ദുബൈ കെഎംസിസി വിമന്‍സ് വിംഗ് ക്രാഫ്റ്റ് പരിശീലന ഓണ്‍ലൈന്‍ ക്യാമ്പ് ശ്രദ്ധേയമായി

ദുബൈ: ദുബൈ കെഎംസിസി വിമന്‍സ് വിംഗിന്റെ ത്രിദിന സൗജന്യ ക്രാഫ്റ്റ് പരിശീലന ഓണ്‍ലൈന്‍ ക്യാമ്പ് വിജയകരമായി പര്യവസാനിച്ചു. സാറ ക്രിയേഷന്‍സ് വേള്‍ഡ് മലയാളീ ക്രാഫ്റ്റ് ഗ്രൂപ്പുമായി സഹകരിച്ചാണ് തുടര്‍ച്ചയായ മൂന്ന് ദിവസം ഓണ്‍ലൈന്‍ ക്രാഫ്റ്റ് പരിശീലന ക്‌ളാസ് സംഘടിപ്പിച്ചത്. നാട്ടിലും വിദേശത്തുമായി ആയിരത്തോളം ക്രാഫ്റ്റ് പരിശീലന ക്‌ളാസുകള്‍ നടത്തി ശ്രദ്ധേയയായ റഷീദ ശരീഫാണ് ക്‌ളാസ്സിന് നേതൃത്വം നല്‍കിയത്. ആദ്യ ദിവസം കുട്ടികള്‍ക്ക് വേണ്ടി ബോള്‍ ഡെകറേഷന്‍, ഫ്‌ളവര്‍ മേക്കിംഗ് തുടങ്ങിയ പരിശീലനമാണ് കൊടുത്തിരുന്നത്. കുട്ടികളുടെ ഭാഗത്ത് നിന്ന് വളരെ നല്ല പ്രതികരണമായിരുന്നു ലഭിച്ചു കൊണ്ടിരുന്നത്. സ്ത്രീകള്‍ക്ക് ഹാന്‍ഡ് എംബ്രോയ്ഡറി, ഫ്‌ളവര്‍ മേക്കിംഗ് തുടങ്ങിയ ഇനങ്ങളില്‍ രണ്ടു ദിവസത്തെ ശില്‍പശാലയായിരുന്നു നടന്നത്. പതിവു പോലെ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉപകാരപ്രദമാകുന്ന സെഷനായിരുന്നു വിമന്‍സ് വിംഗ് നടത്തിയത്.
സ്ത്രീകളിലും കുട്ടികളിലും പ്രവാസ ജീവിതത്തില്‍ ലഭിക്കുന്ന ഒഴിവു സമയങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും അവരില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ പുറത്തു കൊണ്ട് വരാനുമാണ് ഈ സൗജന്യ പരിശീലന ക്യാമ്പ് കൊണ്ട് ഉദ്ദേശിച്ചതെന്ന് ആക്ടിംഗ് പ്രസിഡന്റ് ആയിഷ മുഹമ്മദ് സൂചിപ്പിച്ചു. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ക്‌ളാസ്സിന്റെ സമാപന ചടങ്ങില്‍ ആയിഷ മുഹമ്മദിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങില്‍ ആക്ടിംഗ് സെക്രട്ടറി അഡ്വ. നാസിയ ഷബീര്‍ സ്വാഗതവും ട്രഷറര്‍ നജ്മ സാജിദ് ആശംസയും നേര്‍ന്നു. കോഓര്‍ഡിനേറ്റര്‍ സറീന ഇസ്മായില്‍ നന്ദി പറഞ്ഞു. ക്രാഫ്റ്റ് ട്രെയ്‌നിംഗ് പ്രോഗ്രാം കമ്മിറ്റി കോഓര്‍ഡിനേറ്റേഴ്‌സ് യാസ്മിന്‍ അഹ്മദും ലൈലാ കബീറും പരിപാടിയുടെ ഏകോപനം നിര്‍വഹിച്ചു. കമ്മിറ്റി ഭാരവാഹികളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് മൂന്ന് ദിവസത്തെ ക്യാമ്പ് വളരെ വിജയകരമായി പര്യവസാനിച്ചതെന്ന് സംഘടകര്‍ അറിയിച്ചു.