സംശുദ്ധം, സത്ഭരണം

ഐശ്വര്യ കേരളം ഉന്നമിട്ട് യു.ഡി.എഫ് കരട് പ്രകടനപത്രിക

റബ്ബര്‍ കര്‍ഷകര്‍ക്ക് 250 രൂപ താങ്ങുവിലതൊഴിലുറപ്പ് വേതനം ഉയര്‍ത്തുംഒരുങ്ങുന്നത് ജനകീയ പ്രകടന പത്രികനിര്‍ദേശങ്ങള്‍ അറിയിക്കാന്‍ ഇ മെയില്‍വിവിധ വിഭാഗക്കാരുമായി നേരിട്ട് സംവദിക്കുമെന്നും നേതാക്കള്‍

കേരളത്തിന്റെ സമഗ്ര പുരോഗതി ഉറപ്പാക്കി, യു.ഡി.എഫിന്റെ കരട് പ്രകടനപത്രിക പുറത്തിറക്കി. സംശുദ്ധം സത്ഭരണം എന്നിവ ഉറപ്പ് നല്‍കുന്ന കരട് പത്രിക, സ്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെയും ക്ഷേമം ഉറപ്പാക്കുന്നു. കൈത്താങ്ങ്, കരുതല്‍, നിക്ഷേപ സൗഹൃദം, കൂടുതല്‍ തൊഴില്‍ എന്നിവക്ക് കരട് പ്രകടന പത്രികയില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. ജനങ്ങളോട് കൂടിയാലോചിച്ചാവും അന്തിമ പ്രകടന പത്രിക തയാറാക്കുക. ജനങ്ങളുടെ കൂടുതല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും
aishwaryakeralam@gmail.com, peoplesmanifesto2021@gmail.com എന്നീ ഇ- മെയില്‍ വിലാസങ്ങളില്‍ അറിയിക്കാവുന്നതാണ്.
സാമുദായിക സൗഹാര്‍ദ്ദവും സമന്വയവുമാണ് യു.ഡി.എഫിന്റെ ലക്ഷ്യം. ഒരുമ, നീതി, കരുതല്‍, വികസനം, സത്ഭരണം, സമാധാന ജീവിതം, അഴിമതി രഹിതം എന്നീ അടിസ്ഥാന തത്വങ്ങളിലൂന്നിയുള്ളതാണ് കരട് പ്രകടന പ്രതിക. കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രകടന പത്രികയുടെ കരട് രൂപം പുറത്തിറക്കിയത്്്.
റബ്ബര്‍ കര്‍ഷകര്‍ക്ക് 250 രൂപ താങ്ങുവില ഉറപ്പാക്കും. തൊഴിലുറപ്പ് പദ്ധതിയിലൂടെ വേതനവും തൊഴില്‍ ദിനവും ഉയര്‍ത്തും. 17ന് രാവിലെ 10ന് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളുടെ യോഗം കണ്ണൂരില്‍ നടക്കും. വൈകിട്ട് 3 മണിക്ക് മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ യോഗം കോഴിക്കോട് വച്ചും, ജനുവരി 18 ന് 10 മണിക്ക് പാലക്കാട്, വൈകുന്നേരം 3 മണിക്ക് തൃശ്ശൂരും 19 ന് രാവിലെ 10 മണിക്ക് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ യോഗം കോട്ടയത്തു വച്ചും 3 മണിക്ക് എറണാകുളം, ആലപ്പുഴ ജില്ലകളിലെ യോഗം എറണാകുളത്തുവച്ചും നടത്തും. ജനുവരി 20 ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സംയുക്തയോഗം കൊല്ലത്തു ചേരും.
ഭക്ഷ്യകിറ്റെന്ന് ആശയം കൊണ്ടുവന്നത് യു.ഡി.എഫ് ആണെന്നും ലൈഫ് പദ്ധതി പിരിച്ച് വിടുമെന്ന് ആരും പറഞ്ഞിട്ടില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡോ. ശശി തരൂര്‍ എം.പിയെ പോലുള്ളവരുമായി കൂടിയാലോചിച്ചായിരിക്കും പ്രകടന പത്രികക്ക് അന്തിമ രൂപം നല്‍കുക എന്നും അദ്ദേഹം പറഞ്ഞു. മാനിഫെസ്റ്റോ കമ്മിറ്റി ചെയര്‍മാന്‍ ബെന്നി ബഹ്നാന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, മാനിഫെസ്റ്റോ കമ്മിറ്റി അംഗങ്ങളായ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

ന്യായ് പദ്ധതി നടപ്പാക്കും

പാവങ്ങള്‍ക്ക്
മാസം 6000 രൂപ
വര്‍ഷം 72,000
രൂപ വീതം
അക്കൗണ്ടിലേക്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിഭാവനം ചെയ്ത പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് പണം നല്‍കുന്ന ന്യായ് പദ്ധതി, യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കേരളത്തില്‍ നടപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് പ്രകടന പത്രികയിലെ സുപ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന് ഫേസ്ബുക്കിലൂടെയാണ് ചെന്നിത്തല വെളിപ്പെടുത്തിയത്. പ്രകടന പത്രികയുടെ കരട് പുറത്തിറക്കാന്‍ ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗത്തിലും പ്രതിപക്ഷ നേതാവ് ഇക്കാര്യം വിശദീകരിച്ചു. പ്രതിമാസം 6000 രൂപയാണ് ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുക. വര്‍ഷത്തില്‍ 72,000 രൂപ പദ്ധതി വഴി പാവങ്ങള്‍ക്ക് ലഭിക്കും. സംസ്ഥാനത്തുനിന്ന് ദാരിദ്ര്യം തുടച്ചുനീക്കാന്‍ ഈ പദ്ധതിക്ക്കഴിയുമെന്നും ന്യായ് പദ്ധതി പൂര്‍ണ തോതില്‍ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും ചെന്നിത്തല പറഞ്ഞു.