12 കിലോമീറ്റര്‍ ബീച്ച്; ഹരിത ഇടങ്ങളും;  ദുബൈ നഗരി വികസനക്കുതിപ്പിലേക്ക്

12
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ബീച്ച് സൈഡ് വികസന പദ്ധതി പ്ലാന്‍ വിലയിരുത്തുന്നു

29 വികസന പദ്ധതികള്‍ക്ക് അംഗീകാരം

ദുബൈ: ലോകോത്തര വിനോദസഞ്ചാര മേഖലയായി മാറുന്ന ദുബൈ അടിസ്ഥാന വികസനത്തില്‍ വീണ്ടും കുതിപ്പിലേക്ക്. 2 ബില്യന്‍ ദിര്‍ഹം വിലമതിക്കുന്ന 29 വികസന പദ്ധതികള്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അംഗീകാരം നല്‍കി. എമിറേറ്റിലെ വാസയോഗ്യവും വാണിജ്യപരവുമായ മേഖലകളിലേക്ക് 8 ദശലക്ഷം ചതുരശ്ര മീറ്റര്‍ ഹരിത ഇടങ്ങളും പാര്‍ക്കുകളും ഈ പദ്ധതിയുടെ ദുബൈയില്‍ ഉയരും. നഗരം വികസിപ്പിക്കുന്നതിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും യുഎഇയുടെ ഭാവി സൃഷ്ടിക്കുന്നതിനും ഇനിയും മുന്നാട്ട് പോവുകയാണ്-ശൈഖ് മുഹമ്മദ് പറഞ്ഞു. പുതിയ പദ്ധതികള്‍ അദ്ദേഹം പ്രഖ്യാപിച്ചു.
ദുബൈയിലെ മാലിന്യ സംസ്‌കരണത്തിലൂടെ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നതിനുള്ള 4 ബില്യന്‍ ദിര്‍ഹം പദ്ധതിയും പ്രഖ്യാപിച്ചു. പ്രതിദിനം 1,000 മാലിന്യ ട്രക്കുകള്‍ ഉള്‍ക്കൊള്ളാനും 135,000 വീടുകള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാനും ഈ പദ്ധതിക്ക് കഴിയും. ദുബൈ ഒരു ശുദ്ധമായ നഗരമാണ്, അതിന്റെ ഊര്‍ജ്ജം ശുദ്ധമാണ്, സമീപസ്ഥലങ്ങള്‍ ശുദ്ധമാണ്, ഊര്‍ജ്ജ സ്രോതസ്സുകള്‍ വൃത്തിയായി സൂക്ഷിക്കണം- ശൈഖ് മുഹമ്മദ് പറഞ്ഞു. ഇതുകൂടാതെ പുതിയ ദുബൈ ബീച്ച് ഫ്രണ്ട് പദ്ധതിക്കും തുടക്കമാവും. അല്‍ മംസാര്‍ ബീച്ച് മുതല്‍ ഉമ്മ് സുഖൈം രണ്ട് വരെ ഒരു ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള 12 കിലോമീറ്റര്‍ ബീച്ചുകള്‍ 500 ദശലക്ഷം ദിര്‍ഹം ചെലവില്‍ വികസിപ്പിക്കാനുള്ള പദ്ധതിക്കും അംഗീകാരം നല്‍കി. ദുബൈയില്‍ കൂടുതല്‍ നീന്തല്‍ പ്രദേശങ്ങളും മികച്ച ജോഗിംഗ് പാതകളും ദൈര്‍ഘ്യമേറിയ സൈക്കിള്‍ തെരുവുകളും വികസിപ്പിക്കും.