‘സലാം ഫുട്‌ബോള്‍’ ഒക്‌ടോബര്‍ അവസാനം

64
പുസ്തകത്തിന്റെ കവര്‍

ദുബൈ: കേരള ജൂനിയര്‍ ടീമിലും കര്‍ണാടകക്ക് വേണ്ടി സന്തോഷ് ട്രോഫിയിലും കളിച്ച മധുര കോട്ട്‌സിന്റെ പ്രശസ്ത ഫുട്‌ബോള്‍ താരമായിരുന്ന പുതിയോട്ടില്‍ അബ്ദുല്‍ സലാമിനെയും കാല്‍പ്പന്തു കളിയെയും കുറിച്ചുള്ള ‘സലാം ഫുട്‌ബോള്‍’ എന്ന പുസ്തകം ഒക്‌ടോാബര്‍ അവസാനത്തോടെ പുറത്തിറങ്ങും.
15 വര്‍ഷത്തോളം അബുദാബിയില്‍ പ്രവാസിയായിരുന്നു സലാം. കളിച്ച കളികളിലൊക്കെ ഗോളടിച്ച് മൈതാന ചരിത്രത്തില്‍ സലാം തന്റെ പേര് കൃത്യമായി അടയാളപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ ജീവിതം എവിടെയും അടയാളപ്പെടുത്തിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഇങ്ങനയൊരു പുസ്തകം തയാറാക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെയും ഇന്ത്യയിലെയും ഫുട്‌ബോള്‍ രംഗത്തെ കുറിച്ചും പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്.
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ.ടി അബ്ദുറബ്ബാണ് പുസ്തകത്തിന്റെ എഡിറ്റര്‍. ഐ.എം വിജയന്‍, യു.ഷറഫ് അലി, കുരികേശ് മാത്യു, റിക്കി ബ്രൗണ്‍ തുടങ്ങി കാല്‍പ്പന്തു കളിയിലെ പ്രശസ്തരും; അബു, കമാല്‍ വരദൂര്‍, ഹമീദ് ചേന്ദമംഗല്ലൂര്‍, ഒ.അബ്ദുറഹ്മാന്‍, ഒ. അബ്ദുല്ല, സി.ടി അബ്ദുറഹീം, മലിക് നാലകത്ത് തുടങ്ങി മാധ്യമ മേഖലയിലെ പ്രശസ്തരും എഴുത്തുകാരുമായ 40ഓളം പേരും 190 പേജുകളിലായി സലാമിന്റെ ജീവിത കഥയും കാല്‍പന്തിനെ കുറിച്ചും എഴുതുന്നു.
കേരളത്തിലും കര്‍ണാടകയിലും ഒപ്പം കളിച്ചവരുടെ അനുഭവങ്ങള്‍ക്ക് പുറമെ, ഒരുകാലത്ത് കേരളത്തില്‍ കാല്‍പ്പന്തു കളിയില്‍ തിളങ്ങി പിന്നെ പ്രവാസം സ്വീകരിച്ചവരുടെ അനുഭവങ്ങളും പുസ്തകത്തില്‍ കടന്നു വരുന്നുണ്ട്. പെന്‍ഡുലം ബുക്‌സ് ആണ് പ്രസാധകര്‍.
1980കളില്‍ തെന്നിന്ത്യന്‍ മൈതാനങ്ങളില്‍ മുഴങ്ങിക്കേട്ട പേരായിരുന്നെങ്കിലും ഈ വര്‍ഷം ജൂലൈ മാസത്തില്‍ സലാം മരിക്കുമ്പോള്‍ അയല്‍വാസികള്‍ക്കു പോലും അറിയില്ലായിരുന്നു, സലാം അറിയപ്പെട്ട കളിക്കാനായിരുന്നുവെന്ന്. പലര്‍ക്കും അദ്ദേഹം ഗള്‍ഫില്‍ നിന്നും മടങ്ങിവന്ന ഒരു സാധാരണ കാല്‍പന്തുകളിക്കാരന്‍ മാത്രമായിരുന്നു. ഇതു പോലെയുള്ള ഒരുപാട് താരങ്ങളുണ്ട്. നമ്മുടെ നാട്ടിലെ ഫുട്ബാള്‍ രംഗം നേരിടുന്ന ഈ വേദനാജനകമായ യാഥാര്‍ത്ഥ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു പുസ്തകമിറക്കാന്‍ ആലോചിച്ചതെന്ന് കെ.ടി അബ്ദുറബ്ബ് പറഞ്ഞു.