കാലഹരണപ്പെട്ട വിസക്കാര്‍ക്ക് പ്രതിദിനം 25 ദിര്‍ഹം പിഴ; രാജ്യം വിടുമ്പോള്‍ വേറെയും

  ദുബൈ: വിസ പുതുക്കാനുള്ള സമയം കഴിഞ്ഞ ദിവസം അവസാനിച്ചതിനാല്‍ വിസകളുടെ സാധുത പരിശോധിക്കണമെന്ന് പൗരന്മാരോട് എംബസികള്‍ ആവശ്യപ്പെട്ടു. കാലഹരണപ്പെട്ട വിസയുള്ള ചിലര്‍ പൊതുമാപ്പ് അവഗണിക്കുകയും ജോലി കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ തുടരുകയും ചെയ്തുവെന്ന് അധികൃതര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ പ്രവാസി ജനസംഖ്യയുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
  പ്രശ്‌നത്തില്‍ അകപ്പെട്ട ആളുകള്‍ക്ക് സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള വിമാനങ്ങള്‍ അയക്കാന്‍ തയ്യാറാണെന്നും അധികൃതര്‍ പറഞ്ഞിരുന്നു. മാര്‍ച്ച് 1 നും ജൂലൈ 11 നും ഇടയില്‍ വിസ കാലഹരണപ്പെട്ട എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള താമസക്കാര്‍ക്ക് പുതുക്കുന്നതിന് ശനിയാഴ്ച വരെ സമയം അനുവദിച്ചിരുന്നു. ഇത് ചെയ്യാത്തവര്‍ക്ക് ഒക്ടോബര്‍ 12 തിങ്കളാഴ്ച മുതല്‍ ദിവസേന പിഴ ഈടാക്കാന്‍ തുടങ്ങും. കാലഹരണപ്പെട്ട റെസിഡന്‍സി വിസയില്‍ രാജ്യത്ത് താമസിക്കുന്നത് ഒരു ദിവസം 25 ദിര്‍ഹം പിഴ ഈടാക്കും. എമിറേറ്റ്‌സ് ഐഡി പുതുക്കാത്തവര്‍ക്ക് പ്രതിദിനം 20 ദിര്‍ഹം പിഴ ഈടാക്കും. ഒരാഴ്ചയക്കുള്ള ആകെ പിഴ 313 ദിര്‍ഹം. ഇത്തരം ആളുകള്‍ രാജ്യം വിടുമ്പോള്‍ അധികമായി 250 ദിര്‍ഹം നല്‍കണം.
  കാലഹരണപ്പെട്ട ടൂറിസ്റ്റ് വിസയിലുള്ളവര്‍ ആദ്യ ദിവസത്തേക്ക് 200 ദിര്‍ഹവും അതിനുശേഷം ഒരു ദിവസം 100 ദിര്‍ഹവും നല്‍കേണ്ടിവരും.
  പൊതുമാപ്പ് ഉപയോഗപ്പെടുത്തി ഭൂരിഭാഗം പ്രവാസികളും തങ്ങളുടെ നാട്ടിലേക്ക് പോയതായി നിരവധി കോണ്‍സുലേറ്റുകള്‍ വ്യക്തമാക്കി.
  കോവിഡ് മഹാമാരിയുടെ ഫലമായി ജോലി നഷ്ടപ്പെട്ട ആളുകള്‍ക്ക് വിസ പിഴ ചുമത്തപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഗ്രേസ് പിരീഡ് കൊണ്ടുവന്നത്. ആളുകള്‍ നിയമം പാലിക്കേണ്ടതുണ്ടെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വക്താവ് നീരജ് അഗര്‍വാള്‍ പറഞ്ഞു.
  സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സഹായം ആവശ്യപ്പെട്ട നിരവധി ആളുകള്‍ കോണ്‍സുലേറ്റിനെ സമീപിച്ചിരുന്നു.