പത്താംക്ലാസ് ഓണ്‍ലൈന്‍ പഠനം;  ചടങ്ങായ് തീര്‍ത്ത് വിദ്യാഭ്യാസ വകുപ്പ് പ്രതിസന്ധിയിലായി വിദ്യാര്‍ത്ഥികള്‍

ശാസ്ത്ര സാഹിത്യ പരിഷത്ത്
സര്‍വേ സര്‍ക്കാറിന് തിരിച്ചടി
ഹയര്‍ സെക്കണ്ടറി
പാഠഭാഗങ്ങള്‍
പകുതി പോലും തീര്‍ന്നില്ല

മലപ്പുറം: കോവിഡ് പാശ്ചാത്തലത്തില്‍ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേക്ഷണം ചെയ്ത ഓണ്‍ലൈന്‍ ക്ലാസുകളില്‍ പത്താം തരം ക്ലാസുകള്‍ ഇന്നലെ പൂര്‍ത്തിയായി. 77 ശതമാനം കുട്ടികള്‍ക്ക് ക്ലാസുകള്‍ മനസ്സിലാക്കുന്നതില്‍ പ്രയാസം നേരിട്ടുവെന്നും 50 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ പൂര്‍ണമായും ക്ലാസുകള്‍ പിന്തുടര്‍ന്നിട്ടില്ലെന്നുമുള്ള വസ്തുത (പരിഷത്ത് സര്‍വേ റിപ്പോര്‍ട്ട്്) നിലനില്‍ക്കെയാണ് എസ്.എസ്.എല്‍.സി ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ സമാപിച്ചതായി സര്‍ക്കാറിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത്.
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പാഠഭാഗങ്ങള്‍ ഒരു ചടങ്ങു പോലെ തീര്‍ത്തപ്പോള്‍ ലക്ഷക്കണക്കിന് കുട്ടികളാണ് അവരുടെ സിലബസിനെ പൂര്‍ണമായി ഉള്‍ക്കൊള്ളാനാവാതെ പ്രതിസന്ധിയിലായിരിക്കുന്നത്. മാര്‍ച്ച് 17ന് എസ്.എസ്.എല്‍.സി പരീക്ഷ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനെ എങ്ങിനെ നേരിടുമെന്ന ആശങ്കയും വിദ്യാര്‍ത്ഥികളിലുണ്ട്.
സി.പി.എം അനുകൂല സംഘടനയായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഒരു ബ്ലോക്ക് പരിധിയില്‍ നിന്ന് 12 കുട്ടികള്‍, 12 രക്ഷിതാക്കള്‍, 12 അധ്യാപകര്‍ എന്നിങ്ങനെ സാമ്പിള്‍ തെരഞ്ഞെടുത്ത് നടത്തിയ സര്‍വേയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണ്. ഇവര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്ലാസുകള്‍ മുടക്കം കൂടാതെ കണ്ടവര്‍ 67 ശതമാനം മാത്രമാണ്. 12 ശതമാനം കുട്ടികളുടെ വീട്ടില്‍ ടി. വി ഇല്ല, സ്മാര്‍ട്ട് ഫോണ്‍ വഴി തുടര്‍പഠനത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത 8 ശതമാനം കുട്ടികള്‍, 39.5 ശതമാനത്തിനും ഇന്റര്‍നെറ്റ് വേഗതക്കുറവ്, ഒരു വീട്ടില്‍ ഒന്നിലധികം കുട്ടികള്‍ ഉണ്ടാകുമ്പോള്‍ ഉപകരണലഭ്യത പ്രശ്‌നം, ഉപകരണം ഉപയോഗിക്കുന്നതിലെ പരിജ്ഞാനക്കുറവ് ഏറെ ബാധിക്കുന്നത് ദരിദ്രരെയും പിന്നാക്ക വിഭാഗങ്ങളെയും, ഡിജിറ്റല്‍ ക്ലാസുകളോട് കുട്ടികള്‍ക്ക് താല്‍പര്യം കുറഞ്ഞു എന്നിങ്ങനെ പറയുന്ന റിപ്പോര്‍ട്ട് മുന്നിരിക്കെയാണ് പത്താം ക്ലാസ് പഠനം പൂര്‍ത്തിയായെന്നും റിവിഷന്‍ ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും പറയുന്നത്. ചുരുങ്ങിയ എണ്ണം വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കണക്കെടുത്ത് സി.പി.എം അനുകൂല സംഘടന നടത്തിയ സര്‍വേയില്‍ പേലും ഓണ്‍ലൈന്‍ ക്ലാസിന്റെ പ്രയോജനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായിട്ടില്ല എന്ന് അടിവരയിടുന്നുണ്ട്.
നൂറു മാര്‍ക്കില്‍ പരീക്ഷ എഴുതേണ്ട ഇംഗ്ലീഷ്, കണക്ക്, സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളിലും ക്ലാസുകള്‍ ഫലപ്രദമായി നടന്നിട്ടില്ല. ആഴ്ചയില്‍ അഞ്ചും ആറും പിരിയേഡില്‍ തീര്‍ക്കാറുള്ള ഈ വിഷയങ്ങളിലെ പാഠഭാഗങ്ങള്‍ ഒന്നു ഓടിച്ചു പോവാന്‍ മാത്രമേ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സാധിച്ചിട്ടുള്ളു. ഇതില്‍ നിന്നും ലഭിച്ച അറിവുമായി പരീക്ഷയെ നേരിട്ടാല്‍ എന്തു സംഭവിക്കുന്നമെന്നതിനെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പിടിയുമില്ല.
ബോര്‍ഡ് പരീക്ഷക്കായി തയാറെടുക്കുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. നിലവില്‍ സ്‌കൂളുകളില്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. പകുതി വിദ്യാര്‍ത്ഥികളെ ഇരുത്തി നടക്കുന്ന ഈ ക്ലാസുകള്‍ കൊണ്ട് ഇതെല്ലാം പഠിച്ച് തീരുമോയെന്ന ഭയമാണ് പലര്‍ക്കും. ഫോക്കസ് ഏരിയകള്‍ വെച്ച് വേഗത്തില്‍ സിലബസിലെ കാര്യങ്ങള്‍ പഠിച്ചു തീര്‍ക്കാനുള്ള ടെക്നിക്കുകളാണ് അധ്യാപകര്‍ പരിശീലിപ്പിക്കുന്നത്. ട്രിക്കുകളും കീവേര്‍ഡുകളുമൊക്കെ ഉപയോഗിച്ച് വേഗത്തില്‍ പഠിച്ചെടുക്കാമെന്ന് കരുതിയാലും തീരാത്ത അത്രയധികം ആഴവും പരപ്പുമേറിയതാണ് മേല്‍പറഞ്ഞ വിഷയങ്ങളെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
സിലബസ് വെട്ടിച്ചുരുക്കിയിരുന്നെങ്കില്‍ ഇത് കാര്യമായി വിദ്യാര്‍ത്ഥികളെ ബാധിക്കില്ലായിരുന്നുവെന്നും വിദ്യഭ്യാസ വിദഗ്ധര്‍ പറയുന്നുണ്ട്. ഇതു വേണ്ടെന്ന സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പിടിവാശി വിദ്യാര്‍ത്ഥികളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. സി.ബി.എസ്.ഇ അടക്കുള്ള ബോര്‍ഡുകള്‍ സിലബസ് ആനുപാതികമായി കുറച്ചപ്പോഴും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് വിപരീത തീരുമാനമാണ് എടുത്തത്. 30 ശതമാനത്തിനു മുകളില്‍ പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കി പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ നടത്താനാണ് സി.ബി.എസ്.ഇ ഉള്‍പ്പെടെയുള്ള ബോര്‍ഡുകളുടെ തീരുമാനം. പ്രാക്ടിക്കല്‍ പരീക്ഷയുടെ കാര്യത്തിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, സംസ്ഥാന സിലബസ് പിന്തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആനൂകൂല്യം ലഭിക്കില്ല എന്നതാണ് വസ്തുത. ചില ഭാഗങ്ങള്‍ ചോദ്യങ്ങളില്‍നിന്ന് ഒഴിവാക്കുമെന്ന സൂചനമാത്രമാണ് സംസ്ഥാന സിലബസ് പിന്തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയിട്ടുള്ളത്.
സമാന അവസ്ഥയാണ് ഹയര്‍സെക്കണ്ടറി വിഭാഗത്തിലുമുള്ളത്. പരീക്ഷ തീരുമാനിച്ചിട്ടുണ്ടെങ്കിലും പകുതി പോലും പാഠഭാഗങ്ങള്‍ തീര്‍ന്നിട്ടില്ല എന്നതാണ് വസ്തുത. പല വിഷയങ്ങളിലും പാഠഭാഗങ്ങള്‍ ആരംഭിച്ചിട്ടുപോലുമില്ല. ഇത്തരത്തിലൊരു ഘട്ടത്തില്‍ മാര്‍ച്ചില്‍ എങ്ങിനെ പരീക്ഷ നടത്തുമെന്നതിനെ കുറിച്ച് യാതൊരു ധാരണയും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപര്‍ക്കുമില്ല. സംസ്ഥാന സര്‍ക്കാറിന്റെ നിരുത്തരവാദ നിലപാടിനെതിരെ ശക്തമയ പ്രതിഷേധമാണ് വിദ്യാഭ്യാസ മേഖലയില്‍ നിന്നും ഉയരുന്നത്.