കോവിഡിനെതിരെ ജാഗ്രത പാലിക്കുക: ദുബൈ കെഎംസിസി

ദുബൈ: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് യുഎഇയില്‍ വിശിഷ്യാാ ദുബൈയില്‍ നിലനിന്നിരുന്ന നിയമ, ചട്ട വ്യവസ്ഥകളില്‍ പതുക്കെ ഇളവുകള്‍ ലഭ്യമായി വരുന്നതിനിടെ ഭീതിദമാംവിധം രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ദുബൈ ഗവണ്‍മെന്റിന് കീഴിലെ വിവിധ വകുപ്പുകള്‍ രോഗവ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുജനാരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് അതുല്യമായ സേവനങ്ങളും കരുതല്‍ നടപടികളുമാണ് യുഎഇയില്‍, പ്രത്യേകിച്ചും
ദുബൈയില്‍ ഭരണകൂടം സ്വീകരിച്ച് വരുന്നത്. തദ്ദേശീയരെന്നോ വിദേശികളെന്നോ വേര്‍തിരിവില്ലാതെ മാനവികതക്ക് വില കല്‍പിച്ച് മനുഷ്യരെ ഒന്നായി കാണുകയും അവരുടെ ക്ഷേമ കാര്യങ്ങളിലും ആരോഗ്യ-സുരക്ഷിതത്വ വിഷയങ്ങളിലും ഏറെ ശ്രദ്ധ നല്‍കി വരികയും ചെയ്യുന്ന സര്‍ക്കാറാണ് ഇവിടെയുള്ളത്. സമീപ ദിവസങ്ങളിലായി പുറത്തു വരുന്ന കോവിഡ് രോഗികളുടെ വര്‍ധിച്ച എണ്ണം ആശങ്കപ്പെടുത്തുന്നതാണെങ്കിലും കൃത്യമായ സമീപനവും സുരക്ഷയും ചികിത്സാ സൗകര്യങ്ങളുമൊരുക്കി മുന്നോട്ട് പോകുന്ന ഭരണാധികാരികളും പ്രവാസികളെ പോലും ഏറെ ചേര്‍ത്തുവെക്കുന്ന ഇമാറാത്തി സമൂഹവും നല്‍കുന്നത് അളവറ്റ പ്രതീക്ഷയാണ്. പ്രത്യേക സാഹചര്യത്തില്‍ വീണ്ടും നടപ്പില്‍ വരുത്തിയ കോവിഡ് നിയമങ്ങള്‍ പൂര്‍ണമായി പാലിക്കാനും സഹപ്രവര്‍ത്തകരിലും മറ്റും അതിന്റെ സന്ദേശം എത്തിക്കാനും കെഎംസിസി പ്രവര്‍ത്തകര്‍ ജാഗ്രത കാട്ടണമെന്ന് കോവിഡ് 19 പ്രൊട്ടോകോള്‍ പ്രകാരം ചേര്‍ന്ന ദുബൈ കെഎംസിസി സംസ്ഥാ നേതൃയോഗം അഭ്യര്‍ത്ഥിച്ചു. ആക്ടിംഗ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജന.സെക്രട്ടറിമാരായ ഹംസ തൊട്ടി ആമുഖവും ഫറൂഖ് പട്ടിക്കര അജണ്ടയും അവതരിപ്പിച്ചു. റയീസ് തലശ്ശേരി, ആവയില്‍ ഉമര്‍ ഹാജി, എന്‍.കെ ഇബ്രാഹിം, ഹനീഫ് ചെര്‍ക്കള, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ആര്‍.ഷുക്കൂര്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, ഹസ്സന്‍ ചാലില്‍, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, നിസാമുദ്ദീന്‍ കൊല്ലം, ഇസ്മായില്‍ അരൂക്കുറ്റി ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി ഒ.മൊയ്തു നന്ദി രേഖപ്പെടുത്തി.