ബാപ്പാ, കാണുന്നില്ലേ….

ബാപ്പാ താങ്കള്‍ക്ക്... അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ് ആകാശത്തേക്ക് കൈകളുയര്‍ത്തി രണ്ട് മാസം മുമ്പ് അന്തരിച്ച പിതാവിനെ സ്മരിക്കുന്നു. മായങ്ക് അഗര്‍വാള്‍ സമീപം

ബ്രിസ്‌ബെന്‍: ഈ ചിത്രം നോക്കു….. വീണ്ടും മുഹമ്മദ് സിറാജ് ബാപ്പ മുഹമ്മദ് ഗൗസിന് കൈകളുയര്‍ത്തി നന്ദി പറയുന്നു….. ടെസ്റ്റ് കരിയറില്‍ മകന്‍ മിന്നിതിളങ്ങുന്നത് കാണാന്‍ മോഹിച്ച ബാപ്പ രണ്ട് മാസം മുമ്പാണ് ഹൈദരാബാദില്‍ നിര്യാതനായത്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ തുടക്കത്തിലായിരുന്നു ഗൗസിന്റെ വിയോഗം. ബാപ്പയെ അവസാനമായി ഒരു നോക്ക് കാണാന്‍ സിറാജിന് മോഹമുണ്ടായിരുന്നു. പക്ഷേ കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ യാത്ര പ്രയാസകരമായി. ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഓസ്‌ട്രേലിയയില്‍ തുടര്‍ന്നതിനാല്‍ മാത്രമാണ് സിറാജിന് ടെസ്റ്റ് സംഘത്തില്‍ കളിക്കാന്‍ ഇടം ലഭിച്ചത്. അഡലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ മുഹമ്മദ് ഷമി പരുക്കേറ്റ് പിന്മാറിയപ്പോള്‍ സിറാജിന് മെല്‍ബണില്‍ ആദ്യ ഇലവനില്‍ ഇടം കിട്ടി. തകര്‍പ്പന്‍ അരങ്ങേറ്റം നടത്തിയ 21 കാരന്‍ സിഡ്‌നിയിലും കസറി. ഇപ്പോള്‍ ഇതാ ബ്രിസ്‌ബെനില്‍ അദ്ദേഹം ടെസ്്റ്റ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും കൈവരിച്ചിരിക്കുന്നു. അഞ്ചാമത് വിക്കറ്റ് നേടിയപ്പോള്‍ അദ്ദേഹം ആകാശത്തേക്ക് കൈളുയര്‍ത്തി. ബാപ്പക്ക് നന്ദി പറഞ്ഞു. മകന്‍ ടെസ്റ്റില്‍ മിന്നുമെന്ന് എപ്പോഴും പറഞ്ഞിരുന്ന ഗൗസ് എല്ലാം കാണുന്നുണ്ടാവും.
മൂന്ന് ടെസ്റ്റുകളില്‍ നിന്നായി മൊത്തം 13 വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. ഗാബയില്‍ ഒരു ഇന്ത്യന്‍ സീമറുടെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനത്തിനും സിറാജ് അര്‍ഹനായി. 1977 ലെ പരമ്പരയില്‍ മദന്‍ലാല്‍ 72 റണ്‍സിന് അഞ്ച് പേരെ പുറത്താക്കിയതാണ് ഏറ്റവും മികച്ച ഇന്ത്യന്‍ ബൗളിംഗ് പ്രകടനം. ഓസീസ് നിരയിലെ എല്ലാ പ്രബലന്മാരുടെയും വിക്കറ്റും സിറാജ് സ്വന്താക്കിയതും സവിശേഷതയാണ്. ഇന്നലെ സ്റ്റീവന്‍ സ്മിത്തിനെ പുറത്താക്കാന്‍ പായിച്ച പന്തായിരുന്നു സുന്ദരം. ബാറ്റിലും ഗ്ലൗസിലും ഉരസി പറന്ന പന്ത് കൃത്യമായി വിക്കറ്റ് കീപ്പര്‍ റിഷാഭ് പന്ത് പിടിച്ചിരുന്നു. എന്നാല്‍ ക്രീസ് വിടാന്‍ സ്മിത്ത് തയ്യാറായില്ല. തേര്‍ഡ് അമ്പയറുടെ സേവനം തേടിയപ്പോള്‍ സ്മിത്ത് കൃത്യമായി പുറത്ത്. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി സ്വന്തമാക്കിയ മാര്‍നസ് ലബുഷാനേയുടെ വിക്കറ്റും സിറാജിനായിരുന്നു.