മസാജിന് പോയ യുവാവിനെ കൊള്ളയടിച്ച കേസ് വിചാരണ തുടങ്ങി

6

റാസല്‍ഖൈമ: പരസ്യം കണ്ട് മസാജിനായി പോയ യുവാവിനെ കൊള്ളയടിച്ച സംഭവത്തില്‍ ദുബൈ കോടതിയില്‍ വിചാരണ തുടങ്ങി. ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തിയാണ് അറബ് യുവാവിന്റെ പണവും ബാങ്ക് കാര്‍ഡുകളും കൊള്ളടയിച്ചത്. കേസിലെ പ്രധാന പ്രതിയായ 22 വയസുള്ള ആഫ്രിക്കന്‍ സ്വദേശിയാണ് ഇപ്പോള്‍ വിചാരണ നേരിടുന്നത്.
ഓണ്‍ലൈന്‍ വഴി വ്യാജ പരസ്യങ്ങള്‍ നല്‍കിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. ജുമൈറ ലേക് ടവേഴ്‌സിലെ ഒരു അപാര്‍ട്‌മെന്റിലെ വിലാസമാണ് പരസ്യത്തില്‍ നല്‍കിയിരുന്നത്. ഇതനുസരിച്ച് അവിടെയെത്തിയ യുവാവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും പണവും ബാങ്ക് കാര്‍ഡുകളും കൈക്കലാക്കുകയും ചെയ്തു. നഗ്‌നയായ സ്ത്രീയെ തനിക്കൊപ്പം ഇരുത്തി ചിത്രങ്ങളെടുത്തുവെന്നും പൊലീസില്‍ പരാതിപ്പെട്ടാല്‍ അവ പ്രചരിപ്പിക്കുമെന്നള ഭീഷണിപ്പെടുത്തിയതായും യുവാവ് പറഞ്ഞു.
പണമായി കൈവശമുണ്ടായിരുന്ന 500 ദിര്‍ഹമും ബാങ്ക് കാര്‍ഡില്‍ നിന്ന് 15,000 ദിര്‍ഹമും പ്രതികള്‍ കൈക്കലാക്കി. അല്‍ബര്‍ഷ പൊലീസ് സ്റ്റേഷനിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സമാനമായ മറ്റൊരു കേസില്‍ പ്രതി അറസ്റ്റിലായിരുന്നു. പരാതിക്കാരനെ വിളിച്ചു വരുത്തിയപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണം, അന്യായമായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തല്‍, ലൈംഗിക പീഡനം, മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റം, മറ്റൊരാളുടെ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഈ മാസം 29ലേക്ക് വിചാരണ മാറ്റി വെച്ചു.