40,000ത്തിലധികം വ്യാജ സര്‍ജികല്‍ മാസ്കുകളും 25,000 ഗ്ളൗസുകളും വില്ക്കാന് ശ്രമിച്ചതിനും അറസ്റ്റ്
ദുബൈ: 1.2 ബില്യന്‍ ദിര്‍ഹം വിലയുള്ള 30,000 വ്യാജ ആഡംബര വാച്ചുകള്‍ വില്ക്കാന് ശ്രമിച്ച സംഘത്തെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. മഹാമാരി കാലയളവില്‍ 40,000ത്തിലധികം വ്യാജ സര്‍ജികല്‍ മാസ്കുകള്‍, 25,000 ഗ്ളൗസുകള്‍ എന്നിവ വില്ക്കാന് ശ്രമിച്ചതിനും അറസ്റ്റ് രേഖപ്പെടുത്തി.
കോവിഡ് 19 മഹാമാരി സാഹചര്യത്തില്‍ മാസ്കുകളും ഗ്ളൗസുകളും പോലുള്ള വ്യാജ മെഡിക്കല്‍ ഉല്പന്നങ്ങള് വില്‍ക്കുന്ന ക്രിമിനല്‍ സംഘത്തിന്റെ നീക്കം പൊലീസ് പരാജയപ്പെടുത്തുകയായിരുന്നുവെന്ന് ദുബൈ പൊലീസ് സിഐഡി മേധാവി ബ്രിഗേഡിയര്‍ ജമാല്‍ സാലം അല്‍ജല്ലാഫ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം വ്യാജ മെഡിക്കല്‍ ഉല്പന്നങ്ങള് വിറ്റിരുന്ന സംഘത്തെ ദുബൈ പൊലീസ് പിന്തുടര്‍ന്നിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. 40,000ത്തിലധികം വ്യാജ സര്‍ജികല്‍ മാസ്കുകളും 25,000 ഗ്ളൗസുകളും 1,000 കണ്ണടകളും മറ്റു സുരക്ഷാ യൂണിഫോമുകളും പൊലീസ് ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. അജ്ഞാത സ്ഥലത്താണ് ഇവയുടെ ഉല്പാദനം നടന്നിരുന്നത്. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട കാലയളവില്‍ യുഎഇയില്‍ ദേശീയ അണുനശീകരണ യജ്ഞം നടക്കുന്നതിനിടെ സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ വ്യാജ മെഡിക്കല്‍ ഉല്പന്നങ്ങള് വിറ്റിരുന്നത്. ഓണ്‍ലൈന്‍ വില്പനക്കായി വില്ലകളില്‍ ഈ വ്യാജ ഉല്പന്നങ്ങള് റീപായ്ക്ക് ചെയ്യുമ്പോഴായിരുന്നു ഇവരെ പിടിച്ചത്. ജനങ്ങളുടെ ഭീതിയും മഹാമാരി കാലത്തിന്റെ പ്രാരംഭ ഘട്ടത്തിലെ മെഡിക്കല്‍ ഉല്പന്നങ്ങളുടെ ആവശ്യവും മുതലെടുക്കുകയായിരുന്നു ഇവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ദുബൈ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ വിഭാഗം മേധാവി കേണല്‍ ഉമര്‍ ബിന്‍ ഹമദ് പറഞ്ഞത്, ”കഴിഞ്ഞ വര്‍ഷം തന്റെ വകുപ്പ് 2.6 ബില്യന്‍ ദിര്‍ഹം മൂല്യമുള്ള 250 കേസുകള്‍ രേഖപ്പെടുത്തിയെന്നും വ്യത്യസ്ത സാമ്പത്തിക കുറ്റങ്ങളില്‍ 320 പേരെ അറസ്റ്റ് ചെയ്തെന്നും” ആയിരുന്നു. മഹാമാരിക്കിടെയുള്ള അസാധാരണ കാലയളവിലാണ് 1.2 ബില്യന്‍ ദിര്‍ഹം മൂല്യമുള്ള, രണ്ട് അപാര്ട്മെന്റുകളില്
ഒളിപ്പിച്ചുവെച്ച 30,000 വ്യാജ ആഡംബര വാച്ചുകള്‍ വകുപ്പ് പിടിച്ചെടുത്തത്.
ദുബൈ സാമ്പത്തിക വകുപ്പുമായി ചേര്‍ന്ന് ഇത്തരം കൃത്രിമ ഉല്പന്നങ്ങളെ വില്ക്കാന് അനുവദിക്കില്ലെന്ന സന്ദേശമാണ് ദുബൈ പൊലീസ് കുറ്റവാളികള്‍ക്ക് നല്‍കിയതെന്നും കേണല്‍ ബിന്‍ ഹമദ് പറഞ്ഞു. വ്യവസായങ്ങളില്‍ കോടികള്‍ ചെലവഴിച്ച ബ്രാന്റുകള്‍ക്കും വന്‍ കമ്പനികള്‍ക്കും ദുബൈ എല്ലായ്പ്പോഴും സുരക്ഷിത ഇടമായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.