ചരിത്ര ദൗത്യം

ഡല്‍ഹി രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ച കോവിഡ് വാക്‌സിന്‍ സ്‌റ്റോറേജിലേക്ക് മാറ്റുന്നു

കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു

  •  കോവിഷീല്‍ഡ് 200 രൂപക്ക് നല്‍കുക 10 കോടി ഡോസുകള്‍

പുനെ: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് വിതരണം ആരംഭിച്ചത്. ശീതീകരിച്ച മൂന്നു ട്രക്കുകളിലായാണ് ആദ്യ ലോഡ് പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പുറപ്പെട്ടത്. പൂനെ വിമാനത്താവളത്തില്‍ നിന്നും പ്രത്യേക ചരക്ക് വിമാനങ്ങളിലായി രാജ്യത്തെ 13 ഇടത്തേക്കാണ് വാക്‌സിന്‍ ആദ്യം എത്തിച്ചത്.
ഡല്‍ഹി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, വിജയവാഡ, ലക്‌നൗ എന്നിവിടങ്ങളിലാണ് ആദ്യം വാക്‌സിന്‍ എത്തിച്ചത്. ഈ മാസം 16 മുതലാണ് കുത്തിവെപ്പ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ മൂന്നു കോടി കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.
അതേ സമയം ഒക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി-ആസ്ട്ര സെനക വികസിപ്പിച്ചെടുത്ത് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഷീല്‍ഡിന്റെ ആദ്യത്തെ 10 കോടി ഡോസുകള്‍ 200 രൂപ നിരക്കില്‍ ഇന്ത്യയില്‍ നല്‍കുമെന്ന് ഉല്‍പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ആദാര്‍ പൂനവാല അറിയിച്ചു. സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് പ്രത്യേക തുകക്ക് വാക്സിന്‍ നല്‍കുന്നതെന്നും മറ്റുള്ളവര്‍ക്ക് 1000 രൂപക്കായിരിക്കും വാക്സിന്‍ വില്‍പന നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യത്തെ 10 കോടി ഡോസുകളാണ് ഇന്ത്യയില്‍ 200 രൂപക്ക് നല്‍കുക. സാധാരണക്കാരെയും ദരിദ്രരെയും ആരോഗ്യപ്രവര്‍ത്തകരെയും സഹായിക്കുന്നതിന് സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇത്. അതിനു ശേഷം ഡോസിന് 1,000 രൂപ പ്രകാരം വിപണിയില്‍ വാക്സിന്‍ ലഭ്യമാക്കും, പൂനവാല പറഞ്ഞു.
വാക്സിന്‍ യാഥാര്‍ഥ്യമാക്കുന്നതിന് കഴിഞ്ഞ ഏതാനും മാസങ്ങളായി തങ്ങളുടെ സംഘം കഠിനമായി പ്രയത്നിക്കുകയായിരുന്നു. നിരവധി രാജ്യങ്ങള്‍ വാക്സിനു വേണ്ടി സമീപിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളടക്കം വിവിധ രാജ്യങ്ങളിലേയ്ക്ക് വാക്സിന്‍ നല്‍കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്നും പൂനവാല പറഞ്ഞു. അതേ സമയം അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച ഭാരത് ബയോടെകിന്റെ കൊവാക്‌സിന്‍ ഡോസിന് 206 രൂപക്ക് ലഭ്യമാവുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 1.1 കോടി ഡോസുകളും ഭാരത് ബയോടെക്കില്‍ നിന്നും 55 ലക്ഷം ഡോസുകളുമാണ് ആദ്യഘട്ടത്തില്‍ സംഭരിക്കും. 38.5 ലക്ഷം ഡോസുകളാണ് ഭാരത് ബയോടെക്കില്‍ നിന്നും പണം നല്‍കി വാങ്ങുക. 16.5 ലക്ഷം ഡോസ് വാക്‌സിനുകള്‍ കമ്പനി സൗജന്യമായി സര്‍ക്കാറിന് നല്‍കുമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തിനു ശേഷമായിരിക്കും രണ്ടാമത്തെ ഡോസ് നല്‍കുക. രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷം കോവിഡില്‍ നിന്നും സംരക്ഷണം നല്‍കുമെന്നാണ് പ്രതീക്ഷ. രണ്ടു വാക്‌സിനുകളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാവില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.