അഫ്ഗാന്‍ സുപ്രീംകോടതിയിലെ രണ്ട് വനിതാ ജഡ്ജിമാര്‍ വെടിയേറ്റ് മരിച്ചു

3
കാബൂളില്‍ വനിതാ ജഡ്ജിമാര്‍ വെടിയേറ്റ് മരിച്ച സ്ഥലം സന്ദര്‍ശിക്കുന്ന ബന്ധുക്കള്‍

കാബൂള്‍: അഫ്ഗാന്‍ സുപ്രീംകോടതിയിലെ രണ്ട് വനിതാ ജഡ്ജിമാര്‍ വെടിയേറ്റ് മരിച്ചു. തലസ്ഥാനമായ കാബൂളില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. ജഡ്ജിമാര്‍ സഞ്ചരിച്ച കാറിനുനേരെ അജ്ഞാതര്‍ വെടിവെക്കുകയായിരുന്നു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. കോടതിയിലേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്.
അഫ്ഗാനിസ്താനില്‍ യു.എസ് സൈനികരുടെ എണ്ണം 2500 ആയി കുറച്ചതായി അമേരിക്കന്‍ പ്രതിരോധ വിഭാഗം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ജഡ്ജിമാര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് വ്യക്തമാക്കി. എന്നാല്‍ താലിബാനാണ് ആക്രമണം നടത്തിയതെന്ന് അഫ്ഗാന്‍ ഭരണകൂടം ആരോപിച്ചു.
അഫ്ഗാന്‍ സുപ്രീംകോടതിയില്‍ 200 വനിതാ ജഡ്ജിമാരുണ്ട്. 2017 ഫെബ്രുവരിയില്‍ സുപ്രീംകോടതി പരിസരത്തുണ്ടായ ചാവേറാക്രമണത്തില്‍ 20 കോടതി ജീവനക്കാര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ അഫ്ഗാന്‍ ഭരണകൂടവും താലിബാനും സമാധാന ചര്‍ച്ചകള്‍ തുടരുമ്പോഴും അക്രമങ്ങള്‍ തുടരുകയാണ്. സമീപ മാസങ്ങളില്‍ അഫ്ഗാനിലുണ്ടായ വ്യത്യസ്ത ആക്രമണങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, പ്രോസിക്യൂട്ടര്‍മാര്‍, ഡോക്ടര്‍മാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
പല ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഐ.എസ് തീവ്രവാദികള്‍ ഏറ്റെടുത്തിരുന്നു. അമേരിക്കയുമായുള്ള സമാധാന കരാര്‍ പ്രകാരം യു.എസ് സൈനികരെ ആക്രമിക്കില്ലെന്ന് താലിബാന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.