അത്‌ലറ്റികോ കുതിപ്പിലാണ്

ലാലീഗയില്‍ ഗോള്‍ നേടിയ അത്‌ലറ്റികോ താരം നിഗസിനെ അഭിനന്ദിക്കാനെത്തുന്ന ലൂയിസ് സുവാരസ്

മാഡ്രിഡ്: ലാലീഗ കിരീടം ലക്ഷ്യമാക്കി കുതിക്കുന്ന അത്‌ലറ്റികോ മാഡ്രിഡ് ശക്തരായ സെവിയയെ രണ്ട് ഗോളിന് തകര്‍ത്ത് രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിനെ നാല് പോയിന്റ് പിറകിലാക്കി. ഇന്നലെ സ്വന്തം വേദിയില്‍ നടന്ന ലീഗിലെ പതിനാറാമത് മല്‍സരത്തിലാണ് ഡിയാഗോ സിമയോണിയുടെ സംഘം ഏകപക്ഷീയ വിജയം സ്വന്തമാക്കിയത്. 18 മല്‍സരങ്ങള്‍ പിന്നിട്ട റയലിന് 37 ഉം മൂന്നാമതുള്ള ബാര്‍സക്ക് 34 ഉം പോയിന്റാണുള്ളത്. ഇതേ മികവ് തുടരുന്ന പക്ഷം ഇക്കുറി ലാലീഗയില്‍ വ്യക്തമായ സാധ്യത അത്‌ലറ്റികോയുടെ സൂപ്പര്‍ സംഘത്തിനാണ്. പന്തയ വിവാദത്തില്‍ പ്രതിയായി പത്താഴ്ച്ചയായി വിലക്കിന്റെ ലോകത്തായിരുന്ന ആഞ്ചല്‍ കോറിയയാണ് തുടക്കത്തില്‍ തന്നെ ടീമിന് ലീഡ് സമ്മാനിച്ചത്. ഇംഗ്ലീഷ് താരം കിരണ്‍ ടിപ്പറുടെ സുന്ദരമായ ക്രോസില്‍ അതിലേറെ സുന്ദരമായ ഗോള്‍. മല്‍സരത്തിന് 17 മിനുട്ട് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഈ ലീഡ്. ഒന്നാം പകുതിയില്‍ ഈ ലീഡില്‍ പിരിഞ്ഞ അത്‌ലറ്റികോയുടെ വലയില്‍ പന്ത് എത്തിക്കാനായി സെവിയെ ആവും വിധം പരിശ്രമിച്ചു. കഴിഞ്ഞ ഒമ്പത് മല്‍സരങ്ങളില്‍ തോല്‍വി അറിയാത്തവരായിരുന്നു അവര്‍. പക്ഷേ രണ്ടാം പകുതിയുടെ അവസാനത്തില്‍ സോള്‍ നിഗസ് വീണ്ടും അത്‌ലറ്റികോയുടെ കരുത്ത് തെളിയിച്ചതോടെ ചിത്രം വ്യക്തമായി. സെവിയെയുടെ മിന്നലാക്രമണങ്ങള്‍ തനത് മികവില്‍ ചെറുത്തു തോല്‍പ്പിച്ച അത്‌ലറ്റികോ കാവല്‍ക്കാരന്‍ ജാന്‍ ഒബ്‌ലാകായിരുന്നു കളിയിലെ കേമന്‍. അത്‌ലറ്റികോ തോല്‍ക്കുമെന്ന് കരുതിയ റയലും ബാര്‍സയും ഇതോടെ തുല്യ ദു:ഖിതരായി.