അടങ്ങിയ ബാഗ് തിരികെ ഏല്‍പിച്ചത്. നൂര്‍ഖാന്‍ ഓടിച്ചിരുന്ന ബസ്സിന്റെ ട്രിപ്പ് കഴിഞ്ഞ് ഇറങ്ങുന്നതിനിടയിലാണ് സീറ്റില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ് കാണുന്നത്. ഉടനെ തന്നെ ബാഗെടുത്ത് സുപ്പര്‍വൈസറെ ഏല്‍പിച്ചു. തുടര്‍ന്ന് ആര്‍ടിഎ അധികാരികള്‍ ഉടമസ്ഥനെ കണ്ടെത്തി ബാഗ് എത്തിക്കുകയായിരുന്നു. ആര്‍ടിഎ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് ചെയര്‍മാനുമായ മത്തര്‍ മുഹമ്മദ് അല്‍തായര്‍ ബസ് ഡ്രൈവര്‍ കാണിച്ച സത്യന്ധതക്ക് നൂര്‍ഖാനെ ആദരിച്ചു. ആര്‍ടിഎ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി സിഇഒ; അഹമ്മദ് ബഹ്്‌റോസിയാന്‍ സന്നിഹിതനായിരുന്നു. യാതൊരു മടിയും കൂടാതെ ബാഗ് തിരികെ ഏല്‍പിച്ച് നൂര്‍ഖാന്‍ പ്രകടിപ്പിച്ചത് പ്രൊഫഷണല്‍ എതിക്‌സാണെന്ന് അല്‍തായര്‍ പറഞ്ഞു. ആര്‍ടിഎ ജീവനക്കാര്‍ കാണിക്കുന്ന ഈ അച്ചടക്കത്തില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ ദിവസവും ആയിരക്കണക്കിന് യാത്രക്കാരോട് മാന്യമായി പെരുമാറുന്ന ഡ്രൈവര്‍മാര്‍ ആര്‍ടിഎക്ക് കൂടുതല്‍ തിളക്കം കൂട്ടുന്നു. ഇത്തരം നടപടികള്‍ പൊതുസമൂഹത്തിന് പൊതുഗതാഗത സംവിധാനത്തോട് കൂടുതല്‍ വിശ്വാസ്യത ഉണ്ടാക്കുന്നു. ആര്‍ടിഎ യില്‍ നിന്നും തനിക്ക ലഭിച്ച ആദരവ് വ്യക്തിപരമായി മാത്രമല്ല ഡ്രൈവര്‍ സമൂഹത്തിന് മുഴുവനായും ലഭിച്ചതാണെന്ന് നൂര്‍മുഹമ്മദ് പറഞ്ഞു.