അസ റിട്ടേണ്‍സ്

അഭിനന്ദനങ്ങള്‍ക്ക്
നടുവില്‍ അസ്ഹര്‍

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ വിഖ്യാതമായ സ്ഥാനമാണുള്ളത്…. ഏതൊരു ഇന്ത്യന്‍ ക്രിക്കറ്ററും കളിക്കാന്‍ കൊതിക്കുന്ന മൈതാനം. സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസ താരത്തിന്റെ തട്ടകം. 2011 ല്‍ മഹേന്ദ്രസിംഗ് ധോണിയുടെ ഇന്ത്യ ശ്രീലങ്കയെ തരിപ്പണമാക്കി ലോകകപ്പ് ഉയര്‍ത്തിയ വേദി…. ആ വേദിയില്‍ ഇങ്ങ് കാസര്‍ക്കോട് തളങ്കരയില്‍ നിന്നുമുള്ള യുവതാരം ഇതിഹാസം രചിച്ചതാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഗാഥ. രാജ്യത്തിന്റെ ആഭ്യന്തര ഫിക്‌സ്ച്ചറിലെ ഏറ്റവും വലിയ ടി-20 ചാമ്പ്യന്‍ഷിപ്പായ മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈ എന്ന ശക്തരെ തരിപ്പണമാക്കാന്‍ കേരളത്തെ സഹായിച്ച മുഹമ്മദ് അസ്ഹറുദ്ദീനെ തേടി അഭിനന്ദന പ്രവാഹമാണിപ്പോള്‍.
കേവലം 37 പന്തില്‍ 100 ലെത്തിയ അസ്ഹറുദ്ദിന്‍ മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് കഴിഞ്ഞ ദിവസം കുറിച്ചത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷാഭ് പന്തിന്റെ പേരിലാണ് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി. 32 പന്തില്‍ നിന്നായിരുന്നു റിഷാഭിന്റെ മികവ്. പക്ഷേ അസ്ഹര്‍ തന്റെ ക്ലാസ് ഇന്നിംഗ്‌സ് കാഴ്ച്ചവെച്ചത് ധവാല്‍ കുല്‍ക്കര്‍ണിയെ പോലെ അറിയപ്പെടുന്ന പേസര്‍മാരുള്ള മുംബൈക്കെതിരെയാണ്. കേരളവും മുംബൈയും തമ്മില്‍ ഇത് വരെ മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം മുംബൈക്കായിരുന്നു വിജയം. ഇത്തവണയും ക്രിക്കറ്റ് ലോകം മാറി ചിന്തിച്ചിരുന്നില്ല. പക്ഷേ സഞ്ജു സാംസണ്‍ നയിച്ച കേരളാ സംഘത്തില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ എസ്.ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ എന്നിവരെല്ലാമുണ്ടായിരുന്നതിനാല്‍ എതിരാളികള്‍ കേരളത്തെ ഭയപ്പെട്ടിരുന്നു. പക്ഷേ വാംഖഡെയില്‍ മിന്നിത് വിഖ്യാതരായ മുന്‍ താരങ്ങളായിരുന്നില്ല. അധികമാരുമറിയപ്പെടാത്ത അസ്ഹറായിരുന്നു. മുംബൈ ആദ്യം ബാറ്റ് ചെയ്ത് 196 റണ്‍സാണ് നേടിയത്. ടി-20 യില്‍ ഈ സ്‌ക്കോര്‍ പിന്തുടരുക എളുപ്പമായിരുന്നില്ല. ഉത്തപ്പക്കൊപ്പമായിരുന്നു അസ്ഹര്‍ ഇന്നിംഗ്‌സിന് തുക്കമിടാനെത്തിയത്. ഒരു ഘട്ടത്തില്‍ ഉത്തപ്പയുടെ സേവനം നഷ്ടമായെങ്കിലും നായകനെ സാക്ഷി നിര്‍ത്തി ധവാല്‍ കുല്‍ക്കര്‍ണി ഉള്‍പ്പെടെയുളളവരെ കശക്കിയാണ് യുവതാരം സെഞ്ച്വറിയും വിജയവും ഉറപ്പിച്ചത്. 9.3 ഓവറില്‍ ഉത്തപ്പയും അസ്ഹറും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 129 റണ്‍സ് സ്വന്തമാക്കിയിരുന്നു. 23 പന്തില്‍ 33 റണ്‍സ് നേടിയ ഉത്തപ്പ പുറത്തായത് കാര്യമാക്കാതെ ഇടം കൈയ്യന്‍ സ്പിന്നര്‍ അഥര്‍വ അന്‍കോല്‍ക്കറെ പ്രഹരിച്ചാണ് അസ്ഹര്‍ സെഞ്ച്വറിയിലെത്തിയത്. 2017-18 സീസണില്‍ ദുര്‍ബലരായ ഹിമാചല്‍ പ്രദേശിനെതിരെയായിരുന്നു 32 പന്തില്‍ റിഷാഭ് പന്തിന്റെ സെഞ്ച്വറി. ഒരു ഘട്ടത്തില്‍ അസ്ഹര്‍ ഈ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് തോന്നിയെങ്കിലും സാധ്യമായില്ല. 31 പന്തില്‍ അസ്ഹര്‍ 89 ലെത്തിയിരുന്നു. തുടര്‍ന്ന് 1,1,0, 1 എന്നിങ്ങനെയായിരുന്നു അടുത്ത പന്തുകളിലെ സമ്പാദ്യം. 35-ാം പന്തില്‍ 92 ലെത്തിയ അദ്ദേഹം മുലാനിയുടെ പന്തില്‍ സിക്‌സറും പിന്നെ ഡബിളും നേടിയാണ് ചരിത്രത്തിലെത്തിയത്. 54 പന്തുകളില്‍ 137 റണ്‍സുമായി ടീമിന്റെ വിജയം ഉറപ്പാക്കിയ അസ്ഹര്‍ അവസാനം വരെ ക്രീസിലുണ്ടായിരുന്നു. 15.5 ഓവറില്‍ കേരളം ജയിച്ചപ്പോള്‍ കളിയിലെ കേമന്‍ മറ്റാരുമായിരുന്നില്ല. ധവാല്‍ കുല്‍കര്‍ണിയായിരുന്നു മുംബൈക്കായി പുതിയ പന്ത് എടുത്തത്. 26 കാരനായ അസ്ഹര്‍ തന്റെ ആദ്യ റണ്‍ നേടുന്നത് ഓവറിലെ മൂന്നാം പന്തിലായിരുന്നു. സുന്ദരമായ കവര്‍ ഡ്രൈവ് ബൗണ്ടറി. അടുത്ത ഓവര്‍ എറിയാന്‍ തുഷാര്‍ ദേശ്പാണ്ഡെ വന്നപ്പോഴാണ് അസ്ഹര്‍ കരുത്തനായി മാറിയത്. ഒരു സിക്‌സറും രണ്ട് ബൗണ്ടറികളും ഉള്‍പ്പെടെ 20 റണ്‍സ്. അതോടെ മുംബൈ നായകന്‍ അദ്ദേഹത്തെ ആക്രമണത്തില്‍ നിന്നും പിന്‍വലിച്ചു. ആറാമത്തെ ഓവറില്‍ തുഷാര്‍ തിരികെ വന്നപ്പോള്‍ ആ ഓവറില്‍ അസ്ഹര്‍ രണ്ട് സിക്‌സറുകളും രണ്ട് ബൗണ്ടറികളും സ്വന്തമാക്കി. 23 റണ്‍സായിരുന്നു ഈ ഓവറിലെ സമ്പാദ്യം. പവര്‍ പ്ലേ ഘട്ടം കഴിയുമ്പോള്‍ അസ്ഹറിന്റെ സ്‌ക്കോര്‍ 65 റണ്‍സായിരുന്നു.
സുന്ദരമായ പുള്‍ ഷോട്ടുകളായിരുന്നു അസ്ഹറിന്റെ ബാറ്റിംഗ് സവിശേഷത. മുന്‍ ഇന്ത്യന്‍ നായകനും ഇന്ത്യന്‍ ക്രിക്കറ്റിലെ റിസ്റ്റ് രാജാവുമായ സാക്ഷാല്‍ മുഹമ്മദ് അസ്ഹറുദ്ദീനെ അനുസ്മരിക്കുന്ന ഡ്രൈവുകളും അദ്ദേഹം ഇടക്ക് പായിച്ചു.

ക്രിസ് ഗെയിലിന്റെ പിന്‍ഗാമി
കോഴിക്കോട്: യുനിവേഴ്‌സല്‍ ബോസ് എന്ന വിഖ്യാത നാമമുള്ള വിന്‍ഡീസുകാരന്‍ ക്രിസ് ഗെയിലിന്റെ നാമധേയത്തിലാണ് ടി-20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി. 2013 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ റോയല്‍ ചാലഞ്ചേഴ്‌സിനായി പൂനെ വാരിയേഴ്‌സിനെതിരെ ഗെയില്‍ മൂന്നക്കം തികച്ചത് കേവലം 30 പന്തില്‍ നിന്നായിരുന്നു. ഈ ഇന്നിംഗ്‌സില്‍ അദ്ദേഹം സ്വന്തമാക്കിയത് 66 പന്തില്‍ നിന്ന് പുറത്താവാതെ 175 റണ്‍സായിരുന്നു. രണ്ടാമത്തെ അതിവേഗ ടി-20 സെഞ്ച്വറി 32 പന്തില്‍ റിഷാഭ് പന്തിന്റെ നാമധേയത്തില്‍. രാജ്യത്തിന്റെ ജഴ്‌സിയില്‍ ശ്രീലങ്കക്കെതിരെ 35 പന്തില്‍ നിന്ന് രോഹിത് ശര്‍മ നേടിയ സെഞ്ച്വറിയാണ് മൂന്നാമത്. അതിന് ശേഷമാണ് ഇപ്പോള്‍ മലയാളിയുടെ അഭിമാനകരമായ നേട്ടമായി അസ്ഹറിന്റെ സെഞ്ച്വറി പിറന്നത്. 37 പന്തില്‍ നിന്ന് സെഞ്ച്വറി സ്വന്തമാക്കിയ മറ്റൊരു ഇന്ത്യന്‍ താരവുമുണ്ട്-യൂസഫ് പത്താന്‍. 2010 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയായിരുന്നു യൂസഫിന്റെ മികവ്.

ഇനി ഐ.പി.എല്‍
കോഴിക്കോട്: കൃത്യമായ സമയത്താണ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ സെഞ്ച്വറി ആഭ്യന്തര ക്രിക്കറ്റില്‍ പിറന്നിരിക്കുന്നത്. 2021 ലെ ഐ.പി.എല്‍ താരലേലം അടുത്ത മാസമാണ് മുംബൈയില്‍ നടക്കാനിരിക്കുന്നത്. ഇത് വരെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാത്ത അസ്ഹറിനെ തേടി ഇത്തവണ ടീമുകളെത്തുമെന്ന കാര്യമുറപ്പ്. കേരളത്തിന്റെ ഏറ്റവു പുതിയ ബാറ്റിംഗ് വാഗ്ദാനമാണ് തളങ്കരക്കാരന്‍. വലിയ മല്‍സര അനുഭവ സമ്പത്ത് ഇത് വരെയില്ല. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന്റെ നിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താറുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇത് വരെ 21 മല്‍സരങ്ങളാണ് കളിച്ചത്. 404 റണ്‍സും സമ്പാദിച്ചിട്ടുണ്ട്. 2015 സീസണിലായിരുന്നു ആഭ്യന്തര സീസണിലെ തുടക്കം.

 

കേരളാ മുഹമ്മദ് അസ്ഹറുദ്ദീനും സാക്ഷാല്‍
മുഹമ്മദ് അസ്ഹറുദ്ദീനും (ഫയല്‍)

അഭിനന്ദനവുമായി സാക്ഷാല്‍ അസ്ഹര്‍

ഹൈദരാബാദ്: തന്റെ നാമധേയത്തില്‍ അരങ്ങ് തകര്‍ത്ത പുത്തന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ അഭിനന്ദിച്ച് സാക്ഷാല്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ഗംഭീരമായ ഇന്നിംഗ്‌സ് കാഴ്ച്ചവെച്ച കേരളാ താരത്തിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ഭാവിയുണ്ടെന്ന് ഹൈദരാബാദുകാരന്‍ പറഞ്ഞു. കാസര്‍ക്കോട് തളങ്കരക്കാരനായ അസ്ഹറുദ്ദീന് ഈ പേര് നല്‍കിയത് അസ്ഹറിന്റെ സഹോദരന്‍ കമറുദ്ദീനായിരുന്നു. 1994 ല്‍ തളങ്കരയില്‍ അസ്ഹര്‍ ജനിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ കത്തി നില്‍ക്കുകയായിരുന്നു സാക്ഷാല്‍ അസ്ഹറുദ്ദീന്‍. കമറുദ്ദീന് ഏറെ പ്രിയപ്പെട്ട താരവും അസ്ഹറായിരുന്നു. ഈ പേര് തന്റെ അനുജന് നല്‍കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ബോഗ്‌ലെയുടെ ട്വീറ്റും അസ്ഹറിന് കരുത്തായി. വര്‍ഷങ്ങള്‍ക്ക് മുമ്പ്്് ഹൈദരാബാദില്‍ നിന്നും ഒരു ഇതിഹാസ അസ്ഹറിനെ കണ്ടപ്പോള്‍ ഇപ്പോള്‍ മുംബൈയില്‍ അതേ നാമധേയത്തില്‍ മറ്റൊരു കരുത്തനെ കണ്ടുവെന്നായിരുന്നു ഹര്‍ഷയുടെ ട്വീറ്റ്.