സന്ദര്‍ശക വിസയില്‍ ദുബൈയില്‍ എത്തുന്നവര്‍ ശ്രദ്ധിക്കുക; കൈയ്യില്‍ 2000 ദിര്‍ഹം കരുതുക

    14

    ഹോട്ടല്‍ ബുക്ക് ചെയ്ത രേഖ, മടക്കയാത്ര ടിക്കറ്റ് നിര്‍ബന്ധം;ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങിയ എല്ലാ മലയാളികളും പുറത്തിറങ്ങി

    ദുബൈ: സന്ദര്‍ശ-ടൂറിസ്റ്റ് വിസയില്‍ ദുബൈയിലെത്തുന്നവര്‍ ശ്രദ്ധിക്കുക. മാറിയ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ച ശേഷം മാത്രം നാട്ടില്‍ നിന്നും വിമാനം കയറുക. അല്ലാത്ത പക്ഷം ദുബൈയില്‍ പ്രവേശിക്കാനാവാതെ എയര്‍പോര്‍ട്ടില്‍ നിന്നു തന്നെ തിരികെ നാട്ടിലേക്ക് പോവേണ്ടിവരും. ഇത്തരത്തില്‍ ദുബൈയിലെത്തിയ നിരവധി യാത്രക്കാരെ തിരിച്ചയച്ചു. ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും എത്തിയ യാത്രക്കാരെയാണ് തിരിച്ചയച്ചത്. എല്ലാവരും സന്ദര്‍ശക വിസയില്‍ തൊഴില്‍ തേടിയെത്തിയവരായിരുന്നു. സന്ദര്‍ശക-ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ 2000 ദിര്‍ഹം (40,000 ഇന്ത്യന്‍ രൂപ) കൈയ്യില്‍ കരുതണമെന്നാണ് പുതിയ നിബന്ധന. കൂടാതെ ദുബൈയില്‍ താമസിക്കാനായി ഹോട്ടല്‍ ബുക്ക് ചെയ്ത രേഖ, ബന്ധുക്കളോടൊപ്പമാണ് താമസമെങ്കില്‍ അഡ്രസ്സും ബന്ധുവിന്റെ എമിറേറ്റ്‌സ് ഐഡി രേഖകള്‍, മടക്കയാത്ര ടിക്കറ്റ് തുടങ്ങിയവ ഹാജരാക്കണം. ദുബൈയില്‍ എത്തിയ യാത്രക്കാരോട് 2000 ദിര്‍ഹം കൈയ്യിലുണ്ടോ എന്ന് എമിഗ്രേഷന്‍ അധികൃതര്‍ ചോദിച്ചതായി യാത്രക്കാര്‍ പറയുന്നു. യാത്രാനിയമങ്ങള്‍ മാറിയത് എയര്‍ലൈന്‍ അധികൃതരോ ട്രാവല്‍ ഏജന്‍സിയോ പറഞ്ഞിരുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്നും ഗോ എയര്‍ വിമാനത്തില്‍ ദുബൈയില്‍ എത്തിയ നാല്‍പതോളം മലയാളികളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. യാത്ര പുറപ്പെടുമ്പോള്‍ കൈയ്യില്‍ പണം കരുതണമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഭൂരിഭാഗം അളുകളും ദുബൈയിലേക്ക് തൊഴില്‍തേടിയെത്തിയ സാധാരണക്കാരാണ്. രണ്ട് ദിവസം മുമ്പ് ഇത്തരത്തില്‍ പാകിസ്ഥാനില്‍ നിന്നും ദുബൈയിലേക്ക് തൊഴില്‍ തേടിയെത്തിയ 300 ഓളം യാത്രക്കാരും പുറത്തിറങ്ങാനാവാതെ വിഷമിച്ചിരുന്നു. പിന്നീട് അധികൃതര്‍ ഇടപെട്ട് എല്ലാവരെയും പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നൂറോളം യാത്രക്കാര്‍ എത്തിയിരുന്നതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ നിബന്ധനകള്‍ പാലിക്കാന്‍ തയ്യാറുള്ളവരെ വിമാനത്താവളത്തില്‍ നിന്നും നടപടി പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ആരും സഹായിക്കാനില്ലാത്തവരെ തിരിച്ചയക്കും. ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ ശരിയായ നടപടി ക്രമങ്ങള്‍ പാലിക്കണമെന്നാണ് അധികൃതര്‍ പറയുന്നത്. നിയമങ്ങള്‍ മാറിയ സാഹചര്യത്തില്‍ എംബസികള്‍ അതാത് രാജ്യങ്ങളിലെ എയര്‍ലൈനുകള്‍ക്ക് ഇതുസംബന്ധിച്ച കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ സഊദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ദുബൈ വഴി യാത്ര ചെയ്യാനായി എത്തിയവരും കുടുങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും പുറപ്പെടുമ്പോള്‍ ദുബൈയില്‍ 14 ദിവസം ക്വാറന്റീനില്‍ താമസിക്കാനുള്ള ഹോട്ടല്‍ സൗകര്യം അടക്കമുള്ള പാക്കേജിലാണ് പലരും ദുബൈയില്‍ ഇറങ്ങിയത്. എന്നാല്‍ കൈയ്യില്‍ 2000 ദിര്‍ഹവും ലക്ഷ്യസ്ഥാനത്തേക്കുള്ള മടക്കയാത്ര ടിക്കറ്റും പലരുടെയും പക്കലില്ലായിരുന്നു. ട്രാവല്‍ ഏജന്‍സികളും എംബസി അധികൃതരും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. കഴിഞ്ഞ ദിവസം എത്തിയ യാത്രക്കാരെല്ലാം വിമാനത്താവളത്തിനകത്ത് തണുപ്പ് സഹിച്ച് കഴിയേണ്ടിവന്നു. പലരുടെയും കൈയ്യില്‍ പണമില്ലാത്തതിനാല്‍ രാത്രി പട്ടിണി കിടക്കേണ്ടി വന്നു. ഹോട്ടല്‍ റിസര്‍വേഷന്‍, മടക്കയാത്രാ ടിക്കറ്റ് തുടങ്ങിയവ ഇല്ലാത്ത യാത്രക്കാര്‍ക്കാണ് തടസ്സം നേരിട്ടതെന്ന് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ര് ഫോറിന്‍ അഫയേഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളായ യാത്രക്കാരെ സഹായിക്കാന്‍ എംബസി ഉദ്യോഗസ്ഥര്‍ വേണ്ടത്ര താല്പര്യം കാണിച്ചില്ലെന്ന് യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു. ചില ഉദ്യോഗസ്ഥര്‍ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാനാണ് താല്‍പര്യം പ്രകടിപ്പിച്ചത്. ഈസമയം മലയാളി ഉടമകള്‍ നടത്തുന്ന ട്രാവല്‍ ഏജന്‍സികള്‍ സഹായിക്കാനായി രംഗത്തുവന്നത് ശ്രദ്ധേയമായി. സ്മാര്‍ട്ട് ട്രാവല്‍ എം.ഡി അഫി അഹമ്മദ് ദുബൈ വിമാനത്താവളത്തില്‍ നേരിട്ടെത്തി ബുദ്ധിമുട്ടിയ യാത്രക്കാരെ സഹായിച്ചു. രാത്രിയോടെ മലയാളികളായ എല്ലാ യാത്രക്കാരും പുറത്തിറങ്ങിയെന്നും അഫി അഹമ്മദ് അറിയിച്ചു.