ഇന്ന് കേരളപ്പിറവി ദിനം: 85,000 കുരുന്നുകളെ മലയാളം പഠിപ്പിച്ച് മനോജിന്റെ സൗജന്യ ഭാഷാ യജ്ഞം

മനോജ് കളരിക്കല്‍ 'മനോജ്ഞം മലയാളം' ഭാഷാ പഠന ശിബിരത്തില്‍ (ഫയല്‍)

കോവിഡ് കാലയളവില്‍ ഓണ്‍ലൈനിലൂടെയും ഭാഷാ പഠന ശിബിരങ്ങള്‍

ദുബൈ: മാതൃഭാഷയോടുള്ള സ്‌നേഹവും പ്രതിബദ്ധതയും വിദേശത്തും നാട്ടിലും ഒരുപോലെ പങ്കിടുകയാണ് കവിയും എഴുത്തുകാരനുമായ മനോജ് കളരിക്കല്‍ എന്ന ഭാഷാ സ്‌നേഹി. രണ്ട് പതിറ്റാണ്ടായി ഗള്‍ഫ് നാടുകളില്‍ ‘മനോജ്ഞം മലയാളം’ എന്ന ഭാഷാ പഠന ശിബിരങ്ങള്‍ നടത്തി വരുന്നു ഇദ്ദേഹം. സൗജന്യമായി 85,000ത്തില്‍ പരം വിദ്യാര്‍ത്ഥികളാണ് ഇതിനകം മനോജിന്റെ ഭാഷാ പഠന ക്‌ളാസില്‍ പങ്കെടുത്തത്. മലയാള ഭാഷക്കും അതിന്റെ സാഹിത്യ രൂപങ്ങള്‍ക്കും പ്രാമുഖ്യം നല്‍കി മനോജ് സംഘടിപ്പിക്കുന്ന കാവ്യ സന്ധ്യകളും നൃത്ത രൂപാന്തരങ്ങളും പരിപാടികള്‍ക്ക് ജീവന്‍ നല്‍കുന്നു.
മലയാളത്തിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിന് നിദാനം തന്റെ മാതാപിതാക്കളാണെന്ന് മനോജ് പറയുന്നു. കവിതകളും കഥകളും നാടന്‍ പാട്ടുകളും പഴഞ്ചൊല്ലുകളും വായ്‌മൊഴിയും സമന്വയിപ്പിച്ചാണ് ‘മനോജ്ഞം മലയാളം’ നടന്നു വരുന്നത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കഴിഞ്ഞ നാലു വര്‍ഷമായി ‘മനോജ്ഞം മലയാളം’ നടത്തി വരുന്നു. വിദേശികള്‍ പോലും ഇത് കാണാനെത്തുന്നു.
കോഴഞ്ചേരി മേലുകര സ്വദേശിയായ മനോജ് കളരിക്കല്‍ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വഴി ഭാഷാ പഠന ശിബിരങ്ങള്‍ തുടരുകയാണ്. ‘വിസ്മയം’, ‘മനോജ്ഞം’ എന്നീ രണ്ടു കവിതാ സമാഹാരങ്ങള്‍ ഇറക്കിയിട്ടുണ്ട്. ദുബൈയിലെ ഒരു ഷിപ്പിംഗ് കമ്പനി ഉദ്യോഗസ്ഥനായ മനോജ് കളരിക്കലിന്റെ ഭാര്യ മഞ്ജു മനോജ് സീതത്തോട് ഹയര്‍ സെക്കന്ററിലെ സ്‌കൂളിലെ അധ്യാപികയാണ്. മക്കള്‍: ശ്രീലക്ഷ്മി മനോജ്, ശ്രീഹരി മനോജ്.