
സാറ്റലൈറ്റ് ചിത്രം പുറത്ത്, കേന്ദ്രം പ്രതിക്കൂട്ടില്‍
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ചൈന ഗ്രാമം നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്. സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ ഭാഗത്ത് 4.5 കിലോമീറ്ററില്‍ 101 വീടുകള്‍ സഹിതമാണ് ചൈന ഗ്രാമം നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2019 ഓഗസ്റ്റിലെയും 2020 നവംബറിലെയും സാറ്റ്ലൈറ്റ് ചിത്രങ്ങളും ചാനല്‍ പുറത്തുവിട്ടു. ഇക്കാലയളവിലാണ് അപ്പര്‍ സുബാന്‍സിരി ജില്ലയിലെ സാരി ചു നദിക്കരയില്‍ പുതിയ ഗ്രാമം പടുത്തുയര്‍ത്തിയത്. ഏറെക്കാലമായി ഇന്ത്യയും ചൈനയും അതിര്‍ത്തി തര്‍ക്കമുള്ള പ്രദേശമാണിത്. ഔദ്യോഗിക ഓണ്‍ലൈന്‍ മാപ്പില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് ഇന്ത്യയുടെ ഭാഗത്താണെന്ന് വ്യക്തമാക്കുന്നു. അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കെ ചൈന കടന്നുകയറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.
അതേസമയം ചൈനയുടെ കടന്നുകയറ്റം സംബന്ധിച്ച് എന്‍ഡിടിവിയുടെ അന്വേഷണങ്ങളെ വിദേശകാര്യ മന്ത്രാലയവും തള്ളിയില്ല. അതിര്‍ത്തിയില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായുള്ള റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടെന്നും ഏറെക്കാലമായി ഇത്തരം നടപടികള്‍ ചൈന തുടരുകയാണെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തി പ്രദേശങ്ങളെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്ന നടപടികള്‍ തുടരുമെന്ന് ഇന്ത്യയും അറിയിച്ചിരുന്നു. നമ്മുടെ സര്‍ക്കാരും റോഡുകളും പാലങ്ങളും ഉള്‍പ്പെടെ അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. ഇത് അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഏറെ സഹായകരമായി. മറ്റുപ്രദേശങ്ങളുമായുള്ള ബന്ധം എളുപ്പമാക്കി. അതേസമയം, ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാസംഭവ വികാസങ്ങളും സര്‍ക്കാര്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ പരമാധികാരവും പ്രാദേശികമായ സമഗ്രതയും സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അരുണാചല്‍ പ്രദേശ് അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
അരുണാചലിലെ കടന്നുകയറ്റത്തെക്കുറിച്ച് ബിജെപി എംപി തപിര്‍ ഗവോ ലോക്സഭയില്‍ ഉന്നയിച്ചിരുന്നു. മേഖലയില്‍ ചൈന നിര്‍മ്മാണം തുടരുകയാണെന്നും അപ്പര്‍ സുബാന്‍സിരി ജില്ലയിലെ 60-70 കിലോമീറ്ററിനുള്ളില്‍ ചൈന കടന്നുകയറിയെന്ന് അദ്ദേഹം ഇന്നലെ പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം ഗല്‍വാന്‍ വാലിയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ നേരിട്ട് ഏറ്റുമുട്ടിയിരുന്നു. 20 ഇന്ത്യന്‍ സൈനികരാണ് അന്ന് കൊല്ലപ്പെട്ടത്.