പ്രതീക്ഷയോടെ രാജ്യം

കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ആദ്യ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ഡോ.ലിന്റു സാം.

കോവിഡ് വാക്‌സിനേഷന് തുടക്കം

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ പദ്ധതിക്ക് ഇന്ത്യയില്‍ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ഔപചാരിക ഉദ്ഘാടനത്തോടെയാണ് രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാക്‌സിനേഷന് തുടക്കം കുറിച്ചത്. ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് പോരാളികളും അടങ്ങുന്ന മൂന്നു കോടിയോളം പേരാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്ന ത്.
മഹാമാരിയെ ചെറുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ജീവന്‍ പൊലിഞ്ഞ ആരോഗ്യ പ്രവര്‍ത്തകരേയും കോവിഡ് പോരാളികളേയും ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. നമ്മെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലിനല്‍കിയ ചിലര്‍ സമ്മാനിച്ച പ്രതീക്ഷയാണ് അതിജീവനത്തിന്റെ കരുത്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ തുടങ്ങിയെങ്കിലും മഹാമാരിക്കെതിരെ സ്വീകരിച്ച മുന്‍കരുതലുകള്‍ തുടര്‍ന്നും നിലനിര്‍ത്തണം. സുരക്ഷാ മാനദണ്ഡങ്ങലും സാമൂഹിക അകലവും മാസ്‌കും തല്‍ക്കാലം ഉപേക്ഷിക്കരുതെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
മഹാരാഷ്ട്രയില്‍ വാക്‌സിന്‍ സ്വീകരിച്ച 14 പേരില്‍ പാര്‍ശ്വഫലങ്ങള്‍ പ്രകടിപ്പിച്ചെങ്കിലും ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായില്ല. വാക്‌സിന്‍ വിതരണത്തിനായി സജ്ജമാക്കിയ കോ – വിന്‍ സോഫ്റ്റ് വെയറിലുണ്ടായ തകരാറിനെതുടര്‍ന്ന് ബംഗാളില്‍ വാക്‌സിന്‍ വിതരണം തടസ്സപ്പെട്ടു.
രാജ്യത്തൊട്ടാകെ 3006 സെന്ററുകളാണ് വാക്‌സിനേഷനു വേണ്ടി സജ്ജീകരിച്ചിരിക്കുന്നത്. ഓരോ സെന്ററിലും 100 പേര്‍ക്ക് വീതമാണ് വാക്‌സിന്‍ നല്‍കുക. 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഷോട്ട് വാക്‌സിനാണ് ഒരാള്‍ക്ക് നല്‍കേണ്ടത്. ആദ്യഘട്ട വാക്‌സിനേഷന്റെ ചെലവ് പൂര്‍ണമായി വഹിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം വാക്‌സിനേഷന്റെ രണ്ടാംഘട്ടത്തില്‍ ചെലവ് ആര് വഹിക്കുമെന്നത് ഉള്‍പ്പെടെയുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.

 

വാക്‌സിനെടുത്ത് കേരളവും

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കെതിരെ വാക്‌സിനെടുത്ത് കേരളവും. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് വാക്‌സിനേഷനായി തയ്യാറാക്കിയിട്ടുള്ളത്. 13,300 പേരാണ് ആദ്യഘട്ടത്തില്‍ വാക്‌സീന്‍ എടുക്കുന്നത്. കേരളത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ റംല ബീവിയാണ് ആദ്യ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. തിരുവനന്തപുരം പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് റംലബീവി വാക്‌സിനെടുത്തത്. വാക്‌സീന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയാണ് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ആദ്യദിനം തന്നെ കുത്തിവെപ്പെടുത്തത്. രണ്ടാം ഘട്ടത്തില്‍ വാക്‌സീന്‍ സ്വീകരിക്കേണ്ടവരുടെ പട്ടിക സംസ്ഥാനം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറും.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ. ടി.എസ് അനീഷ് അടക്കമുള്ള മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആദ്യഘട്ടത്തില്‍ തന്നെ വാക്‌സീനെടുത്തു. ആലപ്പുഴയില്‍ ഡി.എ.ഒ അനിതാകുമാരിയും ആര്‍.സി.എച്ച് ഓഫീസര്‍ ഡോക്ടര്‍ മോഹന്‍ദാസും ഡാ. വേണുഗോപാലും വാക്‌സീന്‍ കുത്തിവെപ്പെടുത്തു.
പത്തനംതിട്ടയില്‍ ആദ്യ വാക്‌സിന്‍ ഡി.എം.ഒ എ.എല്‍ ഷീജ സ്വീകരിച്ചു. എറണാകുളം ജനറല്‍ ആസ്പത്രിയില്‍ വാക്‌സിന്‍ സ്വീകരിച്ചത് ജില്ലയിലെ മുതിര്‍ന്ന അഞ്ച് ഡോക്ടര്‍മാരാണ്. കണ്ണൂരില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീഷന്‍ ബാലസുബ്രഹ്മണന്‍ ആദ്യ ഡോസ് സ്വീകരിച്ചു. തൃശ്ശൂരില്‍ ഡി.എ.ഒ ഡോ. കെ.ജെ റീനയാണ് ആദ്യ വാക്‌സീന്‍ സ്വീകരിച്ചത്. പാലക്കാട് ഡി.എം.എ ഡോ.പി.കെ റീത്ത വാക്‌സീന്‍ സ്വീകരിച്ചു. ഡോക്ടര്‍ക്ക് നേരത്തെ കോവിഡ് വന്നുഭേദമായതാണ്. മലപ്പുറം ജില്ലയില്‍ ഐ.എം.എയുടെ മുന്‍ ദേശീയ ഉപാധ്യക്ഷന്‍ ഡോ വി.യു.സീതി ആദ്യ വാക്‌സിന്‍ സ്വീകരിച്ചു.
കുത്തിവയ്പ് എടുത്ത്, നിരീക്ഷണവും കഴിഞ്ഞു ഇറങ്ങാന്‍ പരമാവധി 45 മിനുട്ടാണ് എടുത്തത്. 133 കേന്ദ്രങ്ങളില്‍ ആയി 100 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ വരും ദിവസങ്ങളിലും കുത്തിവെപ്പ്് എടുക്കും. വാക്‌സിന്റെ ലഭ്യത കൂടുമ്പോള്‍ ഓരോ ജില്ലകളിലും 100ല്‍ അധികം കേന്ദ്രങ്ങളില്‍ വാക്‌സിനേഷന് സൗകര്യമൊരുക്കും. തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ സ്വകാര്യ ആസ്പത്രികളില്‍ ഒന്നിടവിട്ട ദിവസങ്ങളിലും സര്‍ക്കാര്‍ മേഖലയില്‍ എല്ലാ ദിവസവും രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കുത്തിവെപ്പ് നല്‍കും. വാക്‌സീന്‍ എടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കു രണ്ടാം ഡോസ് ഉറപ്പാക്കിയാണ് വാക്‌സിന്‍ ഉപയോഗം ക്രമീകരിച്ചിട്ടുള്ളത്. വെയിസ്റ്റേജ് പരമാവധി കുറക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അലര്‍ജി, പനി അടക്കം ചില ചെറിയ പ്രശ്‌നങ്ങള്‍ ചിലര്‍ക്ക് എങ്കിലും ഉണ്ടാകാം. എന്നാല്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് ഇതുവരെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടില്ല. ചെറിയ പ്രശ്‌നങ്ങള്‍ ഉള്ളവരെയും കൃത്യമായി നിരീക്ഷിക്കാന്‍ കേരളത്തില്‍ സംവിധാനം ഒരിക്കിയിട്ടുണ്ട്. ആദ്യ ഡോസിന് ശേഷം 28 ദിവസം കഴിഞ്ഞാണ് രണ്ടാം ഡോസ് നല്‍കുക. കൈയ്യിലെ മസിലിലാണ് കൊവിഷീല്‍ഡ് കുത്തിവെച്ചത്.

കോവാക്‌സിന്‍ വേണ്ട, കോവിഷീല്‍ഡ് മതിയെന്ന് ലോഹ്യയിലെ ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: കോവിഡ് 19നെതിരായ വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഷീല്‍ഡ് മാത്രം മതിയെന്ന് റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലെ റിസിഡണ്ട് ഡോക്ടര്‍മാരുടെ സംഘടന. മതിയായ സുരക്ഷാ പരിശോധനകളില്ലാതെ പുറത്തിറക്കിയ കോവാക്‌സിന്‍ തങ്ങളില്‍ പരീക്ഷിക്കരുതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വാക്‌സിനേഷന് ഇന്നലെ തുടക്കം കുറിക്കാനിരിക്കെയാണ് ഡോക്ടര്‍മാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതാണ് കോവാക്‌സിന്‍. ഒന്നും രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഉദ്ദേശിക്കുന്ന ഫലപ്രാപ്തി ലഭിക്കുന്നുണ്ടെന്നും പാര്‍ശ്വ ഫലങ്ങളുണ്ടാക്കുന്നില്ലെന്നും ഉറപ്പു വരുത്തി മാത്രമേ മരുന്ന് വിതരണത്തിന് എത്തിക്കാവൂ എന്നാണ് ചട്ടം. എന്നാല്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ പരിശോധനാ ഫലം പൂര്‍ണമായി പുറത്തുവിടും മുമ്പെ അടിയന്തര ആവശ്യത്തിനെന്ന പേരിലാണ് കോവാക്‌സിന്‍ ഉപയോഗിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റിയും അനുമതി നല്‍കിയത്. ഇതാണ് ഒരു വിഭാഗം ഡോക്ടര്‍മാര്‍ കോവാക്‌സിനെതിരെ രംഗത്തെത്താന്‍ കാരണം.