കയറ്റിറക്കുമതിക്ക് കണ്ടെയ്‌നര്‍ ക്ഷാമം: ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് വില വര്‍ധിക്കും

ഹരീഷ് തഹ്‌ലിയാനിയും ഹിനാ തഹ്‌ലിയാനിയും പ്രഖ്യാപന ചടങ്ങില്‍

അജ്മാന്‍: ഗള്‍ഫ് വിപണിയില്‍ ഭക്ഷ്യോല്‍പന്നങ്ങളുടെ വില അടുത്ത ദിവസങ്ങളില്‍ അഞ്ചു മുതല്‍ ഏഴു ശതമാനം വരെ ഉയരുമെന്ന് മുന്നറിയിപ്പ്. ഭക്ഷ്യ കയറ്റുമതി രംഗത്തെ അതികായരിലൊരാളായ ഹരീഷ് തഹ് ലിയാനിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഭക്ഷ്യോല്‍പന്ന ഇറക്കുമതിക്കുള്ള കണ്ടെയ്‌നറുകള്‍ക്ക് നേരിടുന്ന ക്ഷാമമാണ് വിലവര്‍ധനക്ക് കാരണമാകുന്നതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോവിഡ് കാലത്ത് കയറ്റിറക്കുമതി രംഗത്ത് അനുഭവപ്പെടുന്ന വലിയ വെല്ലുവിളികളിലൊന്നാണ് ഒഴിഞ്ഞ കണ്ടെയ്‌നറുകളുടെ ക്ഷാമം. കണ്ടെയ്‌നറുകള്‍ ലഭ്യമല്ലാത്തതിനാല്‍ ചരക്ക് പലയിടത്തും കപ്പലില്‍ തന്നെ സൂക്ഷിക്കേണ്ട അവസ്ഥയുണ്ട്. ഇത് വിപണിയില്‍ വിലവര്‍ധനക്ക് കാരണമാവുകയാണ്. മാര്‍ച്ച് വരെ ഈ പ്രതിഭാസം തുടരാന്‍ സാധ്യതയുണ്ടെന്നും അറബ് ആന്റ് ഇന്ത്യാ സ്‌പൈസസ് എംഡിയായ ഹരീഷ് സൂചിപ്പിച്ചു.
ഇന്ത്യയിലെ കര്‍ഷക സമരം ഗള്‍ഫിലെ ഭക്ഷ്യ വിപണിയെ കാര്യമായി ബാധിക്കില്ലെന്ന് ഹരീഷ് ചോദ്യത്തോട് പ്രതികരിച്ചു. ഇന്ത്യയില്‍ നിന്ന് ഭക്ഷ്യോല്‍പന്നങ്ങളുടെ കയറ്റുമതിക്ക് നേരത്തെ നിയന്ത്രണങ്ങളുണ്ട്. ഗള്‍ഫിലെ ഏറ്റവും വലിയ ഭക്ഷ്യ-പയറുല്‍പന്ന കയറ്റുമതി സ്ഥാപനമായ അറബ് ഇന്ത്യാ സ്‌പൈസസ് ചില്ലറ വിപണിയില്‍ കൂടുതല്‍ സജീവമാകുമെന്ന് ഹരീഷ് വെളിപ്പെടുത്തി. നൂണ്‍ ഡെയ്‌ലി ഉള്‍പ്പെടെ നിരവധി ബ്രാന്‍ഡുകള്‍ക്ക് പാക്കേജിംഗ് ഒരുക്കി നല്‍കുന്നതിന് പുറമെ, സ്വന്തം ബ്രാന്‍ഡുകള്‍ വിപണിയില്‍ സജീവമാക്കുകയും ചെയ്യും. ആര്‍കെ പള്‍സസ് എന്ന പേരില്‍ ഒന്ന് മുതല്‍ മൂന്ന് ദിര്‍ഹം വരെ ചെലവില്‍ ലഭ്യമാക്കുന്ന പോക്കറ്റ് സൈസ് പാക്കറ്റുകള്‍ ഇത്തരം പരീക്ഷണങ്ങളിലൊന്നാണെന്നും ഹരീഷ് വ്യക്തമാക്കി. സൂര്യ എന്ന പേരില്‍ പുറത്തിറക്കിയ ദോശ മാവ് വിജയമാണ്. യുഎഇയുടെ ഭക്ഷ്യ സുരക്ഷ ശക്തമാണ്. 180 ദിവസം വരെ മുഴുവന്‍ യുഎഇയിലേക്കും ആവശ്യമായ ഭക്ഷ്യ ശേഖരം തങ്ങളുടെ സ്ഥാപനത്തില്‍ മാത്രം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറബ് ആന്റ് ഇന്ത്യാ സ്‌പൈസസ് ഡയറക്ടര്‍ ഹിനാ തഹ്‌ലിയാനിയും പ്രഖ്യാപന ചടങ്ങില്‍ സംബന്ധിച്ചു.