വീണുകിട്ടിയ പഴ്‌സ് തിരിച്ചു നല്‍കി ഉനൈസ് മാതൃകയായി

14
ഉനൈസ് തൊട്ടിയില്‍ മറിലോ കോണ്‍ടെറസ് ലാബുസിന് പഴ്‌സ് നല്‍കുന്നു

ദുബൈ: കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് റൂമിലേക്ക് വരുന്ന വഴിയില്‍ നിന്നും തനിക്ക് ലഭിച്ച ക്രെഡിറ്റ് കാര്‍ഡുകള്‍, സ്വര്‍ണം, എമിറേറ്റ്‌സ് ഐഡി, മറ്റു രേഖകള്‍ അടങ്ങിയ പഴ്‌സ് ഉടമയെ കണ്ടെത്തി തിരിച്ചു നല്‍കി ദുബൈ-വേങ്ങര മണ്ഡലം കെഎംസിസി സെക്രട്ടറി ഉനൈസ് തൊട്ടിയില്‍ മാതൃകയായി. എബിസി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സില്‍ ജോലി ചെയ്യുന്ന ഫിലിപ്പീനി യുവതി മറിലോ കോണ്‍ടെറസ് ലാബുസിനാണ് കഴിഞ്ഞ ദിവസം നഷ്ടമായ വില പിടിപ്പുള്ള രേഖകള്‍ അടങ്ങിയ പഴ്‌സ് തിരിച്ചു കിട്ടിയത്. ഉടമയെ കണ്ടു പിടിക്കാന്‍ ടെലഫോണ്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളെ ആശ്രയിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന്, പഴ്‌സില്‍ നിന്നും കിട്ടിയ മണി എക്‌സ്‌ചേഞ്ച് കാര്‍ഡ് ഉപയോഗിച്ച് ബ്രാഞ്ചില്‍ ബന്ധപ്പെട്ടെങ്കിലും നമ്പര്‍ കണ്ടെത്താനായില്ല. അതിനെ തുടര്‍ന്ന്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡില്‍ രേഖപ്പെടുത്തിയ പ്രൈം ഹോസ്പിറ്റലില്‍ പോയി അവിടെ നിന്നും ടെലിഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചാണ് യഥാര്‍ത്ഥ ഉടമയെ കണ്ടെത്തിയത്. വളരെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന യുവതി പഴ്‌സ് നഷ്ടപ്പെട്ടത് കാരണം വളരെ പ്രയാസത്തിലായിരുന്നു. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് അവര്‍ ദുബൈ കെഎംസിസിയുടെ ആല്‍ബറാഹ ആസ്ഥാനത്തെത്തി പഴ്‌സ് കൈപ്പറ്റിയത്. തിരിച്ചു പോകാന്‍ കയ്യില്‍ പണമില്ലാത്തതിനാല്‍ ടാക്‌സി പൈസ നല്‍കിയാണ് അദ്ദേഹം അവരെ യാത്രയാക്കിയത്.