കോവിഡ് 19: യുഎഇയില്‍ പുതിയ സുരക്ഷാ ചട്ടങ്ങള്‍

ദുബൈ: കോവിഡ് 19മായി ബന്ധപ്പെട്ട മുന്‍കരുതല്‍ നടപടികളും ചട്ടങ്ങളും സംബന്ധിച്ച നടപടികളുടെ ഭാഗമായുള്ള ഏറ്റവും പുതിയ പരിഷ്‌കാരം അധികൃതര്‍ അറിയിച്ചു. ഏറ്റവും ഉയര്‍ന്ന സുരക്ഷാ നടപടിക്രമങ്ങള്‍ ഉറപ്പു വരുത്തിക്കൊണ്ടുള്ളതാണിവ. ഇതനുസരിച്ച്, സാമൂഹിക കൂട്ടായ്മകളില്‍ പങ്കെടുക്കുന്ന പരമാവധി ആളുകളുടെ എണ്ണം കുറച്ചു. മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കും ഫിറ്റ്‌നസ് സെന്ററുകള്‍ക്കുമുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങളും അധികൃതര്‍ പുറപ്പെടുവിച്ചു.

ഏറ്റവും പുതിയ ചട്ടങ്ങള്‍

ഭക്ഷ്യ ശാലകളിലെ പരമാവധി ആളുകള്‍ -റെസ്‌റ്റോറന്റുകളിലെയും കഫേകളിലെയും ടേബിളുകള്‍ തമ്മിലുള്ള അകലം രണ്ടില്‍ നിന്നും മൂന്നു മീറ്ററാക്കി ദുബൈ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. ഒരു ടേബിളിനു ചുറ്റും ഇരിക്കാവുന്ന പരമാവധി ആളുകള്‍ റെസ്‌റ്റോറന്റുകളില്‍ 10ല്‍ നിന്നും 7 ആക്കി കുറച്ചു. കഫേകളില്‍ ഇത് 4 പേരാണ്.

വിവാഹങ്ങളില്‍ പങ്കെുട്ടകാവുന്നവര്‍ -കല്യാണം, സാമൂഹിക സംഗമങ്ങള്‍, സ്വകാര്യ പാര്‍ട്ടികള്‍ എന്നിവയില്‍ 10 പേര്‍ക്കാണ് പരമാവധി പങ്കെടുക്കാനാവുക. ഏറ്റവുമടുത്ത ബന്ധക്കള്‍ക്ക് മാത്രമേ പങ്കെടുക്കാനുമാവുകയുള്ളൂ. വേദി വീടായാലും ഹോട്ടല്‍ ആയാലും ഇതാണ് ബാധകം. ജനുവരി 27ന് ഇത് നിലവില്‍ വരും.

ജിമ്മുകള്‍ക്കുള്ള പുതിയ ചട്ടങ്ങള്‍ -ഫിറ്റ്‌നസ് സെന്ററുകളിലും ജിമ്മുകളിലും സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ക്കും ടെയിനികള്‍ക്കുമിടക്കുള്ള അകലം രണ്ടില്‍ നിന്നും മൂന്നു മീറ്ററാക്കി വര്‍ധിപ്പിച്ച് ദുബൈ എകോണമിയും ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലും നിര്‍ദേശം ഇറക്കി.

അടിയന്തിരമല്ലാത്ത സര്‍ജറികള്‍ നിര്‍ത്തി -ഡിഎച്ച്എ ലൈസന്‍സുള്ള എല്ലാ ആശുപത്രികളും ഡേ സര്‍ജികല്‍ സെന്ററുകളും അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകള്‍ ഫെബ്രുവരി 19 വരെ നിര്‍ത്തി വെച്ചതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ഏറ്റവും ഗുരുതരമായ ആരോഗ്യ വിഷയങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനാണിത്. ദീര്‍ഘമായ മയക്കം, ജനറല്‍ അനസ്‌തേഷ്യ പോലുള്ള സന്ദര്‍ഭങ്ങളില്‍ മെഡിക്കല്‍ സര്‍ജറികള്‍ നടത്താവുന്നതാണ്. അതോടൊപ്പം, ഞരമ്പ്, ഒടിവുകളും ചതവുകളും പൊട്ടലുകളും, ഹൃദ്രോഗ-റേഡിയോളജി-അസ്ഥി സംബന്ധമായ ശസ്ത്രക്രിയകള്‍, വൃക്കയിലെ കല്ല്, മൂത്രാശയ സ്‌റ്റെന്റ് നീക്കല്‍, ജനറല്‍ സര്‍ജറിയിലെ അടിയന്തിര നടപടിക്രമങ്ങള്‍, ഒഫ്താല്‍മോളജി, പീഡിയാട്രിക്‌സ്, ഒബ്‌സ്‌റ്റെട്രിക്‌സ്, ഗൈനകോളജി അടക്കമുള്ള നടപടികള്‍ക്കും അനുമതിയുണ്ട്.

വിനോദ പരിപാടികള്‍ നിര്‍ത്തി -200ലധികം ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 20 സ്ഥാപനങ്ങളെ ദുബൈ ടൂറിസം അധികൃതര്‍ അടുത്തിടെ പൂട്ടിച്ചിരിന്നു. ആരോഗ്യ അധികൃതരുമായി ഇതുസംബന്ധിച്ച് ആശയ വിനിമയം നടത്തി വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.