ബ്രിട്ടനില്‍നിന്ന് വിദേശികള്‍ കൂട്ടത്തോടെ പുറത്തുപോകുന്നു

2

ലണ്ടന്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി കാരണം ബ്രിട്ടനില്‍നിന്ന് കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നു. ഒന്നര വര്‍ഷത്തിനിടക്ക് 13 ലക്ഷം വിദേശികളാണ് രാജ്യംവിട്ടത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ബ്രിട്ടനില്‍നിന്ന് ഇത്രയേറെ പേര്‍ കുടിയൊഴിഞ്ഞുപോകുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലണ്ടനില്‍നിന്ന് ഏഴു ലക്ഷത്തോളം പേരാണ് സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. ഇതുപ്രകാരം ലണ്ടനിലെ ജനസംഖ്യയില്‍ എട്ട് ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ടെന്ന് ഇകണോമിക് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ചൂണ്ടിക്കാട്ടുന്നു.
കോവിഡ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ രാജ്യത്ത് സംഭവിച്ച തൊഴില്‍നഷ്ടങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് വിദേശ വംശജരെയാണ്. ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് 86,000ത്തിലേറെ പേര്‍ മരിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതമാര്‍ഗം വഴിമുട്ടുകയും ചെയ്തു. കനത്ത സാമ്പത്തിക മാന്ദ്യത്തിലേക്കും രാജ്യം കൂപ്പുകുത്തി. 300 വര്‍ഷത്തിനിടെ ആദ്യമായാണ് ബ്രിട്ടന്‍ ഇത്രയും വലിയൊരു സാമ്പത്തിക തകര്‍ച്ചയെ നേരിടുന്നത്. കോവിഡിനെക്കൂടാതെ യൂറോപ്യന്‍ യൂണിയനില്‍നിന്ന്് പുറത്തുപോയതും രാജ്യത്തിന്റെ തൊഴില്‍ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്രെക്‌സിറ്റ് അനിശ്ചിതത്വം അനേകം പേരെ ബ്രിട്ടന്‍ വിടാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.