ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് കുവൈത്ത് അമീറിനെ സന്ദര്‍ശിച്ചു

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം കുവൈത്തിലെത്തി പുതിയ അമീര്‍ ശൈഖ് നവാഫ് അല്‍അല്‍അഹമ്മദിനെ സന്ദര്‍ശിക്കുന്നു

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം കുവൈത്തിലെ പുതിയ അമീര്‍ ശൈഖ് നവാഫ് അല്‍അഹമ്മദിനെ സന്ദര്‍ശിച്ചു. കുവൈത്ത് അമീറായിരുന്ന ശൈഖ് സഹാബിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാനെ പ്രതിനിധീകരിച്ചാണ് ശൈഖ് മുഹമ്മദ് കുവൈത്തിലെത്തിയത്. അദ്ദേഹത്തോടൊപ്പം ഉപപ്രധാനമന്ത്രിയും രാഷ്ട്രപതി കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ്, ദുബൈ ഏവിയേഷന്‍ അതോറിറ്റി, എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സയീദ്, കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അല്‍ ഗെര്‍ഗാവി, വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗാര്‍ഗാഷ്, വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുല്‍ത്താന്‍ അല്‍ ജാബര്‍ തുടങ്ങിയവരുമുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ പ്രതിനിധി സംഘം കുവൈത്ത് സിറ്റിയിലെത്തി. കുവൈത്ത് അമീര്‍ ശൈഖ് നവാഫും മുതിര്‍ന്ന കുവൈത്ത് ഉദ്യോഗസ്ഥരും അവരെ സ്വാഗതം ചെയ്തു. ഞായറാഴ്ച ഉച്ചയോടെയാണ് അവര്‍ യുഎഇയിലേക്ക് മടങ്ങിയതെന്ന് ദുബൈ മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ അമീറായി സത്യപ്രതിജ്ഞ ചെയ്ത ശൈഖ് നവാഫിനെ അഭിനന്ദിച്ചു. അമീര്‍ ശൈഖ് നവാഫ് അല്‍ സബാഹിന്റെ വിജയത്തിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു-ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. വിനയം, ലാളിത്യം, ജനങ്ങളോടുള്ള അടുപ്പം എന്നിവ കുലീന അല്‍ സബാഹ് കുടുംബത്തിന്റെ മൂല്യങ്ങളുടെ ഭാഗമാണ്. മഹത്വം, സ്ഥിരത, സുരക്ഷ, നല്ല ജീവിതം എന്നിവയിലേക്കുള്ള പാതയില്‍ തുടരാന്‍ കുവൈത്ത് ജനതക്കും അവരുടെ പുതിയ നേതൃത്വത്തിനും ഞങ്ങള്‍ ആശംസിക്കുന്നു. രാജ്യത്തെയും ജനങ്ങളെയും മുന്നോട്ട് നയിക്കുമെന്നും സംരക്ഷിക്കുമെന്നും ശൈഖ് നവാഫ് പ്രതിജ്ഞയെടുക്കുകയും കുവൈത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയിലും സ്ഥാപനങ്ങളിലും ഭരണഘടനയിലും തന്റെ വിശ്വാസം സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുഎസില്‍ ചികിത്സയിലായിരുന്ന 91 കാരനായ ശൈഖ് സബാഹ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് മന്ത്രിസഭ പുതിയ അമീറായി ശൈഖ് നവാഫിനെ തെരഞ്ഞെടുത്തു.