ദേരയുടെ മുഖഛായ മാറ്റുന്ന ഷിന്ദഗ കോറിഡോര്‍ പദ്ധതി ശൈഖ് ഹംദാന്‍ വിലയിരുത്തി

ദുബൈ: ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഏറ്റെടുത്തിരിക്കുന്ന ഏറ്റവും വലിയ റോഡ് പദ്ധതികളിലൊന്നായ ഷിന്ദഗ കോറിഡോര്‍ പ്രോജക്ട് ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും പരിശോധിച്ച് വിലയിരുത്തി. പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുഖത്തിനും സന്തോഷത്തിനും മുന്‍ഗണന നല്‍കുന്ന ഒരു അഭിലാഷ വികസന മാതൃകയാണ് ദുബൈ നടപ്പാക്കുകയെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. സമൂഹത്തിലെ അംഗങ്ങളുടെയും ബിസിനസ് സമൂഹത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന അടിസ്ഥാന സൗകര്യ പദ്ധതികളായിരിക്കും എമിറേറ്റില്‍ നടക്കുന്ന വലിയ നിക്ഷേപങ്ങളില്‍ കാണാന്‍ കഴിയുക. എമിറേറ്റിന്റെ ബജറ്റിന്റെ നല്ലൊരു ഭാഗം അടിസ്ഥാന വികസനത്തിനായിരിക്കും ഊന്നല്‍ നല്‍കുന്നത്. ഷിന്ദഗ പദ്ധതി പരിശോധിച്ച ശേഷമാണ് ശൈഖ് ഹംദാന്‍ ഇത്തരത്തില്‍ വിലയിരുത്തിയത്. പുതിയ ഷിന്ദഗ കോറിഡോര്‍ പദ്ധതി ദുബൈയുടെയും ബര്‍ദുബൈയിയുടെയും വികസനത്തില്‍ വമ്പിച്ച മാറ്റങ്ങളായിരിക്കും പ്രകടമാവുക. ശൈഖ് റാഷിദ് സ്ട്രീറ്റില്‍ നിന്ന് അല്‍ മിന സ്ട്രീറ്റിലൂടെയും അല്‍ ഖലീജ് സ്ട്രീറ്റിലൂടെയും കൈറോ സ്ട്രീറ്റ് വരെയും 13 കിലോമീറ്റര്‍ ദൂരെയുള്ള 5 ബില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ശൈഖ് ഹംദാന്‍ വിലയിരുത്തി. ഷിന്ദഗ ഇടനാഴി പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത വാസ്തുവിദ്യാ ഘടനയായ ഷിന്ദഗ ബ്രിഡ്ജ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം പരിശോധിച്ചു. ആര്‍ടിഎ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡയറക്ടര്‍ ജനറല്‍ മത്താര്‍ മുഹമ്മദ് അല്‍ തായര്‍ ശൈഖ് ഹംദാനെ സ്വാഗതം ചെയ്തു. 75 ശതമാനം പൂര്‍ത്തീകരണ ഘട്ടത്തിലെത്തിയ പാലത്തിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ശൈഖ് ഹംദാനും അദ്ദേഹത്തിന്റെ പരിചാരകരും ഒരു ബോട്ടില്‍ യാത്ര ചെയ്തു പദ്ധതി സ്ഥലത്തെത്തി. 295 മീറ്റര്‍ നീളത്തിലുള്ള ഈ പാലം ദുബൈ ക്രീക്കിന് മുകളില്‍ 15.5 മീറ്റര്‍ ഉയരത്തിലാണ് പണിയുന്നത്. എല്ലാ വലുപ്പത്തിലുമുള്ള ബോട്ടുകള്‍ കടന്നുപോകാന്‍ കഴിയും. ഒപ്പം കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും മൂന്ന് മീറ്റര്‍ പാത കൂടാതെ ഓരോ ദിശയിലും ആറ് പാതകളുമുണ്ടാവും. പാലത്തിന്റെ കമാനത്തിന്റെ മുകള്‍ഭാഗം 42 മീറ്റര്‍ ഉയരത്തിലായിരിക്കും. ഏകദേശം 2,400 ടണ്‍ ഉരുക്ക് പാലത്തിന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കും. ഓരോ ദിശയിലും മണിക്കൂറില്‍ 12,000 വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഈ പാലത്തിന് കഴിയും. ഗതാഗതത്തിന്റെ എല്ലാ ഘടകങ്ങളും സംയോജിപ്പിാണ് ഷിന്ദഗ ബ്രിഡ്ജ് പദ്ധതി. പാലത്തിന്റെ ഇരുവശത്തും രണ്ട് വലിയ ലിഫ്റ്റുകളും കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും മൂന്ന് പാലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു പാലം നിലവില്‍ അല്‍ ഖലീജ് സ്ട്രീറ്റില്‍ നിര്‍മ്മാണത്തിലാണ്. മറ്റ് രണ്ട് പാലങ്ങള്‍ ശൈഖ് റാഷിദ്, അല്‍ മിന സ്ട്രീറ്റുകളില്‍ ആദ്യഘട്ടത്തില്‍ നിര്‍മിക്കും. ദേരയെയും ബര്‍ ദുബൈയിയെയും ബന്ധിപ്പിക്കുന്ന റൂട്ടുകളുമായി ഈ പാലം ബന്ധിപ്പിക്കും.