ഷാര്‍ജയില്‍ നിന്നും കല്‍ബയിലേക്ക് പുതിയ റോഡ്; ഒരു മണിക്കൂര്‍ യാത്ര

    ഷാര്‍ജയില്‍ നിന്നും കല്‍ബയിലേക്കുള്ള പുതിയ റോഡിന്റെ ഉദ്ഘാടനം യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി നിര്‍വഹിക്കുന്നു

    ദുബൈ: ചരിത്ര പ്രാധാന്യുമുള്ള കിഴക്കന്‍ തീരനഗരമായ കല്‍ബയിലേക്ക് ഷാര്‍ജയില്‍ നിന്നുള്ള പുതിയ റോഡ് തുറന്നു. ഒരു ബില്യന്‍ ദിര്‍ഹം ചെലവഴിച്ച പണിത റോഡിന്റെ ഉദ്ഘാടനം യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി നിര്‍വഹിച്ചു. ഷാര്‍ജയില്‍ നിന്നും കല്‍ബയിലേക്ക് നേരത്തെ 90 മിനിറ്റ് എടുത്തിരുന്ന സമയം പുതിയ റോഡിലൂടെ ഒരു മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാനാവും. വാദി അല്‍ഹെലോക്കും കല്‍ബക്കും ഇടയിലുള്ള റോഡിന് 26 കിലോമീറ്റര്‍ ദൂരമുണ്ട്. ഷാര്‍ജയുടെ പൗരാണിക പട്ടണമായ കല്‍ബയിലെ പൗതൃകം അതേപടിയില്‍ നിലനിര്‍ത്തി അവിടേക്ക് സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണ്. പഴയ കെട്ടിടങ്ങള്‍ അതേപടി നിലനിര്‍ത്തി കല്‍ബ കോര്‍ണിഷ് നവീകരിച്ചിട്ടുണ്ട്. വാദി അല്‍ഖൈല്‍ ഡാമും പരിസരവും നവീകരിക്കാന്‍ ശൈഖ് ഡോ.സുല്‍ത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇവിടെ പാര്‍ക്ക്, കാമ്പിംഗ് ഗ്രൗണ്ട്, മൊബൈല്‍ ഫുഡ് കാര്‍ട്ട്, മലയിലൂടെയുള്ള നടപ്പാത എന്നിവ നിര്‍മിക്കും. മാത്രമല്ല ഡാമിനും വാദിക്കും ചുറ്റുമായി ഒരു മില്യന്‍ സിദര്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാനും ശൈഖ് സുല്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശൈഖ് സുല്‍ത്താന്‍ കല്‍ബ കോര്‍ണിഷ് സന്ദര്‍ശിച്ചു. കോര്‍ണിഷില്‍ നവീകരണം പൂര്‍ത്തിയാവുന്നതോടെ റെസ്‌റ്റോറന്റ്, കടകള്‍, പാര്‍ക്ക്, കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളുണ്ടായിരിക്കും. ബീച്ച് നവീകരണത്തിന് പുറമെ 2200 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം, 14 പെഡസ്ട്രിയന്‍ പാത്ത്, ജോഗിംഗ് ട്രാക്ക് എന്നിവ നിര്‍മിക്കും. കല്‍ബ കോര്‍ണിഷ് ഷാര്‍ജ എമിറേറ്റിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി മാറും.