അയാള്‍ അത് ചെയ്യില്ല

4
ജസ്റ്റിന്‍ ലാംഗര്‍

ബ്രിസ്‌ബെന്‍:ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ തീര്‍ത്തു പറയുന്നു- സ്റ്റീവന്‍ സ്മിത്ത് അത് ചെയ്യില്ല… എല്ലാവരും അയാളെ തെറ്റിദ്ധരിച്ചിരിക്കുന്നു. കുട്ടിത്തമാണ് പലപ്പോഴും സ്മിത്ത്. അയാളുടെ ശീലങ്ങള്‍ അയാള്‍ക്ക് മാത്രമല്ല, പലര്‍ക്കുമറിയാം. ബാത്ത്‌റൂമില്‍ കുളിക്കുമ്പോള്‍ പോലും സ്വന്തം നിഴല്‍ നോക്കി ബാറ്റ് ചെയ്യുന്ന ഒരു നിഷ്‌കളങ്കനെ ഈ വിധം തേജോവധം ചെയ്യരുത്. എന്റെ കരിയറില്‍ ഈ വിധം മോശമായി ഒരാളെ അപമാനിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല-ബി.ബി.സി റേഡിയോയുമായി സംസാരിക്കവെ ലാംഗര്‍ വ്യക്തമാക്കുന്നു. സിഡ്‌നിയില്‍ സമനിലയില്‍ അവസാനിച്ച മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ റിഷാഭ് പന്തിന്റെ ബാറ്റിംഗ് ഗാര്‍ഡ് സ്മിത്ത് ബോധപൂര്‍വ്വം മായ്ച്ചു കളഞ്ഞ സംഭവം വന്‍ വിവാദമായിരുന്നു. ഡ്രിങ്ക്‌സ് ഇടവേളയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ സ്വന്തം ക്രീസില്‍ ഇല്ലാത്ത സമയത്ത് സ്മിത്ത് ബാറ്റിംഗ് ക്രീസിലെത്തി സ്വന്തം ബൂട്ട് കൊണ്ട് ക്രീസില്‍ ഉരക്കുന്ന കാഴ്ച്ച ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട് സാമുഹ്യ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും സ്മിത്തിനെതിരെ അതിനിശിത വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍മാരായ മൈക്കല്‍ വോനും ഡാരന്‍ ഗഫുമെല്ലാം വിമര്‍ശനങ്ങളില്‍ പങ്കാളികളായി. എന്നാല്‍ വോനുമായും ഗഫുമായും താന്‍ സംസാരിച്ചുവെന്നും സ്മിത്ത് നൂറ് ശതമാനം നിരപരാധിയാണെന്ന് വ്യക്തമാക്കിയതായും ലാംഗര്‍ പറഞ്ഞു. ചെറിയ ബൂട്ട് കൊണ്ട് ക്രീസില്‍ അടയാളങ്ങളിടാന്‍ കഴിയില്ല. അത്തരത്തില്‍ ഒരാള്‍ ചെയ്യുമെന്ന് നിങ്ങളാരെങ്കിലും കരുതുന്നുണ്ടോ… ഒരു വര്‍ഷത്തെ വിലക്കിന് ശേഷം രാജ്യാന്തര ക്രിക്കറ്റ് ലോകത്തേക്ക് തിരികെ വന്ന ഒരു കുട്ടിയെ എല്ലാവരും ഈ വിധം വേട്ടയാടരുത്-ലാംഗര്‍ പറഞ്ഞു. സിഡ്‌നി ടെസ്റ്റിലെ നായകന്‍ ടീം പെയിനെയുടെ പെരുമാറ്റത്തെയും കോച്ച് ന്യായീകരിച്ചു. അദ്ദേഹം മൂന്ന് ക്യാച്ചുകള്‍ ആ ദിവസം വിട്ടു കളഞ്ഞു. മോശമായി അദ്ദേഹം സംസാരിക്കുകയും ചെയ്തതായി ആരോപണമുണ്ടായി. എന്നാല്‍ ലോകത്ത് ഇന്നുള്ള ടെസ്റ്റ് വിക്കറ്റ് കീപ്പര്‍മാരില്‍ എന്ത് കൊണ്ടും ഒന്നാമനായ പെയിനെക്ക് ആ ദിവസം മോശമായിരുന്നെന്ന് ലാംഗര്‍ അഭിപ്രായപ്പെട്ടു.