ഇന്ത്യന്‍ റിപ്പബ്‌ളിക് ദിനാഘോഷം: അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് അഷ്‌റഫ് താമരശ്ശേരിയെ ആദരിച്ചു

130
അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് ആസ്ഥാനത്ത് ഒരുക്കിയ 72-ാം ഇന്ത്യന്‍ റിപ്പബ്‌ളിക് ദിനാഘോഷത്തില്‍ സിഇഒ ഹസന്‍ ഫര്‍ദാന്‍ അല്‍ഫര്‍ദാന്‍ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് അഷ്‌റഫ് താമരശ്ശേരിയെ മെമെന്റോ നല്‍കി ആദരിക്കുന്നു

യുഎഇ-ഇന്ത്യാ ബന്ധം വിശിഷ്ടം -ഹസന്‍ ഫര്‍ദാന്‍ അല്‍ഫര്‍ദാന്‍

ദുബൈ: മിഡില്‍ ഈസ്റ്റിലെ പ്രധാന ധന വിനിമയ സ്ഥാപനമായ അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് 72-ാമത് ഇന്ത്യന്‍ റിപ്പബ്‌ളിക് ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. അല്‍ബര്‍ഷ ഹൈറ്റ്‌സിലെ ഒനിക്‌സ് ടവറിലെ അല്‍ഫര്‍ദാന്‍ ആസ്ഥാനത്ത് ഒരുക്കിയ വര്‍ണാഭമായ ചടങ്ങില്‍ സിഇഒ ഹസന്‍ ഫര്‍ദാന്‍ അല്‍ഫര്‍ദാന്‍ മുഖ്യാതിഥിയായിരുന്നു.
ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് കഴിഞ്ഞ 18 വര്‍ഷമായി നിസ്വാര്‍ത്ഥമായ സേവന പ്രവര്‍ത്തനങ്ങള്‍ തുടരുന്ന പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് അഷ്‌റഫ് താമരശ്ശേരിയെ ചടങ്ങില്‍ ഹസന്‍ ഫര്‍ദാന്‍ അല്‍ഫര്‍ദാന്‍ മെമെന്റോ നല്‍കി ആദരിച്ചു.
72-ാമത് ഇന്ത്യന്‍ റിപ്പബ്‌ളിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ ആഹ്‌ളാദവും അഭിമാനവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ”ഇന്ത്യയും യുഎഇയും തമ്മിലുള്ള സ്‌നേഹബന്ധം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നു. യുഎഇ-ഇന്ത്യന്‍ സമൂഹങ്ങള്‍ തമ്മില്‍ ഈ വിശിഷ്ട ബന്ധത്തിന്റെ പരിമളം ആസ്വദിക്കുന്നു. ഇന്ത്യ പരമാധികാര ജനാധിപത്യ-സോഷ്യലിസ്റ്റ് റിപ്പബ്‌ളിക്കായതിന്റെ ആഘോഷം ഇന്ന് 72-ാം വര്‍ഷത്തില്‍ ആഘോഷിക്കുമ്പോള്‍ അതിന് ഏറെ സവിശേഷതകളുണ്ടെന്നത് ഏറെ പ്രസ്താവ്യമാണ്” -അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീകമാണ് ഈ സുദിനം. ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും മതസൗഹാര്‍ദം പൂത്തുലഞ്ഞു നില്‍ക്കുന്നതുമായ നന്മ നിറഞ്ഞ നാടാണ് ഇന്ത്യ. ഈയവസരത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അദ്ദേഹം റിപ്പബ്‌ളിക് ദിന ആശംസ നേര്‍ന്നു.
ഇന്ത്യന്‍ സമൂഹം അല്‍ഫര്‍ദാന് നല്‍കി വരുന്ന പിന്തുണ അളവറ്റതാണ്. ഇന്ത്യയില്‍ സമീപ ഭാവിയില്‍ കുടുതല്‍ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. അഷ്‌റഫ് താമരശ്ശേരി എന്ന നിസ്വാര്‍ത്ഥനായ സാമൂഹിക വ്യക്തിത്വത്തെ ഈ ആഘോഷത്തില്‍ ആദരിക്കാനായതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു.
അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ക്ഷണിക്കപ്പെട്ട മറ്റു അതിഥികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

അഷ്‌റഫ് താമരശ്ശേരി കേക്ക് മുറിക്കുന്നു