യുഎഇയില്‍ ചൂട് കുറയുന്നു അജ്മാനിലും ഷാര്‍ജയിലും മഴ

4

റാസല്‍ഖൈമ: കൊടുംചൂടില്‍ നിന്നും മാറി യുഎഇ പതുക്കെ സാധാരണ കാലാവസ്ഥയിലേക്ക് വരുന്നു. ചൂട് കുറഞ്ഞുവരുന്നതോടെ കാലാവസ്ഥയില്‍ മാറ്റം കണ്ടുതുടങ്ങി. ഇന്നലെ രാജ്യത്ത് പലയിടത്തും മഴ പെയ്തു. അജ്മാന്‍, ഷാര്‍ജ, അല്‍ഐന്‍ തുടങ്ങിയ സ്ഥലങ്ങള്‍ സാമാന്യം ശക്തമായ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അജ്മാനിലെ അല്‍മനാമ ഏരിയയിലും ഷാര്‍ജയിലെ മലിഹ, മദാം ഏരിയയിലും അല്‍ഐനിലെ ശിവാബ്, മസാകിന്‍, അല്‍ഖൈ ഏരിയകളിലുമാണ് ഇന്നലെ മഴ പെയ്തത്. ദേശീയ മെറ്റ് വകുപ്പിന്റെ നിരീക്ഷണ പ്രകാരം യുഎഇയില്‍ പൊതുവെ അന്തരീക്ഷം മേഘാവൃതമായിരുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം തിങ്കളാഴ്ച രാവിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം കൂടുതലായി അനുഭവപ്പെടും. ചില സ്ഥലങ്ങളില്‍ അന്തരീക്ഷ താപം 19 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും.
യുഎഇയില്‍ ഒക്ടോബര്‍ 16-ഓടെ മഴക്കാലത്തിന് തുടക്കമാവുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. കഴിഞ്ഞ ഏതാനും ദിവസങ്ങളായിത്തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയും ആലിപ്പഴ വര്‍ഷവുമുണ്ട്. ഒക്ടോബര്‍ 16ന് തുടങ്ങുന്ന ഈ കാലാവസ്ഥ ഡിസംബര്‍ ആറ് വരെ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. മഴക്ക് ശേഷം രാജ്യം ശൈത്യകാലത്തിലേക്ക് കടക്കും. ഡിസംബര്‍ ആറ് വരെയുള്ള കാലയളവില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്ന പരമാവധി താപനില 35 ഡിഗ്രി സെല്‍ഷ്യസാണ്. 10 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴാനും സാധ്യതയുണ്ട്. വിവിധ എമിറേറ്റുകളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായിത്തന്നെ കനത്ത മഴ ലഭിക്കുന്നുണ്ട്.