ദുബൈ: 2020ല്‍ ദുബൈയില്‍ 1,303 പുതിയ ഭക്ഷ്യ സ്ഥാപനങ്ങള്‍ ആരംഭിച്ചതായി ദുബൈ മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ പരിശോധനാ വിഭാഗം മേധാവി സുല്‍ത്താന്‍ അല്‍ താഹിര്‍ അറിയിച്ചു. പ്രതിദിനം 3.5 എന്ന നിരക്കിലായിരുന്നു കഴിഞ്ഞ വര്‍ഷം പ്രതിദിനം എമിറേറ്റില്‍ പ്രവര്‍ത്തനമാരംഭിച്ച ഭക്ഷ്യ സ്ഥാപനങ്ങളെന്നും 2020 അവസാനത്തോടെ ദുബൈ എമിറേറ്റിലെ ഭക്ഷ്യ സ്ഥാപനങ്ങളുടെ എണ്ണം 19,259 ആയി വര്‍ധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന എക്സ്പോക്ക് മുന്‍പായി ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 20,000 ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമിറേറ്റിലെ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കുള്ള വര്‍ധിച്ച വിശ്വാസ്യതയും വളര്‍ച്ചയുമാണ് ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.