ഇല്ലാത്തവന് അവകാശമില്ലാത്തതൊന്നും ആരുടെയും കയ്യിലില്ല: ഹൈദരലി തങ്ങള്‍

5
മുസ്്‌ലിംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും ദുബൈ കെ.എം.സി.സിയും സംയുക്തമായി കട്ടിപ്പാറ കരിഞ്ചോലയിലെ ഉരുള്‍പൊട്ടലില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് നിര്‍മ്മിച്ച ബൈത്തുറഹ്്മ വില്ലേജിന്റെ സമര്‍പ്പണത്തിന്റെ ഭാഗമായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ രേഖകള്‍കൈമാറുന്നു. കെ.പി.എ മജീദ്, സി.പി ചെറിയ മുഹമ്മദ്, ഉമ്മര്‍ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റര്‍, എന്‍.സി അബൂബക്കര്‍, പി.കെ ഫിറോസ്, നജീബ് കാന്തപുരം, ഇബ്രാഹീം എളേറ്റില്‍, ഇബ്രാഹീം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹീം തുടങ്ങിയവര്‍ സമീപം

മുസ്‌ലിംലീഗ്-കെ.എം.സി.സി നിര്‍മ്മിച്ച കരിഞ്ചോല ബൈത്തുറഹ്്മ വില്ലേജ് സമര്‍പ്പിച്ചു

കോഴിക്കോട്: നമുക്ക് ലഭിച്ചതെല്ലാം മറ്റുളളവരുമായി പങ്കുവെക്കാന്‍ തയ്യാറാവണമെന്നും നമുക്ക് സര്‍വ്വ ശക്തന്‍ നല്‍കിയതില്‍ ഇല്ലായ്മ അനുഭവിക്കുന്ന അപരനും അവകാശമുണ്ടെന്നും മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനെക്കാള്‍ വലിയൊരു പുണ്യവുമില്ല. മുസ്്‌ലിംലീഗ് ആരംഭകാലം തൊട്ടേ പ്രധാന കര്‍മ്മപദ്ധതിയായി ജീവകാരുണ്യം ഉള്‍പ്പെടെയത്തിയത് അതിന്റെ പശ്ചാലത്തിലാണ്. മുസ്്‌ലിംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും ദുബൈ കെ.എം.സി.സിയും സംയുക്തമായി കട്ടിപ്പാറ കരിഞ്ചോലയിലെ ഉരുള്‍പൊട്ടലില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് നിര്‍മ്മിച്ച ബൈത്തുറഹ്്മ വില്ലേജിന്റെ സമര്‍പ്പണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.
കോഴിക്കോട് ജില്ലയില്‍ നിന്ന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്്‌ലിംലീഗ് ജനപ്രതിനിധികള്‍ക്ക് ചടങ്ങില്‍ ഏര്‍പ്പെടുത്തിയ സ്വീകരണ സമ്മേളനവും തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ മൈത്രിയും സഹവര്‍ത്തിത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും തയ്യാറാവണം. വിവിധ മത വിശ്വാസികള്‍ തമ്മിലുള്ള സ്‌നേഹവും ഐക്യവും ഊട്ടിയുറപ്പിക്കാന്‍ ജാഗ്രത പാലിക്കണം. എല്ലാവരോടും നീതിയോടെ വര്‍ത്തിക്കാനും അവശരെ വിഭാഗീയതയില്ലാതെ സഹായിക്കാനും മുസ്്‌ലിംലീഗ് നേതാക്കളും ജനപ്രതിനിധികളും പ്രതിജ്ഞാബദ്ധമാണെന്നും ഹൈദരലി തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.
മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. അഹമ്മദ്കുട്ടി വി.കെ കരിഞ്ചോല, നഫീസ തേവര്‍മല, റംല കരിഞ്ചോല, ജസ്‌ന കരിഞ്ചോല എന്നിവര്‍ക്കാണ് നാലു സെന്റ് സ്ഥലത്തിന്റെയും ബൈത്തുറഹ്്മ വീടിന്റെയും രേഖകളും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറിയത്. ബൈത്തുറഹ്മ വില്ലേജിലെ കുടിവെള്ള പദ്ധതിയുടെ രേഖ യാമ്പു കെ.എം.സി.സി പ്രസിഡണ്ട് കെ.പി.എ കരീം, മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന് കൈമാറി.
മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ കുട്ടി അഹമ്മദ് കുട്ടി, സെക്രട്ടറി സി.പി ചെറിയമുഹമ്മദ്, മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍, പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഇമ്പിച്ചി മമ്മുഹാജി, കെ.എം.സി.സി നേതാക്കളായ ഇബ്രാഹിം എളേറ്റില്‍, ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, മുസ്്‌ലിംലീഗ് ജില്ലാ ഭാരവാഹികളായ എസ്.പി കുഞ്ഞമ്മദ്, കെ മൊയ്തീന്‍കോയ, വി.പി ഇബ്രാഹിംകുട്ടി, നൊച്ചാട് കുഞ്ഞബ്ദുല്ല, സി.പി.എ അസീസ് മാസ്റ്റര്‍, നാസര്‍ എസ്‌റ്റേറ്റ്മുക്ക്, വി.കെ ഹുസൈന്‍കുട്ടി, റഷീദ് വെങ്ങളം, ഒ.പി നസീര്‍, സമദ് പൂക്കാട്, മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, മുഹമ്മദ് പുറമേരി, അഹമ്മദ് ബിച്ചി, മുഹമ്മദ് മോയിക്കല്‍, തെക്കയില്‍ മുഹമ്മദ്, ഉമ്മര്‍കോയ നടുവണ്ണൂര്‍, ഹാഷിം എലത്തൂര്‍ സംസാരിച്ചു.
മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.സി അബൂബക്കര്‍ നന്ദിയും പറഞ്ഞു. വീട് നിര്‍മ്മാണം സമയ ബന്ധിതമായി ലാഭരഹിതമായി മനോഹരമായും നിര്‍മ്മാണം ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച സ്‌കീല്‍ടെക് അലിയെ തങ്ങള്‍ പൊന്നാട അണിയിച്ചു.