അയോധ്യയില്‍ പള്ളി നിര്‍മ്മാണം റിപ്പബ്ലിക് ദിനത്തില്‍ തുടങ്ങും

അയോധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദ് അടക്കമുള്ള കെട്ടിട സമുച്ചയ ത്തിന്റെ രൂപരേഖ

ലക്‌നോ: ബാബരി മസ്ജിദ് തകര്‍ത്തതിന് ബദലായി അയോധ്യയില്‍ സുപ്രീംകോടതി അനുവദിച്ച സ്ഥലത്തെ മസ്ജിദ് നിര്‍മാണം റിപ്പബ്ലിക്ക് ദിനത്തില്‍ ആരംഭിക്കും. അയോധ്യയിലെ ധന്നിപ്പൂര്‍ ഗ്രാമത്തിലാണ് മസ്ജിദ് നിര്‍മ്മിക്കുന്നത്. ഇതിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണവും ദേശീയ പതാക ഉയര്‍ത്തലും നടക്കും.
രാമക്ഷേത്രത്തിന് ഇരുപ്പത്തിയഞ്ച് കിലോമീറ്റര്‍ അകലെ അഞ്ചേക്കര്‍ സ്ഥലത്താണ് മസ്ജിദ് നിര്‍മ്മിക്കുന്നത്. ഇന്തോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൌണ്ടേഷന്‍ ട്രസ്റ്റിന് കീഴിലാണ് മസ്ജിദ് നിര്‍മാണം. ഉത്തര്‍ പ്രദേശ് സര്‍ക്കാരും സംസ്ഥാന സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും ചേര്‍ന്ന് നിര്‍മ്മിച്ച ട്രസ്റ്റാണ് ഐ.ഐ.സി.എഫ്. ട്രസ്റ്റിലെ ഒമ്പതംഗങ്ങളും ഞായറാഴ്ച യോഗം ചേര്‍ന്ന് തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്തു.
മസ്ജിദ് നിര്‍മ്മിക്കുന്ന സ്ഥലത്തെ ജനങ്ങളെ സഹായിക്കാനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമാണ് വൃക്ഷത്തൈ വിതരണമെന്നു ഐ. ഐ.സി.എഫ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ലോകത്തിലെ പലയിടത്തില്‍ നിന്നുമുള്ള വൃക്ഷതൈകള്‍ക്കായി ഒരു ഗ്രീന്‍ ഏരിയയും വിഭാവന ചെയ്യുന്നുണ്ട്.
ആമസോണ്‍ മഴക്കാടുകള്‍ മുതല്‍ കാട്ടുതീ പടരുന്ന ആസ്‌ട്രേലിയയില്‍ നിന്നുമുള്ള വൃക്ഷങ്ങളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മരങ്ങളും ഗ്രീന്‍ ഏരിയയിലുണ്ടാകും. മസ്ജിദിന്റെയും അനുബന്ധമായി നിര്‍മ്മിക്കുന്ന ആശുപത്രിയുടെയും സമൂഹ അടുക്കളയേയും ആധുനിക വായനശാലയുടെയും രൂപരേഖ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. പദ്ധതിയുടെ ഭാഗമായി ട്രസ്റ്റ് ഓഫീസും ഇന്തോ- ഇസ്‌ലാമിക സാംസ്‌കാരിക പഠനത്തില്‍ കേന്ദ്രീകരിക്കുന്നതും ഗവേഷണപരവുമായ പഠനങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതുമായ പ്രസിദ്ധീകരണാലയവും നിര്‍മ്മിക്കും. രണ്ടു നിലയിലുള്ള പള്ളിക്ക് മിനാരങ്ങളുണ്ടാകില്ല. സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പള്ളിയില്‍ രണ്ടായിരത്തോളം പേര്‍ക്ക് ഒരേസമയം നമസ്‌കരിക്കാന്‍ കഴിയും.
2019 നവംബര്‍ 29 ലെ സുപ്രധാന വിധിയില്‍ അയോധ്യയില്‍ ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലം രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനു സര്‍ക്കാര്‍ നിയന്ത്രിത ട്രസ്റ്റിന് കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ബാബരി മസ്ജിദ് ധ്വംസനം നിയമവിരുദ്ധമാണെന്ന് വിധിച്ച കോടതി, മസ്ജിദ് നിര്‍മ്മിക്കാന്‍ മറ്റൊരു സ്ഥലം കണ്ടെത്താന്‍ ഉത്തരവിട്ടത് ആശ്ചര്യമുളവാക്കിയിരുന്നു.