മത്സ്യ പ്രജനനത്തിന് ഉമ്മുല്‍ഖുവൈനില്‍ ഹാച്ചറി

ദുബൈ: വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന മത്സ്യങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി ഉമ്മുല്‍ഖുവൈനില്‍ പുതിയ ഫിഷ് ഹാച്ചറി പദ്ധതി. യുഎഇയിലെ മത്സ്യ പ്രജനന പദ്ധതി ജനപ്രിയ ഹമ്മോര്‍, ഷെറി, സഫി എന്നിവ 80 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു. വാണിജ്യപരമായി പ്രചാരമുള്ളതും അമിതമായി മത്സ്യബന്ധനം നടത്തുന്നതുമായ വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ വളര്‍ത്താനാണ് ഉമ്മുല്‍ഖുവൈന്‍ ക്രീക്കില്‍ ആരംഭിച്ച ഫിഷ് ഹാച്ചറി പദ്ധതിയില്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം അബുദാബി പരിസ്ഥിതി ഏജന്‍സി നടത്തിയ പഠനമനുസരിച്ച് ഹാമര്‍, ഷെറി തുടങ്ങിയ പ്രധാന ഇനങ്ങളുടെ പങ്ക് 85 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. മൂന്ന് മീറ്റര്‍ വ്യാസവും 3.6 മീറ്റര്‍ ഉയരവുമുള്ള രണ്ട് സിലിണ്ടര്‍ കൂടുകളില്‍ ഫെബ്രുവരിയില്‍ നൂറുകണക്കിന് പ്രായപൂര്‍ത്തിയായ മത്സ്യങ്ങള്‍ നിറച്ചിരുന്നു. ബ്രീഡിംഗ് സീസണ്‍ ജൂലൈയില്‍ ആരംഭിക്കുമെങ്കിലും മത്സ്യത്തെ നേരത്തേതന്നെ നീക്കി അവയുടെ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ സമയം നല്‍കി. ബ്രീഡിംഗ് സീസണ്‍ അവസാനിച്ചതിന് ശേഷം മത്സ്യത്തെ ക്രീക്കിലേക്ക് വിടുകയായിരുന്നു. കൂടുകള്‍ മറ്റു ജന്തുക്കളില്‍ നിന്നുംമുട്ടകളെ സ്വാഭാവിക ഭീഷണികളില്‍ നിന്ന് സംരക്ഷിക്കുന്നതോടെ വളര്‍ച്ചാ നിരക്ക് മെ്ച്ചപ്പെടുത്താനാവും. ഷേറി, സഫി, ഗബിറ്റ്, ബാഡ്, തുടങ്ങിയവയാണ് വളര്‍ത്തുന്നത്. എമിറേറ്റിന്റെ സാമ്പത്തിക വികസന വകുപ്പും മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഉമ്മുല്‍ഖുവൈന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ച് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയമാണ് പദ്ധതി നിയന്ത്രിക്കുന്നത്. മത്സ്യങ്ങള്‍ വളരുന്നതിന് ഏറ്റവും അനുയോജ്യമായ അവസ്ഥക്കായാണ് ക്രീക്കിലെ സൈറ്റ് തെരഞ്ഞെടുത്തിരിക്കുന്നത്. കാരണം ഇതിന് ചുറ്റും ഒരു പച്ച കണ്ടല്‍ വനമുണ്ട്, അത് ജലജീവികളെ എളുപ്പത്തില്‍ സഹായിക്കുന്നു. നിരവധി ഗവേഷണങ്ങളുടെ ഫലമായാണ് ഈ പദ്ധതി തുടങ്ങിയിരക്കുന്നത്. പദ്ധതിയുടെ വിജയത്തെ അടിസ്ഥാനമാക്കി മറ്റ് മത്സ്യഇനങ്ങളും ഇവിടെ വളര്‍ത്താന്‍ പരിപാടിയുണ്ട്. സമുദ്രജീവികളെ പുനരധിവസിപ്പിക്കുകയെന്ന മന്ത്രാലയത്തിന്റെ വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമാണ് പ്രജനന പദ്ധതി.