കേന്ദ്രത്തെ കുടഞ്ഞ് സുപ്രീംകോടതി

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തി പ്രദേശമായ സിംഗുവില്‍ സമരം തുടരുന്ന കര്‍ഷകര്‍

കര്‍ഷക പ്രശ്‌നം പരിഹരിക്കാന്‍ പ്രാപ്തിയില്ല

ന്യൂഡല്‍ഹി: കര്‍ഷക നിയമങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കവെ കേന്ദ്ര സര്‍ക്കാറിനെ കുടഞ്ഞെറിഞ്ഞ് സുപ്രീംകോടതി. സമരം പരിഹരിക്കാനുള്ള പ്രാപ്തി സര്‍ക്കാറിനില്ലെന്ന് തുറന്നടിച്ച കോടതി, നിയമം മരവിപ്പിക്കാനും പ്രശ്‌ന പരിഹാര കമ്മിറ്റിക്ക് രൂപം നല്‍കാനും തയ്യാറായില്ലെങ്കില്‍ കോടതി തന്നെ അതു ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ദെ അധ്യക്ഷനായ ബെഞ്ച് താക്കീതു ചെയ്തു. ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി, ഇന്ന് ഉത്തരവപ് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി. പറയേണ്ടി വന്നതില്‍ ഖേദമുണ്ട്, കര്‍ഷക പ്രക്ഷോഭം പരിഹരിക്കാനുള്ള പ്രാപ്തി കേന്ദ്ര സര്‍ക്കാറിനില്ല. മതിയായ ചര്‍ച്ചകളില്ലാതെ നിങ്ങള്‍ നിയമമുണ്ടാക്കിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. അതുകൊണ്ട് നിങ്ങള്‍ തന്നെ സമരത്തിന് ഹരിഹാരം കാണണം – കോടതി പറഞ്ഞു.
പ്രശ്‌ന പരിഹാരത്തിനുള്ള വഴികള്‍ തുറന്നു കിട്ടുന്നതിനാണ് നിയമം മരവിപ്പിക്കണമെന്നും പ്രത്യേക കമ്മിറ്റിക്കു രൂപം നല്‍കണമെന്നുമുള്ള നിര്‍ദേശം കോടതി മുന്നോട്ടു വച്ചതെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ദെ അധ്യക്ഷനും ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി. രാജ്യതലസ്ഥാനത്ത് അതിശൈത്യത്തിലും കനത്ത മഴയിലും തുടരുന്ന കര്‍ഷക സമരങ്ങളെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച നിരുത്തരവാദ സമീപനവും കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. രക്തച്ചൊരിച്ചിലുണ്ടായാല്‍ ആരാകും ഉത്തരവാദിയെന്ന് ചോദിച്ച കോടതി, ഭരണഘടനാ കോടതിയെന്ന നിലയില്‍ ആര്‍ട്ടിക്കിള്‍ 21 ഉയര്‍ത്തിപ്പിടിക്കാന്‍ സുപ്രീംകോടതി ബാധ്യസ്ഥമാണെന്നും വ്യക്തമാക്കി.
കര്‍ഷക പ്രക്ഷോഭത്തിനു പിന്നില്‍ രണ്ടോ മുന്നോ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ മാത്രമാണെന്ന് എ.ജി വാദിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലോ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലോ നിയമത്തിനെതിരെ പ്രതിഷേധമില്ല. നിയമത്തിന്റെ നല്ല വശങ്ങളെക്കുറിച്ച് ഇവിടെയുള്ളവര്‍ ബോധവാന്മാരാണ്. കര്‍ഷകരുമായി സംവദിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്. ഹരിയാനാ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്താനിരുന്ന കര്‍ഷക സമ്പര്‍ക്ക പരിപാടി ഒരുകൂട്ടമാളുകള്‍ തടസ്സപ്പെടുത്തുകയായിരുന്നുവെന്നും എ.ജി വാദിച്ചു. അതേസമയം നിയമം കൈയിലെടുക്കുന്നവരെ സംരക്ഷിക്കാനല്ല സുപ്രീംകോടതി ഇടപെടുന്നതെന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. നിയമ ലംഘകരെ കണ്ടെത്തി അര്‍ഹമായ ശിക്ഷ ഉറപ്പാക്കണം. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുകയെന്ന ഭരണഘടനാ ബാധ്യതയാണ് കോടതി നിര്‍വഹിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ രാജ്പഥിലേക്ക് മാര്‍ച്ച് നടത്താന്‍ ഒരുങ്ങുന്നത് ചൂണ്ടിക്കാട്ടിയ എ.ജി ദേശീയ ദിനാ ഘോഷം നശിപ്പിക്കാനാണിതെന്നും ആരോപിച്ചു. അങ്ങനെ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു കര്‍ഷകര്‍ക്കു വേണ്ടി ഹാജരായ അഡ്വ. ദുഷ്യന്ത് ദവേയുടെ പ്രതികരണം. ചര്‍ച്ചകള്‍ക്കായുള്ള സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പേര് നിര്‍ദേശിക്കാന്‍ എസ്.ജി തുഷാര്‍ മേത്ത ഒരു ദിവസത്തെ സാവകാശം ചോദിച്ചു. മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധയെ ആണ് വിദഗ്ധ സമിതി അംഗമായി കര്‍ഷക സംഘടനകള്‍ക്കു വേണ്ടി ഹാജരായ അഡ്വ. ദുഷ്യന്ത് ദവെ നിര്‍ദേശിച്ചത്.

 

നിയമങ്ങള്‍ മരവിപ്പിക്കണം, അല്ലെങ്കില്‍
ഞങ്ങളത് ചെയ്യും- ചീഫ് ജസ്റ്റിസ്


ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന്റെ സുപ്രധാന കാരണമായ മൂന്ന് കാര്‍ഷിക നിയമങ്ങളും നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ദെ. നിയമങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണം. അതിനു ശേഷം പ്രശ്‌ന പരിഹാരത്തിനായി കമ്മിറ്റിക്ക് രൂപം നല്‍കണം. നിങ്ങളത് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ (സുപ്രീംകോടതി) ചെയ്യുമെന്നും ജസ്റ്റിസ് ബോബ്ദെ താക്കീതു ചെയ്തു. കര്‍ഷക സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം കോടതി തള്ളി. പ്രതിസന്ധിയെ കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു. ‘പ്രശ്‌നത്തിന് അനുയോജ്യമായ പരിഹാരം ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ അവസാനമായി നിങ്ങളോട് ചോദിച്ചത്. എന്തുകൊണ്ടാണ് നിങ്ങള്‍ നിയമം മരവിപ്പിക്കാത്തത്. എന്തു വിലകൊടുത്തും നിയമം നടപ്പാക്കുമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഈ അവസാന ഘട്ടത്തിലും ഞങ്ങള്‍ നിങ്ങളോടു ചോദിച്ചു. പക്ഷേ നിങ്ങള്‍ മറുപടി തന്നില്ല. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു. ആളുകള്‍ ആത്മഹത്യ ചെയ്യുന്നു. തണുപ്പില്‍ കഷ്ടപ്പെടുന്നു’- അറ്റോര്‍ണി ജനറലിനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.

സമയത്തെക്കുറിച്ച് ക്ലാസെടുക്കേണ്ടെന്ന്
എ.ജിയോട് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: തിടുക്കപ്പെട്ട് ഉത്തരവിറക്കാനുള്ള കോടതി നീക്കം ചോദ്യം ചെയ്ത അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്, സമയത്തെക്കുറിച്ച് പഠിപ്പിക്കേണ്ടെന്ന് ചീഫ് ജസ്റ്റിസിന്റെ മറുപടി.
ഞങ്ങള്‍ നിങ്ങള്‍ക്ക് നീണ്ട സമയം തന്നു. പക്ഷേ കാര്യക്ഷമമായി നിങ്ങള്‍ പ്രവര്‍ത്തിച്ചില്ല. സമയത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ക്ലാസെടുക്കരുത്. എപ്പോള്‍ ഉത്തരവിറക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. ഇന്നോ നാളെയോ ആയി ഉത്തരവുണ്ടാകും – ജസ്റ്റിസ് ബോബ്ദെ പറഞ്ഞു.
തെറ്റായി എന്തെങ്കിലും സംഭവിച്ചാല്‍ നമ്മള്‍ ഓരോരുത്തരും ഉത്തരവാദികളായിരിക്കും. ഒരു അപായവും നമ്മള്‍ ആഗ്രരിക്കുന്നില്ല. നമ്മുടെ കൈകളില്‍ രക്തക്കറ പറ്റുകയും ചെയ്യരുത്- പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സാവകാശം തേടിയപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ബോബ്ദെയുടെ രൂക്ഷ പ്രതികരണം. വിഷയത്തെ കാര്യക്ഷമമായി നിങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ല. ഇന്ന് ഞങ്ങളൊരു തീരുമാനമെടുക്കുമെന്നും കോടത പറഞ്ഞു. കഴിഞ്ഞ ദിവസം കോടതി സാവകാശം അനുവദിച്ചെങ്കിലും ഇതിനു ശേഷം നടന്ന ചര്‍ച്ചയിലും ഒരു പുരോഗതിയും പ്രകടമാകാത്ത പശ്ചാത്തലത്തിലായിരുന്നു കോടതിയില്‍നിന്ന് അതിരൂക്ഷ വിമര്‍ശനമുണ്ടായത്.