ശസ്ത്രക്രിയക്ക് വിധേയമായത് 9 വയസുള്ള നൈജീരിയന്‍ ആണ്‍കുട്ടി
അജ്മാന്: 3ഡി സാങ്കേതികത ഉപയോഗിച്ച് ഒമ്പത് വയസുള്ള നൈജീരിയന്‍ ബാലനില്‍ നടത്തിയ ശക്ത്രക്രിയ വന്‍ വിജയമായി. അജ്മാന് തുംബൈ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ഈ അപൂര്‍വ സര്‍ജറി നടന്നത്. വലിയ മുറിവു മൂലം പരുത്ത കാലുമായി ജീവിതം ദുര്‍ഘടമായ ഈ കുട്ടിക്കാണ് കാലിന്റെ മധ്യഭാഗത്ത് നടത്തിയ റീകണ്‍സ്ട്രക്ഷന്‍ സര്‍ജറി വഴി ആശ്വാസം പകരാനായത്. കാലു മുറിച്ചു മാറ്റേണ്ടി വരുമായിരുന്ന സാഹചര്യമാണ് ഇതോടെ ഒഴിവായിക്കിട്ടിയത്.

അപകടത്തില്‍ വെടിയുണ്ട കൊണ്ടത് മൂലമാണ് വലതു കാലില്‍ വലിയ മുറിവുണ്ടായത്. അസ്ഥികളും തരുണാസ്ഥികളും തകര്‍ന്നു പോയിരുന്നു. നൈജീരിയയിലെ പല വിദഗ്ധ ഡോക്ടര്‍മാരെയും കാണിച്ചെങ്കിലും സുഖപ്പെട്ടില്ല. കാല് മുറിച്ചു മാറ്റുകയല്ലാതെ വേറെ മാര്ഗമില്ലെന്നായതോടെയാണ് യുഎഇയിലെത്തിയത്. പഠനത്തില്‍ മിടുക്കനായ ഈ കുട്ടി നല്ലൊരു ഡാന്‍സറും കരാട്ടെ അഭ്യാസിയുമാണ്. അതിനാല്‍, കുട്ടിയുടെ ഭാവിയില്‍ രക്ഷിതാക്കള്‍ വളരെ ഉത്കണ്ഠാകുലരായിരുന്നു. ഇതേത്തുടര്‍ന്നാണ് തുംബൈ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ പ്ളാസ്റ്റിക് സര്ജന് ഡോ. ഫൈസല്‍ അമീറിനെ കാണുന്നത്. അദ്ദേഹത്തെ കാണാനിടയായതാണ് അസുഖം ഭേദമാവാന്‍ വഴിയൊരുക്കിയത്. നിരവധി വിദഗ്ധരുടെ കണ്സള്ട്ടേഷനില് മികച്ച ചികില്‍സ തന്നെ കുട്ടിക്ക് നല്കാന് ഡോ. ഫൈസലിന് സാധിച്ചു. ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയയാണ് ഇവിടെ നടന്നതെന്ന പ്രത്യേകതയുമുണ്ട്. ഇത് വിജയിച്ചതില്‍ അദ്ദേഹം അതിയായ ആഹ്ളാദവും അഭിമാനവും രേഖപ്പെടുത്തി.
