ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് കേരളയാത്ര ഫെബ്രുവരി ഒന്നു മുതല്‍

6
തിരുവനന്തപുരത്ത് നടന്ന യു.ഡി.എഫ് നേതൃയോഗത്തില്‍ കണ്‍വീനര്‍ എം.എം ഹസന്‍ സംസാരിക്കുന്നു. എ.എ അസീസ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, പി.ജെ ജോസഫ്, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ സമീപം

ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി,
പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള
നേതാക്കള്‍ നേതൃത്വം നല്‍കും
കോ-ഓഡിനേറ്റര്‍ വി.ഡി.സതീശന്‍

 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര ഫെബ്രുവരി ഒന്നിന് തുടങ്ങും. കാസര്‍കോട് നിന്ന് തുടങ്ങുന്ന ജാഥ 22 ദിവസം കൊണ്ട് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലൂടെയും സഞ്ചരിക്കും. സമസ്ത മേഖലയിലും പരാജയപ്പെട്ട ഇടതുസര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ ജനങ്ങളിലെത്തിക്കാനും യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായുമാണ് കേരള യാത്രയെന്ന് യു.ഡി.എഫ് യോഗത്തിനു ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കക്ഷി നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, എ.എഅസീസ്, അനൂപ് ജേക്കബ്, സി.പി ജോണ്‍, ജി.ദേവരാജന്‍, ജോണ്‍ ജോണ്‍ തുടങ്ങിയവര്‍ യാത്രക്ക് നേതൃത്വം നല്‍കും. വി.ഡി സതീശന്‍ എം.എല്‍.എയാണ് കേരള യാത്രയുടെ കോ-ഓര്‍ഡിനേറ്റര്‍. നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക തയ്യാറാക്കാന്‍ ബെന്നി ബഹനാന്‍ എം.പി ചെയര്‍മാനും സി.പി ജോണ്‍ കണ്‍വീനറുമായ സമിതിയെ യു.ഡി.എഫ് യോഗം ചുമതലപ്പെടുത്തി.
എല്ലാ രംഗത്തും പരാജയപ്പെട്ട ഒരു സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ യുഡിഎഫ് തീരുമാനിച്ചിരിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് കേരള യാത്രയെന്നും ചെന്നിത്തല പറഞ്ഞു. കോവിഡാനന്തരം കേരളത്തിലെ ജനങ്ങള്‍ പട്ടിണിയും പ്രയാസവും നേരിടുകയാണ്. ആരുടെ കയ്യിലും പണമില്ലാത്ത അവസ്ഥയാണ്. കോവിഡ് രോഗികളെ പരിശോധിക്കാന്‍ പോലും സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നില്ല. നാലര വര്‍ഷക്കാലമായി ജനജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കുന്ന, കേരളത്തിന്റെ വികസനം മുരടിപ്പിച്ച ഒരു സര്‍ക്കാര്‍ അധികാരത്തിലിരിക്കുകയാണ്. എല്ലാ ജനവിഭാഗങ്ങളും സര്‍ക്കാരിനെതിരായ തങ്ങളുടെ നിലപാടുകള്‍ പലരീതിയില്‍ പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യു.ഡി.എഫ് നേതാക്കള്‍ വിവിധ സാമുദായിക നേതൃത്വങ്ങളുമായും മറ്റും ചര്‍ച്ചകള്‍ നടത്തി. അവര്‍ ആശങ്കകള്‍ പങ്കുവച്ചിട്ടുണ്ട്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 245 പാലങ്ങളാണ് പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ രണ്ട് പാലങ്ങള്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ തന്നെ എന്തൊരുപ്രചരണ കോലാഹലങ്ങളാണ് നടത്തിയത്. ഈ മാസം 23ന് നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തും. 15 ന് എല്ലാ ജില്ലകളിലെയും യു.ഡി.എഫ് ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരുടെ യോഗം തിരുവനന്തപുരത്ത് ചേരും. 16, 17 തീയതികളില്‍ ജില്ലാ കമ്മിറ്റികള്‍ ചേരാനും യോഗം തീരുമാനിച്ചു.