ബൈഡന്റെ സ്ഥാനാരോഹണം: ആക്രമണമുണ്ടാകുമെന്ന് എഫ്.ബി.ഐ

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സുരക്ഷാ ചുമതലയുള്ള നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍

-ഇന്‍സൈഡര്‍ അറ്റാക്കിന് സാധ്യത
-സുരക്ഷാ ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ അക്രമങ്ങളുണ്ടാകുമെന്ന് എഫ്.ബി.ഐ മുന്നറിയിപ്പ്. സായുധാക്രമണത്തിന് സാധ്യതയുള്ളതായി നേരത്തെ റിപ്പോര്‍ട്ടുണ്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരില്‍ ചിലരും ആക്രമണത്തില്‍ പങ്കാളിയാകുമോ എന്നാണ് എഫ്.ബി.ഐയെ അലട്ടുന്ന പുതിയ ആശങ്ക. സ്ഥാനാരോഹണച്ചടങ്ങില്‍ ഡ്യൂട്ടിയുള്ള 2500 നാഷണല്‍ ഗാര്‍ഡുകളെ കര്‍ശന പരിശോധനക്ക് വിധേയരാക്കുന്നുണ്ട്. ഇന്‍സൈഡര്‍ ആക്രമണം മുന്‍കൂട്ടി കാണാന്‍ കഴിയില്ലെന്നതുകൊണ്ട് സുരക്ഷാ വൃത്തങ്ങള്‍ അതീവ ജാഗ്രതയിലാണ്.
ജനുവരി ആറിന് യു.എസ് കാപിറ്റോള്‍ മന്ദിരത്തില്‍ ഇരച്ചുകയറി ആക്രമണം നടത്തിയ സംഘത്തില്‍ ചിലര്‍ക്ക് സുരക്ഷാ ഏജന്‍സികളുമായി ബന്ധമുള്ളതായി സംശയമുണ്ട്. തന്ത്രപ്രധാന മേഖലയിലെ മന്ദിരത്തിനുള്ളില്‍ അതിക്രമിച്ചു കടന്ന ട്രംപ് അനുകൂലികളെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ സഹായിച്ചതായും എഫ്.ബി.ഐ കണ്ടെത്തിയിരുന്നു. കാപിറ്റോളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അതേ സംഘം നഗരത്തില്‍ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇരുപതിന് നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങില്‍ ഇവര്‍ പുതിയ പ്രസിഡന്റിനും വിശിഷ്ടാതിഥികള്‍ക്കും നേരെ ആക്രമണം നടത്തിയേക്കുമെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. എഫ്.ബി.ഐയുടെയും മറ്റ് രഹസ്യാന്വേഷണ ഏജന്‍സികളുടെയും സഹകരണത്തോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കര്‍ശന സ്‌ക്രീനിങ് നടത്തുന്നുണ്ടെന്ന് നാഷണല്‍ ഗാര്‍ഡ് ബ്യൂറോ മേധാവി ജനറല്‍ ഡാനിയല്‍ ഹൊകാന്‍സന്‍ പറഞ്ഞു.
ബൈഡന്റെ സ്ഥാനാരോഹണത്തോടെനുബന്ധിച്ച് അഭൂതപൂര്‍വമായ സുരക്ഷാ സംവിധാനങ്ങളാണ് അമേരിക്കയുടെ തലസ്ഥാന നഗരിയില്‍ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരില്‍ ആരെങ്കിലും തീവ്രവാദ സ്വഭാവമുള്ളവരുണ്ടോ എന്ന് നാഷണല്‍ ഗാര്‍ഡ് പൊതുവെ പരിശോധിക്കാറില്ല. പക്ഷെ, പുതിയ സാഹചര്യത്തില്‍ സംശയപ്പട്ടികയിലുള്ള ചില സൈനികരെ എഫ്.ബി.ഐ നിരീക്ഷിച്ചുവരുന്നുണ്ട്. കാപിറ്റോളില്‍ കലാപം നടക്കുമ്പോള്‍ ഇപ്പോള്‍ സര്‍വീസിലുള്ളവരും വിരമിച്ചവരുമായ 21 സൈനികര്‍ സ്ഥലത്തുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സൈന്യത്തിലെ സൈക്കോളജിക്കല്‍ ഓപ്പറേഷന്‍സ് ഓഫീസര്‍ നോര്‍ത്ത് കരോലിനയില്‍നിന്ന് ഒരുകൂട്ടം ആളുകളുമായി റാലിക്കെത്തിയതിനെ കുറച്ച് സൈനിക തലത്തില്‍ അന്വേഷണം തുടരുകയാണ്.
നാളെ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ സൈനികരില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ സൈനിക കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സെക്രട്ടറി ഓഫ് ആര്‍മി റയാന്‍ മക്കാര്‍ത്തി പറഞ്ഞു. സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ രണ്ടും മൂന്നും തവണ സ്‌ക്രീനിങ് നടത്തിയെങ്കിലും ഭീഷണിയുള്ളതായി തെളിവില്ലെന്ന് അദ്ദേഹം അറിയിച്ചു.
കാപിറ്റോളിന് ചുറ്റും വേലി കെട്ടി ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സൈനികരുടെ ഭാഗത്തുനിന്ന് പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെങ്കിലും സായുധ സംഘങ്ങള്‍ ആക്രമണത്തിന് മുതിരാനുള്ള സാധ്യത തള്ളക്കളയാനാവില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
സ്ഥാനാരോഹണ ദിവസം ചില ഗ്രൂപ്പുകള്‍ സായുധ റാലിക്ക് തയാറെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സിക്കാണ് സുരക്ഷാ ചുമതലയെങ്കിലും നാഷണല്‍ ഗാര്‍ഡും എഫ്.ബി.ഐയും മുതല്‍ വാഷിങ്ടണിലെ മെട്രോപൊളിറ്റന്‍ പോലീസ് ഡിപ്പാര്‍ട്‌മെന്റും യു.എസ് കാപിറ്റോള്‍ പൊലീസും പാര്‍ക് പൊലീസുമെല്ലാം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം ആയുധങ്ങളുമായി വാഷിങ്ടണിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ച ന്യൂ മെക്‌സിക്കോ കൗണ്ടി കമ്മീഷണറെ യു.എസ് ജസ്റ്റിസ് ഡിപാര്‍ട്‌മെന്റ് അറസ്റ്റ് ചെയ്തു.