ദുബൈ: കോവിഡ് വാക്സിനെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും നടക്കുന്ന പ്രചാരണങ്ങളില്‍ കരുതിയിരിക്കണമെന്ന് യുഎഇയിലെ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. വാക്സിന് അലര്ജിയുണ്ടാക്കുന്നുവെന്ന പ്രചാരണം ഒട്ടും ശരിയല്ല. യുഎഇയിലെ ഒരു ദശലക്ഷത്തിലധികം ആളുകള്‍ക്ക് വാക്സിനേഷന് നല്‍കിയിട്ടുണ്ട്. ആര്‍ക്കും ഇതുവരെ ഒരു അലര്ജിയുമുണ്ടാക്കിയിട്ടില്ലെന്ന് യുഎഇ ഹെല്‍ത്ത് സെന്ററുകളുടെയും ക്ലിനിക്കുകളുടെയും അസിസ്റ്റ്ന്റ് അണ്ടര്‍സെക്രട്ടറി ഡോ.ഹുസൈന് അബ്ദുല്‍ റഹ്്മാന്‍ അല്റാന്ഡ് പറഞ്ഞു. കോറോണ ബാധിച്ച ആളുകള്‍ക്ക് വാക്സിനേഷന് ആവശ്യമില്ലെന്ന രീതിയിലും പ്രചരിപ്പിക്കുന്നുണ്ട്. ഇതും ശരിയല്ല. അന്റിബോഡി പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും വാക്്സിന് ആവശ്യമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുക. വാക്സിനിലെ എല്ലാ ഘടകങ്ങളും ബോക്സില്‍ എഴുതിയിട്ടുണ്ടെന്നും അവ മെഡിക്കല്‍ കെയര്‍ പ്രൊവൈഡര്‍മാര്‍ അറിയുന്നതാണെന്നും അല്‍ റാന്‍ഡ് ചൂണ്ടിക്കാട്ടി. വാക്സിന് വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ വികസിപ്പിച്ചതുകൊണ്ട് മാത്രം സുരക്ഷിതമല്ലെന്ന് കരുതുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പഠനത്തിനും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും അനുസരിച്ച് വാക്സിന് സുരക്ഷിതമാണ്, സങ്കീര്‍ണതകളൊന്നുമില്ല. വാക്സിനേഷന് വന്ധ്യതയ്ക്ക് കാരണമാകുമെന്നും ജീനുകളെ ബാധിക്കുമെന്ന അഭ്യൂഹങ്ങളും അല്‍ റാന്‍ഡ് നിഷേധിച്ചു.