ബൈഡന്റെ സത്യപ്രതിജ്ഞാ ദിവസം സായുധ കലാപമുണ്ടാകുമെന്ന് എഫ്.ബി.ഐ മുന്നറിയിപ്പ്

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി യു.എസ് കാപിറ്റോളില്‍ സുരക്ഷാ സേനയെ വിന്യസിച്ചു തുടങ്ങിയപ്പോള്‍

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ് അട്ടിമറിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികളും തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും സായുധ പ്രതിഷേധങ്ങള്‍ നടത്തിയേക്കുമെന്ന് എഫ്.ബി.ഐ മുന്നറിയിപ്പ്. സത്യപ്രതിജ്ഞ നടക്കുന്ന ജനുവരി 20ന് വാഷിങ്ടണ്‍ ഡി.സി ഉള്‍പ്പെടെ 50 സംസ്ഥാന തലസ്ഥാനങ്ങളിലും സായുധരായെത്തി പ്രതിഷേധിക്കാന്‍ നീക്കമുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
യു.എസ് പാര്‍ലമെന്റിലേക്ക് ട്രംപ് അനുകൂലികള്‍ ഇരച്ചുകയറി അക്രമങ്ങള്‍ അഴിച്ചുവിട്ട പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ വലയത്തിലായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ്. കാപിറ്റോള്‍ പ്രക്ഷോഭത്തിന്റെ മാതൃകയില്‍ ഇനിയും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതായി എഫ്.ബി.ഐ പറയുന്നു. സായുധ പ്രക്ഷോഭത്തിലൂടെ വീണ്ടും അട്ടിമറിക്ക് നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജോ ബൈഡന്‍ സ്ഥാനമേറ്റെടുക്കാന്‍ എട്ട് ദിവസം മാത്രം ശേഷിക്കെ രാജ്യത്ത് എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞാ ദിവസം തലസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബൈഡന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രാദേശിക അധികാരികളും പരമാവധി ആള്‍ക്കൂട്ടങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമം തുടരുകയാണ്. ജനുവരി ആറിന് സംഭവിച്ചതുപോലുള്ള സുരക്ഷാ വീഴ്ച ആവര്‍ത്തിക്കില്ലെന്ന് സുരക്ഷാ വൃത്തങ്ങള്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് സമ്മേളിച്ചപ്പോള്‍ നടന്ന അക്രമങ്ങള്‍ മുന്‍കൂട്ടി കാണാന്‍ അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. ട്രംപ് അനുകൂലികള്‍ കൂട്ടത്തോടെ ഇരച്ചുകയറിയപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഭൂഗര്‍ഭ പാതയിലൂടെ രക്ഷപ്പെടുകയായിരുന്നു. അക്രമങ്ങളില്‍ അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അന്നുമുതല്‍ ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാന്‍ മുറവിളി ഉയരുന്നുണ്ട്.
യു.എസ് കാപിറ്റോളിലെ അക്രമങ്ങള്‍ക്ക് പ്രേരണ നല്‍കിയത് ട്രംപ് ആണെന്ന് ആരോപിച്ച് ഡെമോക്രാറ്റുകള്‍ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതിരിപ്പിച്ചിരുന്നു. ഇംപീച്ച്‌മെന്റ് നടപടികളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
യു.എസ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് രണ്ട് തവണ പുറത്താക്കല്‍ ഭീഷണി നേരിടുന്നത്.
2019ല്‍ യു.എസ് കോണ്‍ഗ്രസ് ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയിരുന്നെങ്കിലും സെനറ്റില്‍ പരാജയപ്പെടുകയായിരുന്നു. 2024ല്‍ ട്രംപ് മത്സരിക്കുന്നത് തടയുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ചിലപ്പോള്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളും അത്തരമൊരു നീക്കത്തെ അനുകൂലിച്ചേക്കും.
സജീവ രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്നും മുന്‍ പ്രസിഡന്റുമാരില്‍നിന്ന് വ്യത്യസ്തമായി അടുത്ത തവണയും മത്സര രംഗത്തുണ്ടാകുമെന്നും ട്രംപ് സൂചന നല്‍കിയിട്ടുണ്ട്. ഇംപീച്ച് ചെയ്യപ്പെട്ടാള്‍ അദ്ദേഹത്തിന് ആജീവനാന്ത രാഷ്ട്രീയ വിലക്ക് നേരിടേണ്ടിവരും.

വാഷിങ്ടണില്‍
അടിയന്തരാവസ്ഥ

വാഷിങ്ടണ്‍: അമേരിക്കയുടെ തലസ്ഥാനമായ വാഷിങ്ടണില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 24 വരെ അടിയന്തരാവസ്ഥ പ്രാബല്യത്തിലുണ്ടാകും. ഈ കാലയളവില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ആഭ്യന്തര വകുപ്പിനും ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിക്കും വൈറ്റ്ഹൗസ് നിര്‍ദ്ദേശം നല്‍കി. 20ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ട്രംപ് അനുകൂലികള്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.